News
ഫിലിപ്പിയന്‍സില്‍ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരേ കത്തോലിക്ക സഭ; ആളുകളെ കൊലപ്പെടുത്തിയാല്‍ മതിയെങ്കില്‍ തങ്ങളുടെ ജീവന്‍ എടുക്കൂവെന്നു ബിഷപ്പുമാര്‍
സ്വന്തം ലേഖകന്‍ 17-05-2016 - Tuesday
മാനില: ഫിലിപ്പിയന്‍സില്‍ ജൂണ്‍ 30-നു പുതിയതായി അധികാരം ഏല്‍ക്കുവാന്‍ പോകുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്രുട്യേര്‍ടിനെതിരെ കത്തോലിക്ക സഭ രംഗത്ത്. താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക മുമ്പ് നിര്‍ത്തലക്കായി വധശിക്ഷ വീണ്ടും പുനസ്ഥാപിക്കുക എന്നതായിരിക്കുമെന്നു ഡ്രുട്യേര്‍ട് പ്രസ്താവിച്ചിരിന്നു. ഇതിനെതിരേയാണു ഫിലിപ്പിയന്‍സിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം രംഗത്തു വന്നിരിക്കുന്നത്. മാര്‍പാപ്പയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതില്‍ വത്തിക്കാനില്‍ നേരിട്ടു ചെന്നു മാപ്പപേക്ഷിക്കുമെന്നു മുമ്പ് ഡ്യുട്യേര്‍ട് പറഞ്ഞിരുന്നു.
"മനുഷ്യ ജീവന്‍ ദൈവദാനമാണ്. അതിനെ ഇല്ലാതാക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കുറ്റം ചെയ്ത ഒരു കൂട്ടം മനുഷ്യരെ തൂക്കിലേറ്റുന്നതിനു പകരം അവരെ നേര്‍വഴിയിലേക്കു നയിക്കുവാന്‍ ജയിലുകള്‍ക്കു കഴിയണം. ഇത്തരത്തിലുള്ള പരിഷ്‌കാര നടപടികള്‍ക്കാവണം പുതിയ പ്രസിഡന്റ് മുന്‍കൈ എടുക്കേണ്ടത്". ബിഷപ്പ് റൂപര്‍ട്ടോ സാന്റോസിന്റെ വാക്കുകളാണിത്. അദ്ദേഹം മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ്.
വധശിക്ഷയെ കുറിച്ചുള്ള ഡ്രുട്യേര്‍ടിന്റെ പ്രതികരണം മനുഷ്യ ജീവനു തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ്. "വേദനരഹിതമായ രീതിയില്‍ തന്നെയാകും വധശിക്ഷ നടത്തുക. നട്ടെല്ലുകള്‍ ചതച്ചു കളഞ്ഞാല്‍ പിന്നെ ഒന്നും അറിയില്ല. ഒരു ലൈറ്റ് ഓഫ് ചെയ്യുന്നതു പോലെ മാത്രം ഇതിനെ കണ്ടാല്‍ മതി. അങ്ങനെയെങ്കിലും കുറ്റവാളികള്‍ ഭയമെന്താണെന്നു പഠിക്കട്ടെ". റോഡ്രിഗോ ഡ്രുട്യേര്‍ട് പറയുന്നു.
"ആളുകളെ കൊല്ലണമെന്ന ചിന്തയാണു ഡ്രുട്യേര്‍ടിന് ഉള്ളതെങ്കില്‍ അദ്ദേഹം എന്നെ കൊലപ്പെടുത്തട്ടെ. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും എല്ലാ കുറ്റവുമേറ്റ് ക്രിസ്തു മനുഷ്യകുലത്തിനു മുഴുവന്‍ മോചനം നല്‍കി. ക്രിസ്തുവിന്റെ പിന്‍ഗാമിയായ ഞാനും ഇത്തരത്തില്‍ വേണ്ടേ പ്രവര്‍ത്തിക്കുവാന്‍". ലിപ ആര്‍ച്ച് ബിഷപ്പ് രേമണ്‍ ആര്‍ഗ്വേലസ് പറയുന്നു. പുതിയ നടപടികളെ സഭയും സമൂഹവും ചേര്‍ന്നു ശക്തമായി എതിര്‍ക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
മയക്കുമരുന്നു കടത്തല്‍, മോഷണം, അടിപിടി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട നിരവധി പേരെ തൂക്കിലേറ്റുക എന്നതാണു പുതിയ നിയമനിര്‍മ്മാണത്തിലൂടെ റോഡ്രിഗോ ഡ്രുട്യേര്‍ടിന്റെ ലക്ഷ്യം. ഗര്‍ഭഛിദ്രവും വന്ധീകരണവുമുള്‍പ്പെടെയുള്ള നിരവധി തിന്മ പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹം അനുകൂലവുമാണ്.
