News
വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താമെന്ന ഒരു ഉറപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിട്ടില്ലെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 14-05-2016 - Saturday
വത്തിക്കാന്‍: വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താമെന്ന ഒരു ഉറപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിട്ടില്ലെന്നു വത്തിക്കാന്‍ പ്രസ് ഓഫീസര്‍ ഫാദര്‍ ഫെഡറിക്കോ ലേംബോര്‍ഡി. മാര്‍പാപ്പയുടെ വാക്കുകളെ തെറ്റായ രീതിയിലാണു പല മാധ്യമങ്ങളും വ്യാഖ്യാനിക്കുന്നതെന്നും ഇതിനാലാണു വിഷയത്തില്‍ വത്തിക്കാന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സുപ്പീരിയര്‍ ജനറലുമാരുടെ അന്തര്‍ദേശീയ സമ്മേളനത്തിനിടെ നടന്ന ഒരു ചോദ്യത്തിനു മാര്‍പാപ്പ നല്‍കിയ ഉത്തരമാണു ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയത്.
"പരിശുദ്ധ പിതാവ് തന്റെ സംഭാഷണത്തില്‍ ഒരിക്കല്‍ പോലും 'വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താം' എന്നു പറഞ്ഞിട്ടില്ല. പണ്ടു സഭയില്‍ വനിതകള്‍ ഡീക്കന്‍മാരായി സേവനം ചെയ്തിട്ടില്ലേയെന്ന കന്യാസ്ത്രീയുടെ ചോദ്യത്തിനു പിതാവ് നല്‍കിയ ഉത്തരമാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്. ഈ വിഷയത്തില്‍ സഭയില്‍ വ്യക്തമായ പഠനം നടക്കേണ്ടിയിരിക്കുന്നുവെന്നും ഇപ്പോള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകുകയില്ലെന്നുമാണു പിതാവ് പറഞ്ഞത്". ഫാദര്‍ ഫെഡറിക്കോ പറഞ്ഞു. വിഷയത്തില്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്താമെന്ന പിതാവിന്റെ വാക്കുകളെ നാം സത്യസന്ധമായി വേണം വിലയിരുത്തുവാനെന്നും ഫാദര്‍ ഫെഡറിക്കോ ലേംബോര്‍ഡി കൂട്ടിച്ചേര്‍ത്തു.
"വനിതകളുടെ ഡീക്കന്‍ പദവി എന്ന വിഷയത്തില്‍ നമുക്ക് ഇപ്പോഴും ചില വ്യക്തതകള്‍ വരുവാനുണ്ട്. ഇതിനാല്‍ വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന വിശ്വാസപരമായ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ വിഷയം നമുക്കു പരിഗണിക്കാം". ഇതായിരുന്ന പരിശുദ്ധ പിതാവ് ഡീക്കന്‍ പദവിയുടെ കാര്യത്തില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ നല്കിയ മറുപടി.
വനിതകളുടെ ഡീക്കന്‍ പദവി വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ 2001-ല്‍ കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. വനിതകള്‍ പണ്ടു കാലങ്ങളില്‍ ഡീക്കന്‍ പദവി വഹിച്ചിരുന്നത് സ്ത്രീകളുടെ മാമോദീസ, തൈലാഭിഷേകം തുടങ്ങിയ ശുശ്രൂഷകളില്‍ സഹായിക്കുവാന്‍ വേണ്ടിയാണെന്ന റിപ്പോര്‍ട്ടാണ് ജര്‍ഹാര്‍ഡ് മുള്ളര്‍ സമിതി സമര്‍പ്പിച്ചത്. വനിതകളുടെ ഡീക്കന്‍ പദവി വാദത്തെ അന്നു സഭ തള്ളിയിരുന്നു. പുതിയ സാഹചര്യത്തില്‍ വരുന്ന കമ്മിറ്റി ഇതിനെ കുറിച്ച് ആഴമായി പഠിക്കുമെന്നാണു നിരീക്ഷിക്കപ്പെടുന്നത്.
