News - 2025
പാപ്പയുടെ ആശ്വാസ ദൂതുമായി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ലെബനോനില്‍
പ്രവാചക ശബ്ദം 06-09-2020 - Sunday
ബെയ്റൂട്ട്: കടുത്ത സ്ഫോടനവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം ദുരിതത്തിലാണ്ട ലെബനോനില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സന്ദര്‍ശനം നടത്തി. സെപ്തംബര്‍ 4ന് പാപ്പ പ്രഖ്യാപിച്ച ലെബനോനു വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കുവാനാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ദുരന്തത്തില്‍ നീറിനില്ക്കുന്ന ബെയ്റൂട്ടിലെത്തിയത്. യാതനകള്‍ക്ക് അറുതിവരുത്തി സമാധാനവും അന്തസ്സുമുള്ള ജീവിതം പുനര്‍സ്ഥാപിക്കാന്‍ വിഭാഗീയതകള്‍ മറന്ന് ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാമത്തിലുള്ള മാരോണൈറ്റ് ഭദ്രാസന ദേവാലയത്തില്‍ രാജ്യത്തെ വിവിധ മതനേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജ്യത്തെ വഞ്ചിക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും നശീകരണപ്രവൃത്തികളും ഇല്ലാതാക്കി സമാധാനത്തിലും അന്തസ്സോടെയും ജീവിക്കാന്‍ ലെബനീസ് ജനത പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കണമെന്ന് പാപ്പയ്ക്കു വേണ്ടി രാജ്യത്തെ വിവിധ മതനേതാക്കളോടും രാഷ്ട്രത്തോടുമായി കര്‍ദ്ദിനാള്‍ പരോളിന്‍ അഭ്യര്‍ത്ഥിച്ചു.
'ദേവദാരുവിന്‍റെ ഈ നാട്' വിശുദ്ധനാടിന്‍റെ ഭാഗമായിരുന്നെന്നും, ക്രിസ്തുവും, അവിടുത്തെ അമ്മയും, ശിഷ്യന്മാരും സന്ദര്‍ശിച്ചിട്ടുള്ള പുണ്യഭൂമിയാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. അതിനാല്‍ മതനേതാക്കള്‍ ഒത്തൊരുമിച്ച്, വേദനിക്കുന്ന ജനത്തിന് ആത്മധൈര്യവും പ്രത്യാശയും പിന്‍തുണയും നല്കണം. സകലരും സഹോദരങ്ങളും ദൈവമക്കളുമാണെന്നുമള്ള ധാരണ കൈവെടിയാതെ പ്രത്യാശയോടെ പുനരുദ്ധാരണത്തിനുള്ള പരിശ്രമങ്ങള്‍ തുടരാം. കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. ഹരീസയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കര്‍ദ്ദിനാള്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ആയിരത്തിഅഞ്ഞൂറോളം പേര്‍ പങ്കെടുത്തിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക