Life In Christ - 2025
കോവിഡ്: കത്തോലിക്ക സഭയുടെ സേവനങ്ങള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്
പ്രവാചക ശബ്ദം 03-10-2020 - Saturday
ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ ധീരമായി പോരാടുന്ന കത്തോലിക്ക സമൂഹത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് അതിരൂപത സംഘടിപ്പിച്ച എഴുപത്തിയഞ്ചാമത് വാര്‍ഷിക എഐ സ്മിത്ത് ധനസമാഹരണ പരിപാടിയ്ക്കായി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും പ്രസിഡന്റു സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോ ബൈഡനും ആശംസ അറിയിച്ചിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തേയും ദേശീയ തലത്തില്‍ ദൈവ വിശ്വാസവും, വിശ്വാസാധിഷ്ഠിത സംഘടനകളും വഹിക്കുന്ന പങ്കിനേയും സംരക്ഷിക്കുക എന്നതു തന്റെ പ്രധാന മുന്‍ഗണനകളിലാണെന്ന് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് അതിരൂപതയിലെ കത്തോലിക്ക സമൂഹം കത്തോലിക്ക വിശ്വാസത്തിന്റെ സത്ത ലോകത്തിനു കാണിച്ചു കൊടുത്തുവെന്നും അവശ്യ സമയത്ത് കത്തോലിക്കര്‍ കാണിച്ച ഉദാരമനസ്കതക്ക് താന്‍ നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു. കത്തോലിക്ക സഭയേക്കാള്‍ ന്യൂയോര്‍ക്കിനും, അമേരിക്കയ്ക്കും ലോകത്തിനുമായി നല്ലത് ചെയ്തവര്‍ ചരിത്രത്തില്‍ കുറവാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും ഇന്ന്‍ അധികമാണെന്നും ട്രംപ് പറഞ്ഞു. സഹപൗരന്‍മാരേ സേവിക്കുവാനും, മാനുഷികതയെ ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള കത്തോലിക്ക സഭയുടെ ശ്രമങ്ങളെ അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ താന്‍ സംരക്ഷിക്കുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപിന്റെ സന്ദേശം അവസാനിക്കുന്നത്. കത്തോലിക്ക സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും നടത്തിവരാറുള്ള ധനസമാഹരണ പരിപാടിയാണ് ‘എഐ സ്മിത്ത് ഡിന്നര്‍’ എന്നറിയപ്പെടുന്ന ആല്‍ഫ്രഡ് ഇ. സ്മിത്ത് മെമോറിയല്‍ ഫൗണ്ടേഷന്‍ ഡിന്നര്‍. മഹാമാരിയെ തുടര്‍ന്നു വിര്‍ച്വലായിട്ടാണ് ഇക്കൊല്ലത്തെ പരിപാടി സംഘടിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
