News
ഫിലിപ്പിയന്‍സ് പ്രസിഡന്റ് വിവാദ പ്രസ്താവനയില്‍ മാര്‍പാപ്പയെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കും
സ്വന്തം ലേഖകന്‍ 13-05-2016 - Friday
മാനില: ഫിലിപ്പിയന്‍സില്‍ പ്രസിഡന്റ് പദവിയിലേക്കു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ഡുട്യേര്‍ട് മാര്‍പാപ്പയേ നേരില്‍ കണ്ടു മാപ്പ് പറയുവാന്‍ തീരുമാനിച്ചു. ഡുട്യേര്‍ടിന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്."ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ആദരവ് പ്രകടിപ്പിക്കുക എന്നതിനുമപ്പുറം അദ്ദേഹത്തോട് മാപ്പ് പറയുക എന്നതായിരിക്കും പുതിയ പ്രസിഡന്റിന്റെ വത്തിക്കാന്‍ സന്ദര്‍ശന ലക്ഷ്യം". പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പിയന്‍സ് സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പാപ്പയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്കും വിശ്വാസികള്‍ക്കും വേദന ഉളവാക്കുന്ന പരാമര്‍ശം ഡുട്യേര്‍ട് നടത്തിയതും ഇതേ സമയത്താണ്. ലക്ഷങ്ങളാണു മാര്‍പാപ്പ പങ്കെടുത്ത പരിപാടികളില്‍ പിതാവിനെ ഒരുനോക്കു കാണുവാന്‍ എത്തിയത്. ഫിലിപ്പിയന്‍സ് തലസ്ഥാനമായ മാനിലയില്‍ പരിശുദ്ധ പിതാവ് എത്തിയപ്പോള്‍ ആളുകള്‍ തിങ്ങികൂടിയതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ഗതാഗതം മന്ദഗതിയിലായിരുന്നു. മാനിലയിലെ ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്കു പോയ ഡുട്യോര്‍ട് ഗതാഗതകുരുക്കില്‍ അകപ്പെടുകയും ചെയ്തിരുന്നു.
ഗതാഗതക്കുരുക്കിന്റെ കാരണം അന്വേഷിച്ച ഡുട്യോര്‍ടിനോടു മാര്‍പാപ്പയുടെ സന്ദര്‍ശനം മൂലമാണിതെന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മോശം ഭാഷയില്‍ മാര്‍പാപ്പയെ അധിക്ഷേപിച്ച ഡുട്യോര്‍ട്ട് പോപ്പ് വേഗം മടങ്ങി പോകണമെന്നും മേലാല്‍ തങ്ങളുടെ രാജ്യത്തു കടക്കരുതെന്നും പറഞ്ഞു. ഈ വാക്കുകള്‍ തന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചയാണെന്നു ഡുട്യോര്‍ട് തെരഞ്ഞെടുപ്പു വേദികളില്‍ സമ്മതിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തില്‍ എത്തിയ ശേഷം പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് വിഷയത്തില്‍ മാപ്പപേക്ഷിക്കണമെന്നതാണു ഡുട്യോര്‍ടിന്റെ തീരുമാനം.
റോഡ്രിഗോ ഡുട്യോര്‍ടിന്റെ പല നിലപാടുകളോടും ഫിലിപ്പിയന്‍സിലെ കത്തോലിക്ക സഭയ്ക്കു യോജിപ്പില്ല. എന്നാല്‍ അദ്ദേഹം എടുക്കുന്ന എല്ലാ നല്ല തീരുമാനങ്ങളുടെ കൂടെയും സഭ ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ് സോക്രേറ്റ്‌സ് ബി. വില്ലിഗാസ് പറഞ്ഞിരുന്നു. കുറ്റവാളികള്‍ക്കു മനുഷ്യാവകാശ നിയമങ്ങള്‍ മറന്നുള്ള ശിക്ഷ നല്‍കുമെന്ന ഡുട്യേര്‍ടിന്റെ പ്രഖ്യാപനം ഏറെ വിവാദമുണ്ടാക്കിയിരുന്നു. തീവ്രവാദ നിലപാടുള്ള മുസ്ലീം മതവിശ്വാസികള്‍ക്കായി പുതിയ ഒരു സംസ്ഥാനം തന്നെ ഫിലിപ്പിയന്‍സില്‍ രൂപീകരിക്കുമെന്ന തീരുമാനവും ഡുട്യോര്‍ടിന്റെ നിലപാടുകള്‍ക്കെതിരെ ഒരു വിഭാഗം തിരിയുവാന്‍ കാരണമായി. പരിശുദ്ധ പിതാവിനോടു മാപ്പു ചോദിക്കുമെന്ന തീരുമാനത്തെ ഉന്നതമായ പ്രതീക്ഷയോടെയാണു തങ്ങള്‍ കാണുന്നതെന്നും കത്തോലിക്കസഭ പ്രതികരിച്ചിരുന്നു.
