Meditation. - May 2025
പരിശുദ്ധ അമ്മ അനുഭവിച്ച ഹൃദയവേദന
സ്വന്തം ലേഖകന്‍ 15-05-2024 - Wednesday
''മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു'' (ലൂക്കാ 1: 38).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 15
ലോകത്തിനേ മുഴുവന്‍ വീണ്ടെടുക്കാന്‍ മനുഷ്യനായി അവതരിച്ച യേശുവിനു ജന്മം നല്‍കാനുള്ള ചുമതല പരിശുദ്ധ അമ്മക്കായിരിന്നു. ഗബ്രിയേല്‍ ദൂതനോട് സമ്മതം മൂളുക വഴി കുരിശിലെ യേശുവിന്റെ ബലിയെന്ന രക്ഷാകര കര്‍മ്മത്തില്‍ പങ്കാളി ആകുന്നതിനോട് പരിശുദ്ധ അമ്മ പൂര്‍ണ്ണമായും യോജിക്കുകയായിരുന്നു. ''മംഗളവാര്‍ത്താ'' സംഭവത്തിലെ 'ഇതാ കര്‍ത്താവിന്റെ ദാസി എന്ന പരിശുദ്ധ അമ്മയുടെ വാക്കുകള്‍ മാതൃത്വത്തിന്റെ സ്വീകാര്യത മാത്രമല്ല ചൂണ്ടികാണിക്കുന്നത്, മറിച്ച് 'രക്ഷാകരരഹസ്യ'ത്തിന്റെ സേവനത്തിനായുള്ള മേരിയുടെ സന്നദ്ധത കൂടിയാണ് എടുത്ത് കാണിക്കുന്നത്.
'ദേവാലയസമര്‍പ്പണ' വേളയിലാണ്, യേശു എപ്രകാരമുള്ള ഒരു ജീവിതമാണ് തിരഞ്ഞെടുക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചന മേരിക്ക് ലഭിക്കുന്നത്. മേരിയും ജോസഫും കുട്ടിയെ സമര്‍പ്പിക്കാന്‍ എത്തിയ അതേ സമയം തന്നെ ദേവാലയത്തില്‍ വരാന്‍ ശിമയോനെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവായിരുന്നു. ''നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന ശിമയോന്‍റെ വാക്കുകള്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി.
തിരുകുമാരന്റെ ദുഃഖാര്‍ത്തമായ അന്ത്യത്തെപ്പറ്റിയും, ആ രക്ഷാകരരഹസ്യത്തില്‍ അവളുടെ മാതൃഹൃദയം എത്രമാത്രം പങ്കുചേരും എന്നതിനെപ്പറ്റിയും മേരിക്ക് അറിവ് പകര്‍ന്നത് ശിമയോന്‍ പറഞ്ഞപ്പോളാണ്. 'മംഗളവാര്‍ത്താ' വേളയില്‍ രക്ഷകന് ജന്മം നല്കാന്‍ പരിശുദ്ധ അമ്മ നല്കിയ സമ്മതം മൂലം, വരാന്‍ പോകുന്ന മഹാദുരിതത്തില്‍ നിന്നും പുറകോട്ടു പോകുവാന്‍ മേരി കൂട്ടാക്കിയില്ല.
സ്വന്തം മക്കളില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന ദുഃഖങ്ങളെക്കുറിച്ച് നേരത്തെ അറിയാന്‍ കഴിയാത്ത മറ്റ് അമ്മമാരില്‍ നിന്നും വ്യത്യസ്തമായി, ഒരു മഹാപരീക്ഷയിലേക്കാണ് തന്റെ മാതൃത്വം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ആദ്യനാളുകളില്‍ തന്നെ മേരി മുന്‍കൂട്ടി അറിഞ്ഞിരുന്നു. തന്റെ മകന്‍ അനുഭവിക്കേണ്ടി വരുന്ന ഘോരമായ പീഡനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ പരിശുദ്ധ അമ്മയുടെ ഹൃദയവേദന എത്ര വലുതായിരിന്നുവെന്ന് ചിന്തിച്ച് നോക്കൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 04.05.1983)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.