News - 2025

അധികാരമേല്‍ക്കും മുമ്പേ ഫിലിപ്പിയന്‍സില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 19-05-2016 - Thursday

മനില: ഫിലിപ്പിയന്‍സ് പ്രസിഡന്റായി ചുമതല ഏല്‍ക്കുവാനിരിക്കുന്ന റോഡ്രിഗോ ഡ്യുട്യേര്‍ടിനെതിരെ ഫിലിപ്പിയന്‍സില്‍ എതിരഭിപ്രായങ്ങള്‍ ശക്തമാകുന്നു. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് വിചാരണയും ശിക്ഷയും നേരിടുന്നവരെ വധിക്കുമെന്ന നിയുക്ത പ്രസിഡന്റിന്റെ തിരുമാനം എല്ലാ മേഖലയില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. ഫിലിപ്പിയന്‍സിലെ ഡവോയില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡ്യുട്യേര്‍ട് 40 ശതമാനത്തോളം വോട്ടുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. 60 ശതമാനം ആളുകളും അദ്ദേഹത്തിന് എതിരാണെന്നിരിക്കെ പല സുപ്രധാന നടപടികളിലും അദ്ദേഹം സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിലിപ്പിയന്‍സില്‍ വധശിക്ഷയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിരോധനം താന്‍ ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ നീക്കുമെന്നും ഗര്‍ഭഛിദ്രവും വന്ധ്യകരണവും വ്യാപകമാക്കുവാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഡ്യൂട്യേര്‍ടിന്റെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്കെതിരേ കത്തോലിക്ക സഭ രംഗത്തു വരുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാത്രികാലങ്ങളിലെ മദ്യനിരോധനവും ചൂതുകളിയും നിയന്ത്രിക്കുമെന്ന നടപടികളോടു സഭയ്ക്കു യോജിപ്പാണ്. ഡ്യൂട്യേര്‍ടിനെ പൂര്‍ണ്ണമായും സഭ എതിര്‍ക്കുകയില്ലെന്നും അദ്ദേഹത്തിന്റെ എല്ലാ നല്ല തീരുമാനങ്ങള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടായിരിക്കുമെന്നും സഭ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിലിപ്പിയന്‍സ് സന്ദര്‍ശനം നടത്തിയ മാര്‍പാപ്പയെ പരസ്യമായി അപമാനിക്കുന്ന രീതിയില്‍ ഡ്യുട്യേര്‍ട് മുമ്പ് സംസാരിച്ചിരുന്നു. അധികാരത്തില്‍ എത്തിയ ശേഷം മാര്‍പാപ്പയേ നേരില്‍ കണ്ട് മാപ്പ് പറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജീവന്റെ അവകാശങ്ങള്‍ക്കു നേരെയുള്ള ഡ്യുട്യേര്‍ടിന്റെ കടന്നു കയറ്റം ഫിലിപ്പിയന്‍സ് ജനത അനുവദിച്ചു നല്‍കുവാനുള്ള സാധ്യതയില്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Related Articles »