Faith And Reason - 2024
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി അത്ഭുത രോഗസൗഖ്യം ലഭിച്ച യുവാവ് തിരുപ്പട്ടത്തിനരികെ
പ്രവാചക ശബ്ദം 14-07-2020 - Tuesday
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി അത്ഭുത രോഗസൗഖ്യം ലഭിച്ച ആഫ്രിക്കന്‍ വംശജനായ യുവാവ് പൗരോഹിത്യ സ്വീകരണത്തിന് ഒരുങ്ങുന്നു. കാമറൂൺ സ്വദേശിയായ സിൽവെസ്ട്രെ മാർസൽ എൻഡോംഗോ എന്ന മുപ്പത്തിയൊന്നു വയസുകാരനായ സെമിനാരി വിദ്യാർത്ഥിയാണ് ഡീക്കൻ പട്ടം ഉടനെ സ്വീകരിക്കാൻ തയാറെടുക്കുന്നത്. ആദ്യകാലത്ത് പൗരോഹിത്യ ജീവിതത്തോട് ആഭിമുഖ്യം തോന്നുകയും പിന്നീട് അതില്‍ നിന്നെല്ലാം തെന്നിമാറി ലോകമോഹങ്ങളുടെ വലയത്തിലകപ്പെടുകയും ചെയ്ത സിൽവെസ്ട്രെ വീണ്ടും വൈദിക ജീവിതത്തിലേക്ക് തിരിയുവാന്‍ നിമിത്തമായത് അജ്ഞാത രോഗമായിരിന്നു.
ആറു മക്കളുള്ള ഒരു കത്തോലിക്കാ കുടുംബത്തിലാണ് മാർസൽ എൻഡോംഗോ ജനിക്കുന്നത്. ഫ്രാൻസ് ആസ്ഥാനമായുള്ള മാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്ന അദ്ദേഹം എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. കോളേജിൽവെച്ചാണ് അവനില്‍ ആദ്യമായി പൗരോഹിത്യ ജീവിതത്തോട് താല്പര്യം തോന്നിയത്. എന്നാൽ ഇടയ്ക്കുവെച്ച് ലോകമോഹങ്ങളുടെ വലയിൽ അദ്ദേഹം അകപ്പെട്ടു. ഒരു സ്പോർട്സ് താരം ആകണമെന്നായി എൻഡോംഗോയുടെ പിന്നീടുള്ള ലക്ഷ്യം. ഇതിനിടെ രാഷ്ട്രതന്ത്രം പഠിക്കാൻ സർവകലാശാലയിൽ പ്രവേശനം നേടി.
രണ്ടാം വർഷം ആയപ്പോഴേക്കും എല്ലാ പ്രതീക്ഷകളെയും താറുമാറാക്കി ഒരു അജ്ഞാത രോഗം എൻഡോംഗോയെ പിടികൂടി. മലേറിയ ബാധിച്ചതാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും, അവർക്കും രോഗത്തെപ്പറ്റി വ്യക്തമായ ധാരണ ഇല്ലായിരുന്നു. അങ്ങനെ നിരവധി ഡോക്ടർമാരെ കണ്ടു. ഒരു വലിയ തുക ചികിത്സയ്ക്ക് വേണ്ടി തന്നെ മുടക്കിയെങ്കിലും മാറ്റങ്ങള്‍ ഒന്നും അവനില്‍ പ്രകടമായില്ല. പിന്നീട് നിസിമാലനിലുളള പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പോയി പ്രാർത്ഥിക്കാൻ കുടുംബം തീരുമാനിക്കുകയായിരിന്നു. അവിടെവച്ച് എൻഡോംഗോയ്ക്ക് അത്ഭുത രോഗസൗഖ്യം ലഭിച്ചു.
ഇതാണ് എൻഡോംഗോയെ വീണ്ടും പൌരോഹിത്യത്തിലേക്ക് അടുപ്പിച്ചത്. ദൈവം തനിക്ക് തിരിച്ചു തന്ന ജീവിതം ദൈവത്തിനു വേണ്ടി തന്നെ സമർപ്പിക്കാൻ മാർസൽ എൻഡോംഗോ തീരുമാനമെടുക്കുകയായിരിന്നു. 2011ലാണ് എൻഡോംഗോ സെമിനാരിയിൽ പ്രവേശിച്ചത്. സ്പെയിനിലെ പ്രശസ്തമായ നവേര സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കാമറൂണിലേക്ക് മടങ്ങിയെത്തി ഡീക്കന്‍ പട്ടം സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്. ഏതാനും മാസങ്ങൾക്കു ശേഷം എൻഡോംഗോ വൈദികനായി അഭിഷേകം ചെയ്യപ്പെടും. തിരസ്കരിക്കപ്പെടുന്ന ജന സമൂഹത്തിന് ഇടയില്‍ ശിഷ്ട്ട കാലം സമര്‍പ്പിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്റെ വ്യക്തിപരമായ സാക്ഷ്യം അവരുമായി പങ്കുവെയ്ക്കുമെന്നും എൻഡോംഗോ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക