News
ഞങ്ങള്‍ക്കാവശ്യം നിങ്ങളുടെ കരുതലിന്റെ കരം; എയ്ഡ്‌സ് രോഗി സമൂഹത്തോട് ആവശ്യപ്പെടുന്നു
സ്വന്തം ലേഖകന്‍ 18-05-2016 - Wednesday
മാനില: താന്‍ ഏറെ നാള്‍ മറച്ചു പിടിച്ച ഒരു രോഗം മറ്റുള്ളവരോടു തുറന്നു പറഞ്ഞപ്പോള്‍ ലഭിച്ച കരുതലിന്റെ സ്‌നേഹ തണലിലാണു ഫൗസ്റ്റീന്‍ ആന്‍ജലീസ് എന്ന 23 വയസുകാരന്‍. ഫൗസ്റ്റീന്‍ ഫിലിപ്പിയന്‍സ് സ്വദേശിയാണ്. ഫൗസ്റ്റീന് എയ്ഡ്‌സ് രോഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണു ബാധിച്ചത്. ആദ്യം രോഗത്തെ അംഗീകരിക്കുവാന്‍ ഫൗസ്റ്റീനു സാധിച്ചിരുന്നില്ല. മുറിയടച്ച് ആരോടും ഒന്നും പറയാതെ മാസങ്ങളോളം ഫൗസ്റ്റീന്‍ ഇരുന്നു. എന്നാല്‍ തന്റെ മനസിലെ പ്രശ്‌നം മറ്റുള്ളവരോടു തുറന്നു പറഞ്ഞപ്പോള്‍ ദൈവവിശ്വാസികളുടെ സഭയില്‍ നിന്നും അദ്ദേഹത്തിനു വലിയ കരുതലാണു ലഭിച്ചത്.
ലോകമെമ്പാടുമുള്ള എയ്ഡ്‌സ് രോഗികളെ കരുതണമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചു കഴിഞ്ഞ ദിവസം മെഴുകുതിരി തെളിയിക്കല്‍ സംഗമം നടന്നിരുന്നു. ഫൗസ്റ്റീന്‍ മെഴുകുതിരികള്‍ തെളിയിച്ച് ആ വെളിച്ചത്തില്‍ ഇരുന്നു തന്റെ അനുഭവം വിവരിക്കുന്നു. "രോഗികളായ ഞങ്ങള്‍ നിങ്ങളുടെ പരിചരണവും സ്‌നേഹവും കരുതലുമാണ് ആഗ്രഹിക്കുന്നത്. പലപ്പോഴും പലരും ഞങ്ങളെ മാറ്റി നിര്‍ത്തുന്നു. ഇതു മനസില്‍ വേദനയുളവാക്കുന്നു. പലകാരണങ്ങളാലാണു പലരും രോഗികളായത്. ഇതില്‍ പലരും ഒരു തെറ്റും ചെയ്യാത്തവരാണ്. സമൂഹം ഇതുമനസിലാക്കണം". ഫൗസ്റ്റീന്‍ പറയുന്നു.
കത്തോലിക്ക സഭ ഫിലിപ്പിയന്‍സില്‍ എയ്ഡ്‌സ് ബാധിച്ചവരെ കരുതുവാന്‍ പ്രത്യേക ഹൗസുകള്‍ ആരംഭിച്ചിട്ടുണ്ട്. സഭയുടെ സേവനം വിലമതിക്കുവാന്‍ കഴിയാത്തതാണെന്നു ഫൗസ്റ്റീന്‍ പറയുന്നു. തന്റെ അമ്മയുടെ സഹോദരനും ബിഷപ്പുമായ ലൂയിസ് അന്റോണിയോ ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ രോഗികളുടെ ഇടയില്‍ ചെയ്യുന്ന സേവനം വലിയതാണെന്നും ഫൗസ്റ്റീന്‍ സ്മരിക്കുന്നു. ബിഷപ്പുമാര്‍ നടത്തുന്ന പ്രാര്‍ത്ഥനയിലും വിശുദ്ധ ബലിയിലും നിരവധി രോഗം ബാധിച്ചവര്‍ പങ്കെടുക്കുന്നു. ഇതിലൂടെ രോഗികള്‍ക്കു മനസിനും ശരീരത്തിനും ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്.
ഫൗസ്റ്റീനു തന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നവരോടു ചില വാക്കുകള്‍ കൂടി പറയുവാനുണ്ട്. "എനിക്കായിട്ടുള്ള പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ ദയവായി നിര്‍ത്തരുത്. ഞാന്‍ മരിച്ചു പോയാലും നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. പിന്നെ എയ്ഡ്‌സ് രോഗികളെ ദയവായി ഒറ്റപ്പെടുത്തരുത്. ക്രിസ്തു ആരേയും ഒറ്റപ്പെടുത്തിയിരുന്നില്ല."
