India - 2024

യാക്കോബായ സമൂഹത്തിന് ആരാധനാലയങ്ങൾ തുറന്നുകൊടുക്കുവാന്‍ സന്നദ്ധത അറിയിച്ച് ലത്തീൻ സഭയും

പ്രവാചക ശബ്ദം 04-09-2020 - Friday

കൊച്ചി: യാക്കോബായ സമൂഹത്തിന് കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കുവാന്‍ സന്നദ്ധത അറിയിച്ച് കേരള ലത്തീൻ സഭയും. യാക്കോബായ സഭയ്ക്കു ലത്തീന്‍ സഭയുടെ ആരാധനാലയങ്ങളില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, തിരുവനന്തപുരം യാക്കോബായ മെട്രോപൊളിറ്റന്‍ ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസിനയച്ച കത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

സഹോദരസഭകളായ യാക്കോബായസഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്ന് ഒരു തീരുമാനം ഉണ്ടായിരിക്കുകയാണെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. നിയമം വഴി അനുവദിച്ചു കിട്ടിയ അവകാശം സ്വന്തമാക്കാന്‍ ഒരു വശത്തു നിന്നുള്ള നടപടികളും ഒരുമിച്ചുവന്ന് ആരാധിക്കാന്‍ സ്വന്തമായി ഇടമില്ലാത്തതിന്റെ സങ്കടം മറുവശത്തുമുണ്ട്. മധ്യസ്ഥശ്രമങ്ങള്‍ക്കൊന്നും ഇടമില്ലാത്തതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കിലും അനുദിനം ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എല്ലാവരും.

അതിനാല്‍ വ്യത്യസ്തമായിരിക്കുമ്പോഴും ഒരുമിച്ചുള്ള ക്രൈസ്തവസാക്ഷ്യത്തിന്റെ സഞ്ചാരപാതയ്ക്കായി പ്രതീക്ഷവയ്ക്കാനും പ്രാര്‍ത്ഥിക്കാനും നമ്മുക്ക് കടമയുണ്ട്. എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പടുത്തുയര്‍ത്തുന്നില്ല (1 കോറി: 10-23) എന്ന അപ്പസ്തോല വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നമ്മളെ പുതുവഴികള്‍ തേടാന്‍ ആത്മാവ് പ്രചോദിപ്പിക്കട്ടെ. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇരുസഭകള്‍ക്കും അവരവരുടേതായ അനുഭവങ്ങളും ബോധ്യങ്ങളും ഉണ്ടായിരിക്കാം.

ഞങ്ങള്‍ ആരേയും വിധിക്കുന്നില്ല. തുറന്ന ഒരു സമീപനമാണ് ഞങ്ങള്‍ക്കു രണ്ടു സഭകളോടുമുള്ളത്. ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ യാക്കോബായ സമൂഹത്തിന് കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന വിവരവും അറിയിക്കുകയാണ്. ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് ജോസഫ് കരിയില്‍ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. നേരത്തെ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും യാക്കോബായ സഭയ്ക്കു ദേവാലയങ്ങള്‍ തുറന്നുകൊടുക്കുവാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരിന്നു.


Related Articles »