India - 2024

കോവിഡ് കാലത്തു കരുതലോടെ സംരക്ഷിക്കുന്നവരെ മറക്കരുത്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

04-08-2020 - Tuesday

കൊച്ചി: കോവിഡ് കാലം ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ നമ്മെ കരുതലോടെ സംരക്ഷിക്കുന്നവരെ മറക്കരുതെന്ന് സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. എസ്എംവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ദ്വിദിന വെബിനാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷാ രംഗത്തു സേവനം ചെയ്യുന്നവരെ നാം ആദരവോടെ കാണേണ്ട കാലമാണിതെന്നും ഏതു കരിയര്‍ തെരഞ്ഞെടുത്താലും അതു സമൂഹനന്മയ്ക്കായി ഉപകാരപ്പെടുത്തുന്നില്ലെങ്കില്‍ നമ്മുടെ ജോലിക്കു മൂല്യമുണ്ടാകില്ലെന്നും ബിഷപ്പ് പറഞ്ഞു.

യുവജനങ്ങള്‍ക്കു സ്വപ്നമുണ്ടാകണമെന്നും ആ സ്വപ്നങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയാറാകണമെന്നും സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരില്‍ സന്ദേശത്തില്‍ പറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജലീഷ് പീറ്റര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സംബന്ധിച്ചു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, വൈസ് പ്രസിഡന്റ് അഞ്ജുമോള്‍ ജോണി, സിസ്റ്റര്‍ ജിസ്ലെറ്റ്, ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി


Related Articles »