News - 2025
കൂദാശ വചനങ്ങളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
പ്രവാചക ശബ്ദം 27-08-2020 - Thursday
വത്തിക്കാന്‍ സിറ്റി: അജപാലന മേഖലയില്‍ കൂദാശ വചനങ്ങള്‍ ഉച്ചരിക്കുന്നതിലും പരിഭാഷപ്പെടുത്തുന്നതിലും തെറ്റുകള്‍ വരുത്തുന്നതിനെതിരെ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്കോ ലഡാരിയ. ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ ചൂണ്ടിക്കാണിച്ചാണ് തിരുസംഘം വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സഭാപാരമ്പര്യത്തിലൂടെ കൈമാറിയ കൂദാശ വചനങ്ങൾക്ക് മാറ്റമില്ലെന്നും അജപാലനപരമായ ഇത്തരം തെറ്റുകളെ ദൂരീകരിക്കുവാനാണ് വ്യക്തമായ വിവരണം വീണ്ടും വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘം നല്‍കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു.
"പിതാവിന്‍റെയും മാതാവിന്‍റെയും ജ്ഞാനസ്നാന പിതാവിന്‍റെയും മാതാവിന്‍റെയും, മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും, കുടുംബാംഗങ്ങളുടെയും പേരിലും സമൂഹത്തിന്‍റെ പേരിലും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ നിന്നെ ഞങ്ങൾ സ്നാനപ്പെടുത്തുന്നു". സ്വതന്ത്രമായി പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തിയ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിനുള്ള ഈ വാക്കുകളാണ് വത്തിക്കാന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും കുടുംബത്തിന്‍റെയും ആഘോഷത്തില്‍ പങ്കുചേരുന്ന എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് കൂദാശ വചനത്തിന്‍റെ ഈ പരിഷ്‌ക്കരണം നടത്തിയിരിക്കുന്നതെന്ന് തെറ്റുവരുത്തിയവരുടെ ന്യായീകരണം.
എന്നാല്‍ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്, "ഒരു വ്യക്തി ജ്ഞാനസ്നാനം നൽകുമ്പോൾ ക്രിസ്തു തന്നെയാണ് ജ്ഞാനസ്നാനം നൽകുന്നത്" ആണെന്ന്‍ തിരുസംഘം ഓര്‍മ്മിപ്പിച്ചു. അതായത്, തിരുസഭയിൽ പരികർമ്മം ചെയ്യപ്പെടുന്ന ഓരോ കൂദാശയിലും ക്രിസ്തുവിന്‍റെ ആത്യന്തികമായുള്ള സാന്നിധ്യം തന്നെയാണ് പ്രഘോഷിക്കപ്പെടുന്നത്. എപ്പോഴൊക്കെയാണോ കൂദാശകൾ പരികർമ്മം ചെയ്യപ്പെടുന്നത്. അപ്പോഴൊക്കെ ശരീരമാകുന്ന സഭ ക്രിസ്തുവാകുന്ന ശിരസ്സിന്‍റെ പ്രചോദനത്താലാണ് പ്രവർത്തിക്കുന്നതെന്നും വത്തിക്കാന്‍ ഓര്‍മ്മിപ്പിച്ചു.
കൂദാശകളുടെ ആചരണത്തിൽ സഭയോടൊപ്പം ശിരസ്സാകുന്ന ക്രിസ്തുവും ഒത്തുചേരുന്നതിലൂടെ കൂട്ടായ്മ അതിൽത്തന്നെ പ്രകടവും പ്രത്യക്ഷവുമാവുകയാണ്. ഇവിടെ പരികർമ്മി ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു. കൂദാശാകർമ്മത്തിൽ പങ്കെടുക്കുന്നവർ തിരുസഭയെയും. കൂദാശാകർമ്മങ്ങൾ വ്യക്തിയുടെ പേരിലല്ല പരികര്‍മ്മംചെയ്യപ്പെടുന്നത്, മറിച്ച് സഭയുടെ പേരിലും, സഭയിൽ പ്രവർത്തിക്കുന്ന ക്രിസ്തുവിലുമാണ് അത് ആചരിക്കേണ്ടതും യാഥാര്‍ത്ഥ്യമാക്കേണ്ടതും. അതുകൊണ്ടുതന്നെ, കൂദാശയുടെ പരികർമ്മവചനങ്ങൾ മാറ്റുവാനുള്ള അധികാരം പരികർമ്മിയ്ക്കില്ല. പിതാവിന്‍റെയോ മാതാവിന്‍റെയോ, ജ്ഞാനപിതാവിന്‍റെയോ ജ്ഞാനമാതാവിന്‍റെയോ, കുടുംബാംഗങ്ങളുടെയോ സമൂഹത്തിന്‍റെയോ പേരിലും കൂദാശ പരികർമ്മചെയ്യുക സാധ്യമല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക