News - 2025
ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ തലവന്‍ ജിയാക്കോമോ ഡല്ലാ ടോറെ അന്തരിച്ചു
സ്വന്തം ലേഖകന്‍ 30-04-2020 - Thursday
റോം: കത്തോലിക്ക അല്‍മായ സംഘടനയായ 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട' യുടെ എണ്‍പതാമത് തലവനും ഗ്രാന്‍ഡ് മാസ്റ്ററും, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തനുമായ ജിയാക്കോമോ ഡല്ലാ ടോറെ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരിന്നു. ഇന്നലെ അര്‍ദ്ധരാത്രി റോമില്‍ വെച്ചായിരുന്നു അന്ത്യം. ഡല്ലാ ടോറെയുടെ നിര്യാണവാര്‍ത്ത സഭ തന്നെയാണ് ഔഃദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
1944 ഡിസംബര്‍ 9-ന് റോമില്‍ ജനിച്ച ഡല്ലാ ടോറെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ’യുടെ ഇന്റെറിം ഗ്രാന്‍ഡ് മാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരിക്കേ 2018 മെയ് മാസത്തിലാണ് ഗ്രാന്‍ഡ് മാസ്റ്ററായത്. റോമിലെ സാപിയന്‍സാ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഡല്ലാ ടോറെ, ക്രിസ്റ്റ്യന്‍ പുരാവസ്തുഗവേഷണത്തിലും, ആര്‍ട്ട് ഹിസ്റ്ററിയിലും വൈദഗ്ദ്യം നേടിയിട്ടുണ്ട്. പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ ക്ലാസ്സിക്കല്‍ ഗ്രീക്ക് പഠിപ്പിച്ചിരുന്ന അദ്ദേഹം സര്‍വ്വകലാശാലയുടെ ലൈബ്രേറിയനുമായി സേവനം ചെയ്തിട്ടുണ്ട്. മധ്യകാല കലാ ചരിത്രത്തെക്കുറിച്ച് നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
1985-ലാണ് ‘നൈറ്റ് ഓഫ് ഓണര്‍’ ആയി ഡല്ലാ ടോറെ സഭയില്‍ ചേരുന്നത്. 1993-ല്‍ വാഗ്ദാനമെടുത്തു. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ സഭയുടെ നിരവധി വിദേശ തദ്ദേശ തീര്‍ത്ഥാടനങ്ങളില്‍ ഡല്ലാ ടോറെ പങ്കെടുത്തിട്ടുണ്ട്. ഗ്രാന്‍ഡ് മാസ്റ്ററെന്ന നിലയില്‍ നിരവധി രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. 2017 ജൂണ്‍ 23ന് വത്തിക്കാനില്‍ വെച്ച് ഡല്ലാ ടോറെ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. പുതിയ ഗ്രാന്‍ഡ് മാസ്റ്ററെ തിരഞ്ഞെടുക്കുന്നത് വരെ റുയ് ഗോണ്‍കാലോ ഡോ വല്ലെ പെയിക്സോട്ടോ ഡെ വില്ലാസ് ബോസായിരിക്കും തലവന്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക