News - 2025
അമേരിക്കയിലെ ആദ്യകുടിയേറ്റ ഭൂമിയിൽ അടക്കംചെയ്ത തിരുശേഷിപ്പ് വെളിപ്പെടുത്തുന്ന വിശ്വാസ സത്യങ്ങൾ.
സ്വന്തം ലേഖകൻ 01-08-2015 - Saturday
ഇന്ന് ഒരു പൗരാണികകേന്ദ്രമായി അറിയപ്പെടുന്ന വിർജീനയിലെ ജെയിംസ്ടൗൺ, അമേരിക്കയെന്ന പുതിയ ഭൂപ്രദേശത്തേക്കുള്ള ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ ആദ്യ അധിവാസകേന്ദ്രവുമായിരുന്നു. ആദ്യമായി 1607 ലാണ് അക്കാലത്ത് ജയിംസ് ടൗണെന്നും ജയിംസ് ഫോർട്ടെന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തേക്ക് കോളനിവാഴ്ചക്കാർ എത്തിയത്.
പ്രകൃതിയും മനുഷ്യനുമായി ഒട്ടനവധി വെല്ലുവിളികളാണ് അന്നിവിടെ കുടിയേറ്റക്കാരെ കാത്തിരുന്നത്. പ്രാദേശികരായ അമേരിക്കക്കാരുമായി പോരാടേണ്ടിവന്നു എന്നതിനുപുറമേ, രോഗങ്ങളുടെ കടന്നാക്രമണവും ആവശ്യത്തിന് ഭക്ഷണമില്ലാത്തതുമെല്ലാം കുടിയേറ്റക്കാരായ കോളനിക്കാരെ നന്നായി വലച്ചിരുന്നു. ശത്രുക്കളേക്കാൾ മലേറിയ എന്ന രോഗമായിരുന്നു വെള്ളക്കാരുടെ പ്രധാന കൊലയാളികളായി മാറിയത്.
പുരാതനകാലത്തെ പൊക്കഹോന്റാസ് രാജകുമാരി ജോൺ റോൾഫിനെ പ്രണയിച്ച് വിവാഹം കഴിച്ചസ്ഥലം എന്നനിലയിൽക്കൂടി ഇന്നിവിടം പ്രശസ്തമാണ്. രാജകുമാരിയെക്കുറിച്ചുള്ള സിനിമ പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ഈ പ്രണയകഥ ഈനാട്ടിൽ ഏറെ പ്രശസ്തവുമായിരുന്നു. 22 ാം വയസ്സിൽ മാരകമായ യൂറോപ്യൻ രോഗം പിടിപെട്ട് മൃതിയടഞ്ഞ പൊക്കഹോന്റാസ് രാജകുമാരിയെ ഗ്രേവ്സെൻഡിലാണ് സംസ്കരിച്ചത്.
ജെയിംസ്ടൗണിൽ നടത്തിയ സമീപകാല പുരാവസ്തു ഗവേഷണങ്ങളിൽ നാലുശവകൂടീരങ്ങൾ കണ്ടെത്തിയിരുന്നു. പുതിയ ഭൂമിയിലെ ആംഗ്ളിക്കൻ ആരാധനാലയമെന്ന് കരുതാവുന്ന പള്ളിയുടെ ബലിപീഠത്തിനടിയിലായിരുന്നു ഈ കല്ലറകൾ. ഈ പൗരാണിക കണ്ടുപിടുത്തങ്ങളെക്കുറിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ ദീർഘനാൾ ലേഖനങ്ങളും വന്നിരുന്നു. ഇവിടെയുണ്ടായിരുന്ന ശവപ്പെട്ടികളിൽ ഒന്നിൽനിന്ന് ഭൗതികാവശിഷ്ടത്തോടൊപ്പം സൂക്ഷിച്ച ഒരുചെറിയ ലോഹപ്പെട്ടിയും കണ്ടെടുക്കപ്പെട്ടു. 1969 ൽ 34 ാം വയസ്സിൽ മരണമടഞ്ഞ ക്യാപ്റ്റൻ ഗബ്രിയേൽ ആർച്ചെറിന്റേതായിരുന്നു ആ ഭൗതികാവശിഷ്ടമെന്നും ചരിത്രരേഖകളിൽ കാണാം.
വലിയൊരു ദുരൂഹതകൂടി ഈ കണ്ടുപിടുത്തം നമുക്ക് സമ്മാനിക്കുന്നു. എല്ലാവരും കരുതുന്നതുപോലെ ആദ്യകാല കുടിയേറ്റക്കാർ പ്രൊട്ടെസ്റ്റന്റ്സ് ആയിരുന്നില്ല പകരം ആംഗ്ളിക്കൻസ് ആയിരുന്നിരിക്കണം എന്നതാണ് ദുരൂഹമായ ആ രഹസ്യം. ഒരുപക്ഷേ, ആദ്യകാലത്തെത്തിയ ചില ആംഗ്ളിക്കൻസ് തന്നെ കുഴിച്ചിട്ടതായിരിക്കണം ഈ അവശിഷ്ടങ്ങൾ എന്നതാണ് വാഷിങ്ങ്ടൺ പോസ്റ്റ് സമർഥിക്കുവാൻ ശ്രമിച്ച മറ്റൊരുകാര്യം. എന്നാൽ എലിസത്തിയൻ അല്ലെങ്കിൽ ജാക്കോബിയൻ സഭയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾവച്ച് നോക്കിയാൽ ഇത് തീർത്തും അവാസ്തവവും സംഭവിക്കുവാൻ സാധ്യതയില്ലാത്തതുമാണ്.
അതുപോലെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന ഈ ചെറിയ പെട്ടിയെക്കുറിച്ചുള്ള നിരീക്ഷണവും രസകരമാണ്. അത് ബ്രിട്ടിഷ് വെള്ളികൊണ്ട് നിർമ്മിച്ചതായിരുന്നില്ല. അതിനാൽ യൂറോപ്യൻ ഭൂഖണ്ഡത്തിലെ മറ്റേതെങ്കിലും സ്ഥലത്തുള്ള ജനസമൂഹം സൂക്ഷിച്ചിരുന്ന ഒരു പൈതൃകസമ്പത്താണെന്നും കരുതാനാകും. പ്രത്യേകിച്ച് വിഗ്രഹാരാധനയില്ലാതിരുന്ന ഏതെങ്കിലും ജനസമൂഹത്തിന്റേതുമായേക്കാം.
കാപ്റ്റൻ ഗബ്രിയേൽ ആർച്ചറിന്റെ കാലത്ത് ഈ പൗരാണികവസ്തു ഒരു തിരുശേഷിപ്പോ അല്ലെങ്കിൽ മതപരമായ പ്രത്യേകതയുള്ളതോ ആയിക്കരുതാതെ, ഒരുഭാഗ്യപേടകമായിട്ടാകാം കൂടുതലും സൂക്ഷിക്കപ്പെട്ടിരുന്നതും. അതുകൊണ്ടുതന്നെ ആർച്ചറിനെ കബറടക്കിയപ്പോൾ ഈ ഭാഗ്യപേടകവും കൂടെ സംസ്കരിച്ചതാകാം. സാധാരണഗതിയിൽ തിരുശേഷിപ്പുകൾ കല്ലറകളിൽനിന്ന് പുറത്തെടുക്കുകയാണ് പതിവ്. അല്ലാതെ ശവക്കല്ലറകളിൽ തിരുശേഷിപ്പുകൾ സൂക്ഷിക്കാറില്ല. അതിനാൽ ആർച്ചറുടെ ശവപ്പെട്ടിയിൽ ഈ ചെറുപെട്ടി വച്ചവർ അതിലൊരുതിരുശേഷിപ്പ് ആണെന്നകാര്യവും അതിന്റെ യഥാർത്ഥ പ്രാധാന്യവും അറിഞ്ഞിരുന്നില്ലെന്നുംവേണം കരുതാൻ.
എന്താണ് അതിനുള്ളിലെ യഥാർത്ഥ പ്രാധാന്യമെന്നും പരിശോധിക്കാം. എന്നെ സംബന്ധിച്ച് അത് വളരെ വ്യക്തമാണെന്ന് കാത്തലിക് ഹെറാൾഡിൽ ഈ ലേഖനമെഴുതിയ ഫാ. അലക്സാണ്ടർ ലൂസി സ്മിത് പറയുന്നു. ആ ചെറുപെട്ടിയിലുണ്ടായിരുന്ന ‘എം’ അടയാളം തന്നെയാണ് കാരണം. കത്തോലിക്കരെ സംബന്ധിച്ചും ‘എം’ എന്ന അക്ഷരമാലയക്ക് ഒറ്റവ്യഖ്യാനമേ കാണൂ. പരിശുദ്ധ കന്യകാമറിയം.
എന്നിരുന്നാലും അവിടെയുമൊരു പ്രശ്നമുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുവസ്ത്രങ്ങൾ മാത്രമാണ് ഇതുവരെ തിരുശേഷിപ്പുകളായി കണക്കാക്കിയിട്ടുള്ളത്. അസ്ഥിയുടെ ഭാഗമോ മറ്റേതെങ്കിലും ശരീരഭാഗമോ തിരുശേഷിപ്പായി ലഭിച്ചിട്ടുമില്ല. ഉടലോടെ സ്വർഗ്ഗാരോഹണംചെയ്തു എന്ന നിഗമനത്തിന്റെ അടിസ്ഥാനവുമതാണ്. അങ്ങനെയെങ്കിൽ പിന്നെയെന്താണ് ഈ ചെറുപേടകത്തിൽ ഉണ്ടായിരുന്നതെന്ന ചോദ്യമുയരും.
ഈ ചെറിയലോഹപ്പെട്ടി പരിശോധിച്ചപ്പോൾ അതിനുള്ളിൽനിന്നും ഒരു ചെറുകുപ്പി ലഭിച്ചിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ കണ്ണുനീർത്തുള്ളികൾ ആയിരിക്കണം ആ ചെറുകുപ്പിയിൽ സൂക്ഷിച്ചിരുന്നതെന്ന് വിശ്വസിക്കേണ്ടിവരും. അതിനുശേഷം അതിനുള്ളിൽ മറ്റേതെങ്കിലും വിശുദ്ധന്റെ കൂടി അസ്ഥികൾ ഇട്ടിരിക്കാം.
ഈ അനുമാനങ്ങൾ സത്യമാണെങ്കിൽ അമേരിക്കയെന്ന രാജ്യം ഇന്നത്തെ വൻശക്തിയായി ഉയർന്നുവന്നതിനുള്ള ആദ്യ അടിത്തറയിട്ട കുടിയേറ്റസ്ഥലത്ത് ആരോ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുശേഷിപ്പ് കുഴിച്ചിട്ടിരുന്നുവെന്ന വളരെയേറെ അതിശയകരമായ വസ്തുതയാണ് വെളിപ്പെടുക. പ്രൊട്ടസ്റ്റന്റുകാരല്ല മറിച്ച് കത്തോലിക്കരാണ് അമേരിക്കയിലെ ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറപാകിയതെന്നും ഇതുമൂലം സ്ഥാപിക്കുവാൻ കഴിയും. അങ്ങനെയെങ്കിൽ വിർജീനിയ എന്ന സ്ഥലത്തിന് ആ നാമധേയം നൽകിയത് പുരാണകഥപോലെ എലിസബത്ത് എന്ന കന്യകയായ രാജ്ഞിയല്ല മറിച്ച് നമ്മുടെ മാതാവായ പരിശുദ്ധ കന്യകാമറിയമാണെന്നും കരുതണം.
