News

ജീവന്റെ മൂല്യം നിഷേധിക്കുന്ന ബെല്‍ജിയത്തിലെ സന്യാസ സഖ്യത്തിന് വത്തിക്കാന്റെ വിലക്ക്

പ്രവാചക ശബ്ദം 03-07-2020 - Friday

വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്ക് ദയാവധം അനുവദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ബെല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയ്ക്കു വത്തിക്കാന്‍ വിലക്കു കല്പിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ജൂലൈ ഒന്നിന് വത്തിക്കാന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലെഡാരിയ ഫെററാണ് പുറപ്പെടുവിച്ചത്. സന്ന്യാസ സമൂഹം മനോരോഗികള്‍ക്കായുള്ള അവരുടെ ആശുപത്രിയില്‍ കാരുണ്യവധം നടപ്പിലാക്കുന്നതിന്‍റെ വെളിച്ചത്തിലാണ് പ്രഥമ ഘട്ട നടപടിയില്‍ തന്നെ സന്യാസ സഖ്യത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്നും, അത് ഏത് അവസ്ഥയിലും അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന കത്തോലിക്ക സഭയുടെ കാലാതീതമായ പ്രബോധനത്തെ ലംഘിച്ചുകൊണ്ട് മനോരോഗികളെ തങ്ങളുടെ ആശുപത്രിയില്‍ വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തുന്ന കേസുകള്‍ സഭ സൂക്ഷ്മമായി പഠിച്ചുവെന്നും ഉത്തരവാദിത്ത്വപ്പെട്ടവരെ രേഖാമൂലം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പ്രതികരണങ്ങള്‍ ഇല്ലാത്തതിനാലും ദയാവധം തുടരുന്നതിനാലുമാണ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിലക്ക് സന്യാസ സമൂഹത്തിന് ഏര്‍പ്പെടുത്തിയതെന്നും വത്തിക്കാന്‍ അറിയിച്ചു.

ഇന്നത്തെ പ്രത്യേക സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തില്‍ മനുഷ്യ ജീവന്‍റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം തേഞ്ഞുമാഞ്ഞു പോകുന്നത് ഖേദകരമാണ്. എന്നാല്‍ ജീവന്‍ അതിന്‍റെ ഒരു ഘട്ടത്തിലും പരിത്യക്തമാകേണ്ടതോ, വലിച്ചെറിയപ്പെടുവാന്‍ പാടുള്ളതോ അല്ലെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന കര്‍ദ്ദിനാള്‍ ലഡാരിയ സന്ന്യാസ സമൂഹത്തിനു വിലക്കു കല്പിക്കുന്ന പ്രഖ്യാപനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദയാവധം അസ്വീകാര്യമായ തിന്മയാണെന്നും, ദൈവകല്പനയുടെയും ധാര്‍മ്മിക നിയമങ്ങളുടെയും ലംഘനമാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. 1807­-ല്‍ ബെല്‍ജിയത്തില്‍ സ്ഥാപിതമായ കത്തോലിക്ക അത്മായ സഭയായിരിന്നു ‘ദി ബ്രദേഴ്സ് ഓഫ് ചാരിറ്റി’. സഭാവിരുദ്ധ നിലപാട് തുടരുന്ന സമൂഹത്തിനു നിരവധി തവണ വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിനെ സമൂഹം അവഗണിക്കുകയായിരിന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടി പരിശുദ്ധ സിംഹാസനം കൈക്കൊണ്ടിരിക്കുന്നത്.


Related Articles »