News
ജീവന്‍ നല്‍കിയും പത്രോസിന്റെ പിന്‍ഗാമിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ പുതിയ സ്വിസ് ഗാര്‍ഡുകള്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 10-05-2016 - Tuesday
വത്തിക്കാന്‍: "ആത്മാര്‍ത്ഥമായി, വിശ്വസ്തതയോടെ, ബഹുമാനത്തോടെ ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യം ഞങ്ങള്‍ നിര്‍വഹിക്കും. ജീവന്‍ നല്‍കിയിട്ടാണെങ്കിലും പരിശുദ്ധ പാപ്പയേ ഞങ്ങള്‍ സംരക്ഷിക്കും".പുതിയതായി സ്വിസ് ഗാര്‍ഡിലേക്കു ചേര്‍ന്ന 23 അംഗങ്ങള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ എടുത്ത പ്രതിജ്ഞയാണിത്. മാര്‍പാപ്പായുടെ അംഗരംക്ഷകരാണു സ്വിസ് ഗാര്‍ഡുകള്‍. വലതുകൈ ഉയര്‍ത്തി മൂന്നു വിരലുകള്‍ ചേര്‍ത്തു പിടിച്ചാണു ഗാര്‍ഡുകള്‍ പ്രതിജ്ഞ ചെയ്തത്. ത്രിത്വത്തെ സൂചിപ്പിക്കുന്നതിനാണു മൂന്നു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്.
വത്തിക്കാനിലെ സാന്‍ ഡമാസ്‌കോ മൈതാനത്തിലാണു പൗഡഗംഭീരമായ ചടങ്ങുകള്‍ നടന്നത്. 1527-ല്‍ റോം കൊള്ളയടിക്കുവാന്‍ എത്തിയവരില്‍ നിന്നും അന്നത്തെ മാര്‍പാപ്പ ക്ലമന്റ് എഴാമന്റെ ജീവന്‍ രക്ഷിക്കുവാനായി 147 സ്വിസ് ഗാര്‍ഡുകളാണു തങ്ങളുടെ ജീവന്‍ ബലികഴിച്ചത്. 1527-ല്‍ ജീവന്‍ നല്‍കി മാര്‍പാപ്പയെ സംരക്ഷിച്ചു നിര്‍ത്തിയ 147 സ്വിസ് ഗാര്‍ഡുകളുടെ അനുസ്മരണ സമ്മേളനം കൂടിയാണു സത്യപ്രതിജ്ഞയ്‌ക്കൊപ്പം നടന്നത്. സ്വിസ് ഗാര്‍ഡുകളുടെ ചാപ്ലിന്‍ കൂടിയായ ഫാദര്‍ തോമസ് വിഡ്മര്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു നേതൃത്വം നല്‍കി.
മാര്‍പാപ്പയേയും അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ കര്‍ദിനാള്‍ തിരുസംഘത്തേയും സംരക്ഷിക്കേണ്ട ചുമതലയാണു സ്വിസ് ഗാര്‍ഡുകള്‍ക്കുള്ളത്. ദൈവവിശ്വാസവും ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ തങ്ങളുടെ ജീവന്‍ ബലിയായി നല്‍കി പത്രേസിന്റെ പിന്‍ഗാമിയെ സംരക്ഷിക്കുവാന്‍ കഴിയു എന്നു തന്റെ പ്രസംഗത്തിനിടെ ഫാദര്‍ തോമസ് വിഡ്മര്‍ പറഞ്ഞു.
"ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിലും ജീവന്റെ സമൃദ്ധമായ അനുഭവത്തില്‍ ദൈവം നല്‍കുന്ന കൃപകളിലും ആശ്രയിച്ചുകൊണ്ടും എന്റെ പ്രിയ ഭടന്‍മാരെ ഞാന്‍ നിങ്ങളെ ഈ സേവനത്തിലേക്കു ക്ഷണിക്കുന്നു". ഈ വാചകങ്ങളോടെയാണു പുതിയതായി ചുമതലയേറ്റവരെ ഗ്വിസ് ഗാര്‍ഡ് സേനയിലേക്കു ഫാദര്‍ തോമസ് വിഡ്മര്‍ ക്ഷണിച്ചത്. നിരവധി കാണികളും സ്വിസ് ഗാര്‍ഡുകളുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
