News

ഇറാക്കില്‍ പന്ത്രണ്ടുകാരിയെ ഐഎസ് തീവ്രവാദികള്‍ ചുട്ടുകൊന്നു; മരണത്തിന്റെ വേദനയിലും തീവ്രവാദികളോടു ക്ഷമിച്ച് പെണ്‍കുഞ്ഞ്

സ്വന്തം ലേഖകന്‍ 20-05-2016 - Friday

മൊസൂള്‍: മനുഷ്യ മനസുകളെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാത്രം കുറച്ചു നാളായി വരുന്ന ഇറാക്കില്‍ നിന്നും വീണ്ടുമൊരു ദാരുണ സംഭവം കൂടി. ക്രൈസ്തവരില്‍ നിന്നും നികുതി പിരിക്കുവാന്‍ എത്തിയ തീവ്രവാദികള്‍ പന്ത്രണ്ടുകാരിയായ ബാലികയെ അമ്മയുടെ കണ്‍മുന്നിലിട്ടു കത്തിച്ചു. ഇറാക്കിലെ മൊസൂളിലാണു സംഭവം നടന്നത്. വാതിലില്‍ വന്നു മുട്ടിയ തീവ്രവാദികള്‍ക്കു കതകുകള്‍ തുറന്നു നല്‍കിയ വീട്ടമ്മയോട് നികുതി പണം നല്‍കുവാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു.

"പണം എടുത്തുകൊണ്ടു നല്‍കാം, എന്റെ മകള്‍ കുളിക്കുകയാണ്. ഞാന്‍ അവളെ ഒന്നു തുടയ്ക്കട്ടെ ദയവായി ഒരു നിമിഷം കാത്തിരിക്കു" എന്നു പറഞ്ഞ വീട്ടമ്മയ്ക്കു തീവ്രവാദികള്‍ നല്‍കിയ ശിക്ഷ വളരെ വലുതായിരുന്നു. കിരാതമായി അവര്‍ ആ പിഞ്ചു കുഞ്ഞിനെ കുളിമുറിയില്‍ കയറി ചുട്ടുകരിച്ചു. അമ്മയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റു.

ഇറാക്കിലും സിറിയയിലും ക്രൈസ്തവരും യസീദി സമുദായത്തില്‍ ഉള്‍പ്പെട്ടവരും അനുദിനം പീഡനങ്ങള്‍ക്ക് ഇരയാകുകയാണ്. ജാക്വിലിന്‍ ഐസക് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വെളിയില്‍ കൊണ്ടുവന്നത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് അവര്‍ അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ കരഞ്ഞുകൊണ്ടു വിവരിച്ചു. "ചില ദിവസങ്ങളില്‍ ക്രൈസ്തവരുടെ വീടിന്റെ മുന്നില്‍ ഒരു കറുത്ത കവര്‍ കാണും. തുറന്നു നോക്കുന്ന മാതാപിതാക്കള്‍ വലിയ വായില്‍ നിലവിളിക്കും. തങ്ങളുടെ മക്കളുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളാണ് ആ കവറുകള്‍ക്കുള്ളില്‍. കൂടെ ഒരു സിഡിയോ മൊബൈല്‍ ഫോണോ കാണും. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തതിന്റെ ദൃശ്യങ്ങളാകും അതില്‍". ജാക്വൂലിന്റെ വാക്കുകളാണിത്.

മൊസൂളില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊള്ളലേറ്റ തന്റെ മകളേയും താങ്ങി ക്രൈസ്തവയായ വീട്ടമ്മ സമീപത്തു തന്നെയുള്ള ആശുപത്രിയിലേക്കു ഓടി. ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടുകാരി അമ്മയോടു പറഞ്ഞത് ഇങ്ങനെയാണ്. "അമ്മേ അവര്‍ക്ക് അറിവില്ല. നമ്മള്‍ അവരോടു ക്ഷമിക്കണം. ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു". ഈ വാക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവള്‍ മരണത്തിനു കീഴടങ്ങി. ഇരുളിന്റെ നടുവിലാണു പ്രകാശം പരത്തുന്ന ഈ കുഞ്ഞുമാലാഖ ജീവിച്ചിരുന്നതെന്ന കാര്യം ആരും മറക്കരുതെന്ന വാക്കുകളാണു ജാക്വൂലിന്‍ സമ്മേളനത്തില്‍ പറഞ്ഞത്.

ഇറാക്കിലും സിറിയയിലും ക്രൈസ്തവര്‍ ഐഎസ് ഭീകരരുടെയും മറ്റു തീവ്രവാദികളുടെയും കൊലകത്തിക്ക് ഇരയാകുകയാണ്. ക്രൈസ്തവരായി ഇറാക്കില്‍ ജീവിക്കണമെങ്കില്‍ നസ്‌റിയന്‍ എന്ന പേരില്‍ തീവ്രവാദികള്‍ പിരിക്കുന്ന ഭീമമായ നികുതി പണം നല്‍കണം. ഇറാക്കിലേയും സിറിയയിലേയും നിരവധി ചരിത്രപ്രാധന്യമുള്ള ദേവാലയങ്ങള്‍ ഭീകരര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.