Question And Answer - 2024

നീതിമാനായി ഒരുവൻപോലുമില്ലെന്ന് ബൈബിൾ: പിന്നെ യൗസേപ്പിതാവിനെ നീതിമാനായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?

പ്രവാചക ശബ്ദം 20-08-2020 - Thursday

നീതിമാനായി ഒരുവൻപോലുമില്ല എന്ന് ബൈബിൾ: പിന്നെ യൗസേപ്പിതാവിനെ നീതിമാനായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്രകാരമൊരു ചോദ്യത്തിനു വലിയ പ്രസക്തിയില്ലെങ്കിലും നീതിമാനായി ഒരുവൻ പോലുമില്ല എന്ന ബൈബിൾ വചനവും യൗസേപ്പ് നീതിമാനായിരുന്നു എന്ന സുവിശേഷ വചനവും നീതി എന്ന വാക്കിൻ്റെ കാര്യത്തിൽ ഏകതാനത പുലർത്തുന്നു. 14 -ആം സങ്കീർത്തനത്തിലാണ് ആദ്യമായി ഈ വാചകം കാണുക. അത് ഇപ്രകാരമാണ്: ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; മ്ലേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവർ ആരുമില്ല. കർത്താവു സ്വർഗത്തിൽ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യുന്നവനില്ല, ഒരുവൻ പോലുമില്ല (സങ്കീ 14 :1 -3 ) ഇക്കാര്യം ഇതേരൂപത്തിൽ 53 -ആം സങ്കീർത്തനത്തിലും കാണാൻ കഴിയും, നന്മ ചെയ്യുന്നവനില്ല ഒരുവൻ പോലുമില്ല എന്ന സങ്കീർത്തനവചനം ചില വ്യതിയാനങ്ങളോടെ റോമാക്കാർക്കുള്ള ലേഖനം 3 :10 -17 ൽ ഇപ്രകാരം കാണുന്നു:

"നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവർക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവർ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടിൽ സർപ്പവിഷമുണ്ട്. അവരുടെ വായ് ശാപവും കയ്പ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ വെമ്പുന്നു. അവരുടെ പാതകളിൽ നാശവും ക്ലേശവും പതിയിരിക്കുന്നു. സമാധാനത്തിൻ്റെ മാർഗം അവർക്കറിഞ്ഞുകൂടാ. അവർക്കു ദൈവഭയമില്ല".

സങ്കീർത്തനങ്ങളിൽ മേൽപറഞ്ഞ പ്രകാരം കാണുന്നത് ദൈവവിശ്വാസമില്ലാത്തവനെക്കുറിച്ചു പറയുന്ന അവസരത്തിലാണ്. ദൈവത്തിൽ ആശ്രയം വയ്ക്കാത്തവനും ദൈവത്തെ ഭയപ്പെടാത്തവനും തിന്മയും അനീതിയും പ്രവർത്തിക്കുന്നവനായിരിക്കും. ഈ ആശയത്തിൻ്റെ പിൻബലത്തിലാണ് റോമാക്കാർക്കുള്ള ലേഖനഭാഗത്ത് ദൈവത്തെ ഭയപ്പെടാത്തവരെയും ദൈവസ്വരം കേൾക്കാത്തവരെയും കുറിച്ചു പറയുന്നത്. സമാധാനത്തിൻ്റെ മാർഗ്ഗം അറിഞ്ഞുകൂടാത്തവരും തിന്മ പറഞ്ഞുണ്ടാക്കുന്നവരും അക്രമം പ്രവർത്തിക്കുന്നവരുമാണ് അവർ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വലിയ വിഭാഗത്തെ മുന്നിൽ കണ്ടുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത് നീതിമാനായി ഒരുവൻ പോലുമില്ല എന്ന്. അല്ലാതെ അത് ഒരു സാർവ്വത്രിക പ്രഖ്യാപനം അല്ല. അതിനാൽ നീതിമാന്മാരായി അനേകർ പല സ്ഥലങ്ങളിലും ഉണ്ട്. ലോകം തിന്മയിൽ മുഴുകിയിരിക്കുന്നു എന്ന് പറഞ്ഞാൽ തിന്മ പ്രവർത്തിക്കാതെ ജീവിക്കുന്നവർ ഇല്ല എന്നർത്ഥമില്ല.

ഈ ചോദ്യത്തിൽ യൗസേപ്പു പിതാവിനെക്കുറിച്ച് നീതിമാൻ എന്ന പരാമർശം എന്തുകൊണ്ട് എന്ന് മേൽപ്പറഞ്ഞ വചനങ്ങളുടെ അടിസ്ഥാനത്തിൽനിന്നും വ്യക്തമാണ്. ഒന്നാമതായി തനിക്കുണ്ടായ പ്രശ്നത്തെ ദൈവവിശ്വാസത്തിൻ്റെ വെളിച്ചത്തിലും ദൈവപ്രേരണയുടെ അടിസ്ഥാനത്തിലും ഉൾക്കൊള്ളാനും ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറിയത്തെ വേദനിപ്പിക്കാനും അപകീർത്തിതയാക്കാനും അദ്ദേഹം തയ്യാറായില്ല. അക്രമവാസനയോടെ പെരുമാറാനോ നാശം വരുത്താനോ ശ്രമിക്കുന്നില്ല. മാത്രമല്ല, ദൈവപ്രചോദനം വഴി (സ്വപനത്തിലെ നിർദ്ദേശം) കാര്യങ്ങൾ വ്യക്തമായപ്പോൾ അതനുസരിച്ച് പ്രവർത്തിക്കാനും സന്നദ്ധനായി. ഇതിനാലാണ് യൗസേപ്പിനെ നീതിമാനായി വിശേഷിപ്പിക്കുന്നത്.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »