News
പ്രാർത്ഥന സഫലം: മരിയ ഷഹ്‌ബാസ് രക്ഷപ്പെട്ട വിവരം സ്ഥിരീകരിച്ച് പാക്ക് മാധ്യമ പ്രവർത്തകൻ
പ്രവാചക ശബ്ദം 28-08-2020 - Friday
ലാഹോർ: തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ടതായുള്ള വാർത്തയ്ക്കു സ്ഥിരീകരണം. പാക്കിസ്ഥാനി മാധ്യമ പ്രവർത്തകനും ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനുമായ സലീം ഇക്ബാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. മരിയയോടൊപ്പമുള്ള ചിത്രം സഹിതമാണ് സലീം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മെഹക് കുമാരിക്ക് പിന്നാലെ നിർബന്ധിത മതം മാറ്റത്തിനും വിവാഹത്തിനും ഇരയായ മൈറ ഷഹ്ബാസിനെ (മരിയ ഷഹ്ബാസ്) തിരിച്ചു കിട്ടിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഉർദു ഭാഷയിലുള്ള പോസ്റ്റ് #StopForcedConversions #StopForcedEarlyMarriage എന്ന ഹാഷ് ടാഗോടു കൂടിയാണ് പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിനു നന്ദി പറഞ്ഞും അഭിനന്ദനം അറിയിച്ചും മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളാണ് സലീം ഇക്ബാലിന്റെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
മൂന്നാഴ്ച നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ് നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് സ്ഥിരീകരണമായിരിക്കുന്നത്. മയക്കുമരുന്ന്‍ കലര്‍ത്തിയ ജ്യൂസ് നല്‍കി നാകാഷ് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രക്ഷപ്പെട്ട ശേഷം മരിയ വെളിപ്പെടുത്തിയതായി എ.സി.എന്‍ റിപ്പോർട്ട് ചെയ്തിരിന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. പകല്‍ വെളിച്ചത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന ദൃക്സാക്ഷികളുടെ മൊഴിപോലും വിലയ്ക്കെടുക്കാതെയാണ് ലാഹോര്‍ ഹൈകോടതി പതിനാലുകാരിയായ നാകാഷിനൊപ്പം വിട്ടത്. പീഡിപ്പിച്ചു നിർബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനുള്ള' ലാഹോര്‍ ഹൈകോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. മരിയ ഷഹ്ബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം ശക്തമായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് മലയാളി സമൂഹമാണെന്നതും ശ്രദ്ധേയമായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക