News

അഭയാര്‍ഥികളുടെ അറിയപ്പെടാത്ത പ്രശ്‌നം: ക്രൈസ്തവരാണെന്ന കാരണത്താല്‍ ആക്രമിക്കപ്പെടുന്ന ഭവനരഹിതര്‍

സ്വന്തം ലേഖകന്‍ 13-05-2016 - Friday

ബെര്‍ലിന്‍: ലോകമെമ്പാടും അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴും ഗുരുതരമായ പ്രശ്‌നം വെളിച്ചത്തില്‍ വരാതെ ഇന്നും ഇരുട്ടില്‍ തന്നെ നിലനില്‍ക്കുന്നു. അഭയാര്‍ഥികളുടെ തന്നെ പറുദീസയായി മാറിയ ജര്‍മ്മനിയില്‍ നടക്കുന്നതു മനുഷ്യസമൂഹം ലജ്ജിക്കുന്ന തരത്തിലുള്ള പീഡനങ്ങളാണ്. അഭയാര്‍ഥികളായി തന്നെ തങ്ങളോടൊപ്പം വന്നവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ് ഒരു സംഘം. ക്രൈസ്തവരാണെന്ന ഒറ്റ കാരണത്താലാണു പീഡനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഇവര്‍ വീണ്ടും വിധിക്കപ്പെട്ടിരിക്കുന്നത്.

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വന്ന അഭയാര്‍ഥികളില്‍ ഭൂരിഭാഗവും മുസ്ലീം മതവിശ്വാസികളാണ്. അഭയാര്‍ഥികളായെത്തിയവരില്‍ ന്യൂനപക്ഷം മാത്രമാണു ക്രൈസ്തവര്‍. അഭയാര്‍ഥികളാകുന്നതിനും മുമ്പേ ക്രൈസ്തവരായ പതിനായിരങ്ങള്‍ ഐഎസിന്റെയും മറ്റു തീവ്രവാദി സംഘടനകളുടേയും കൊലകത്തിക്ക് ഇരയായിരുന്നു. കൊടിയപീഡനങ്ങള്‍ സഹിച്ച് ജീവന്‍ മാത്രം തിരികെ പിടിച്ച് ജര്‍മ്മനിയില്‍ എത്തിയ എല്ലാ അഭയാര്‍ഥികളേയും മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചല്ല അധികാരികള്‍ കണ്ടതും, താമസിപ്പിച്ചതും. എന്നാല്‍ തങ്ങളോടൊപ്പം ഒരേ രാജ്യത്തു നിന്നും വന്ന, സമാനമായ കഷ്ടപാടുകള്‍ സഹിച്ച ക്രൈസ്തവരെ അക്രമിക്കുക എന്നതായിരിക്കുന്നു മുസ്ലീം വിശ്വാസികളായ അഭയാര്‍ഥികളുടെ ഇപ്പോഴത്തെ ലക്ഷ്യം.

'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടന നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ 86 ശതമാനം അഭയാര്‍ഥികളും പീഡനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു. 96 ശതമാനം ക്രൈസ്തവ അഭയാര്‍ഥികളും പരിഹസിക്കപ്പെടുന്നതു വിശ്വാസത്തിന്റെ പേരിലാണ്. 73 ശതമാനം ക്രൈസ്തവ അഭയാര്‍ഥികള്‍ക്കും കുടുംബാംഗങ്ങളുടെ ജീവനു മുസ്ലീം വിശ്വാസികളില്‍ നിന്നും ഭീഷണി നേരിടുന്നു. സ്വന്തം രാജ്യത്തു തന്നെ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവരുടെ ബന്ധുക്കളെ അവിടെ വധിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു.

പീഡനം സഹിക്കുവാന്‍ കഴിയാത്തതിനാല്‍ മുസ്ലീങ്ങളായ തങ്ങളുടെ സമീപവാസികളില്‍ നിന്നും മാറ്റി പാര്‍പ്പിക്കണമെന്ന് അധികാരികളോടു 80 ശതമാനം ക്രൈസ്തവരും ആവശ്യപ്പെട്ടിട്ടുണ്ട്. ശാരീരികമായും ലൈംഗീകമായും മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവരായ അഭയാര്‍ഥികളെ പീഡിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ക്യാമ്പുകളില്‍ വച്ചു തന്നെ കൊല്ലപ്പെടുമെന്ന ഭീഷണിയും ക്രൈസ്തവര്‍ക്കെതിരേ നിലനില്‍ക്കുന്നു. ക്രൈസ്ത വിശ്വാസത്തിലേക്കു മാറിയവര്‍ക്കും കൊടിയ പീഡനങ്ങളാണു നേരിടേണ്ടി വരിക.

2015-ല്‍ 1.1 മില്യണ്‍ അഭയാര്‍ഥികളേയാണു ജര്‍മ്മനി സ്വീകരിച്ചത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെ ടൈം മാഗസിന്‍ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ അഭയാര്‍ഥി സ്വീകരണം വഴിവച്ചിരുന്നു. ജര്‍മ്മനിയിലെ സ്ഥിതി ആദിമ ക്രൈസ്തവസഭ സഹിച്ച പീഡനങ്ങള്‍ക്കു തുല്യമാണെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാക്കിലും സിറിയയിലും ലിബിയയിലും ഈജിപ്ത്തിലും ക്രൈസ്തവരാണെന്നതിന്റെ പേരില്‍ പതിനായിരങ്ങളെയാണു ഐഎസ് ശിരഛേദനം നടത്തി കൊലപ്പെടുത്തിയത്.