Meditation. - May 2024
ഓരോ സ്ത്രീയുടെയും മാതൃത്വത്തിന് ലഭിക്കേണ്ട പരിഗണനയും സ്നേഹവും വാക്കുകൾക്ക് അതീതം
സ്വന്തം ലേഖകന്‍ 20-05-2024 - Monday
''കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല'' (1 യോഹ. 3:1).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 20
മാതൃത്വം ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ ചിലപ്പൊഴൊക്കെ, അത് വലിയ നിരാശയുടേയും വേദനകളിലൂടെയും കടന്ന് പോകുന്നതിന് കാരണമായി തീര്‍ന്നേക്കാം. ഒരു രീതിയിൽ പറഞ്ഞാൽ ഉദരത്തിൽ കുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാർക്ക് മാതൃത്വം ഒരു പരീക്ഷയാണ്, ഒരു മാതൃഹൃദയം ഒരുപാട് വില കൊടുക്കേണ്ടിവരുന്ന ഒരു കഠിന പരീക്ഷ. ഗര്‍ഭാരിഷ്ട്ടതകള്‍ക്ക് എതിരായി എത്ര കഠിനമായാണ് അവര്‍ പോരാടേണ്ടത്?
ഓരോ സ്ത്രീയുടെയും മാതൃത്വത്തിന് 'ലഭിക്കേണ്ട' പരിഗണനയും സ്നേഹവും വാക്കുകൾക്ക് അതീതമാണ്. ഗർഭിണിയായിരിക്കുന്ന കാലഘട്ടത്തിൽ അവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സംഘർഷങ്ങൾ "ചെന്നായ്ക്കളുമായി മല്ലിടുന്ന കുഞ്ഞാടുകള്‍ക്ക്" തുല്യമാണ്. ഒരു സ്ത്രീ ഗർഭിണിയായിരിക്കുന്ന കാലഘട്ടം അകമഴിഞ്ഞ സ്നേഹവും പരിഗണനയും ലഭിക്കേണ്ട ഒരു സമയമാണെന്ന കാര്യം നമ്മിൽ പലരും മറക്കുന്നുണ്ട്. മാതൃത്വത്തിന്റെ മഹനീയത പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തുന്നില്ലയെന്നത് വേദനാജനകമാണ്.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീ മാതൃത്വത്തിനായി ഒരുങ്ങുമ്പോൾ തന്റെ സഹനങ്ങൾ സകലതും സന്തോഷപൂർവ്വം ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. ദൈവസ്‌നേഹത്തിലാണ്, ഓരോ അമ്മമാരും ശക്തമായ പിന്തുണ തേടേണ്ടത്. തന്റെ കഷ്ട്ടപാടും ദുരിതവും ഒരു ദൈവപൈതലിന് വേണ്ടിയാണെന്ന ചിന്ത ഓരോ അമ്മമാര്‍ക്കും പ്രത്യാശ പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
ഒരു ശിശുവിനെ ഗര്‍ഭം ധരിക്കുക, ജന്മം നല്‍കുക, കൗമാരത്തിലേക്കും യൌവനത്തിലേക്കും വളര്‍ത്തിയെടുക്കുക, ഇങ്ങനെ അവള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന സകല പ്രവര്‍ത്തികളിലും അവള്‍ക്ക് കഴിവ് നല്‍കുന്നത് പിതാവായ ദൈവത്തിന്റെ സ്‌നേഹമാണ്; വി. യോഹന്നാന്‍ പ്രസ്താവിക്കുന്നതുപോലെ, ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു. ["പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും" (1 യോഹ. 3:2)].
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.4.94)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.