News - 2024
ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത് 447 വൈദികർക്ക്: 22 പേര്‍ മരണപ്പെട്ടു
പ്രവാചക ശബ്ദം 01-09-2020 - Tuesday
സാവോ പോളോ: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ കുറഞ്ഞത് 447 വൈദികർക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും അവരില്‍ 22 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും നാഷ്ണല്‍ കമ്മീഷന്‍ ഓഫ് പ്രിസ്ബൈറ്റേഴ്സിന്റെ (എന്‍.സി.പി) റിപ്പോര്‍ട്ട്. രോഗബാധിതരായ രൂപത വൈദികരുടെ എണ്ണമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നും, വിവിധ സന്യാസ സഭകളിലെ വൈദികരുടെ രോഗബാധ സംബന്ധിച്ച വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും എന്‍.സി.പി യുടെ പ്രസിഡന്റായ ഫാ. ജോസ് അഡേല്‍സണ്‍ ഡാ സില്‍വാ റോഡ്രിഗസ് പറഞ്ഞു.
സന്യാസ സഭകളിലേയും സ്ഥാപനങ്ങളിലേയും രോഗബാധിതരായ വൈദികരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സാഹചര്യം ഇതിലും വഷളാകുമെന്നാണ് ഫാ. റോഡ്രിഗസ് പറയുന്നത്. സന്യാസ സഭകളിലെ രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ എന്‍.സി.പി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
17 കോടി കത്തോലിക്കരുള്ള ബ്രസീലില്‍ ഏതാണ്ട് 27,500 വൈദികരാണ് സേവനം ചെയ്യുന്നത്. ഇവരില്‍ 18,200 പേര്‍ രൂപത വൈദികരാണ്. 9,300 പേരാണ് സന്യാസ സഭകളില്‍പെട്ടവര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശുദ്ധ കുര്‍ബാനകള്‍ മുടങ്ങിയിട്ടുണ്ടെങ്കിലും ഇടവക പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കുന്നുണ്ടെന്നും ഫാ. റോഡ്രിഗസ് പറഞ്ഞു. ബ്രസീലില്‍ ഇതുവരെ 37 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,18,000 പേര്‍ മരണപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക