News - 2025
ചൈനയിലെ വിശ്വാസികള്‍ക്കു പുതിയ പ്രതീക്ഷ: തായ്‌വാനിൽ പുതിയ അപ്പസ്തോലിക സ്ഥാനാധിപതിയെ നിയമിച്ചേക്കും
സ്വന്തം ലേഖകന്‍ 12-05-2016 - Thursday
വത്തിക്കാന്‍: ചൈനയിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കു പ്രതീക്ഷയും സന്തോഷവും നല്‍കുന്ന തരത്തില്‍ തായ്‌വാനിൽ പുതിയ അപ്പസ്‌തോലിക സ്ഥാനപതിയെ വത്തിക്കാന്‍ നിയമിക്കുമെന്നു സൂചന. ഇത്തരത്തിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വത്തിക്കാനിന്റെ ഭാഗത്തു നിന്നും നടന്നുവരികയാണ്. ചൈനയും തായ്‌വാനുമായുള്ള ബന്ധം വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. ഇതുവരെ ചൈന, തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. തങ്ങളുടെ തന്നെ ഒരു പ്രവിശ്യയെന്ന നിലയിലാണ് ചൈന, തായ്‌വാനെ കാണുന്നത്. എന്നാല്‍ സമീപകാലത്ത് ഇത്തരം നിലപാടുകള്‍ക്കു മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
നിലവില്‍ തായ്‌വാന്റെ ചുമതലകളും ചൈനയിലെ വിശ്വാസികളുടെ കാര്യങ്ങളും നോക്കുന്നത് മോണ്‍സിഞ്ചോര്‍ പോള്‍ ഫിറ്റ്‌സ്പാട്രിക്ക് റുസലാണ്. അദ്ദേഹത്തെ തുര്‍ക്കിയുടെയും തുര്‍ക്ക്‌മെനിസ്ഥാന്റെയും സ്ഥാനാധിപതിയായി വത്തിക്കാന്‍ നിയമിച്ചു. ഈ സാഹചര്യത്തില്‍ തായ്‌വാനിൽ ഒഴിവു വന്നിരിക്കുന്ന സ്ഥാനം വത്തിക്കാന്‍ ഉടന്‍ തന്നെ നയതന്ത്ര അധികാരമുള്ള സ്ഥാനാധിപതിയെ നിയമിച്ചു ശക്തമാക്കുമെന്നാണു കരുതുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയുമായി കൂടുതല്‍ സഹകരണത്തിനു ശ്രമിക്കുന്ന നടപടികള്‍ക്ക് എപ്പോഴും ഒരുക്കമാണ്. ദക്ഷിണകൊറിയയും ഫിലിപ്പിയന്‍സും സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ തീരുമാനിച്ചപ്പോള്‍ ചൈന തങ്ങളുടെ ആകാശം മാര്‍പാപ്പയ്ക്കായി തുറന്നു നല്‍കിയിരുന്നു. ചരിത്രത്തില്‍ ആദ്യമാണ് ഒരു മാര്‍പാപ്പയെ തങ്ങളുടെ വ്യോമയാന പരിധിയിലൂടെ പറക്കുവാന്‍ ചൈന അനുവദിക്കുന്നത്. ബെയ്ജിംഗ് സന്ദര്‍ശിക്കുവാന്‍ താന്‍ എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. ക്രിസ്തീയ സഭയുടെ വളര്‍ച്ചയ്ക്കു പ്രയോജനകരമായ തരത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വിശ്വാസികള്‍.
