Arts - 2024
വിശുദ്ധ കുര്‍ബാനയും ആരാധനകളും യാമപ്രാർത്ഥനകളും തത്സമയം ലഭ്യമാക്കുവാന്‍ വെബ്സൈറ്റുമായി കാർളോ ബ്രദേഴ്സ്
പ്രവാചക ശബ്ദം 04-10-2020 - Sunday
കൊച്ചി: കത്തോലിക്ക സഭയിൽ വത്തിക്കാനുമായി ഐക്യത്തിലുള്ള എല്ലാ വ്യക്തിഗത സഭകളിലെയും തിരുകർമ്മങ്ങൾ ആരാധനകൾ, യാമപ്രാർത്ഥനകൾ എന്നിവ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ലൈവായി സംപ്രേക്ഷണം ചെയ്യുവാന്‍ carlohub.com എന്ന വെബ്സൈറ്റുമായി കാർളോ ബ്രദേഴ്സ്. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായ കാര്‍ളോ അക്യൂട്ടിസിന്റെ ജീവിത സന്ദേശത്തില്‍ ആകൃഷ്ട്ടരായി നിരവധി ശുശ്രൂഷകള്‍ ആരംഭിച്ച ബ്രദർ എഫ്രെം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ചേർന്നാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ബ്രദർ ജോണിന്റെ സഹോദരൻ ലിജോ ജോർജും സംരഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ മാർ ജോർജ് ആലഞ്ചേരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കാർളോ ഹബ് എന്ന പേരിൽ ഔദ്യോഗിക യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നവ സുവിശേഷവത്കരണ മാധ്യമങ്ങളിലുടെ നടത്തുവാൻ ഇരുവരും കാട്ടുന്ന തീക്ഷണതയെ കര്‍ദ്ദിനാള്‍ അനുമോദിച്ചു. ഒരു ഇടയനും ഒരു തൊഴുത്തും ഇനി വെറും വാക്കുകളല്ലായെന്നും ലോകമുഴുവനുമുള്ള സെമിനാരി വിദ്യാർത്ഥികൾക്ക് ഇവരുടെ പ്രവർത്തനം വളരെ മാതൃകപരമാണെന്നും ജെറുസേലം ലത്തീൻ പാത്രിയർക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്‌റ്റ പിസബല്ല വാട്സാപ്പ് സന്ദേശത്തിലൂടെ പറഞ്ഞു. എല്ലാ സഭകളിലെയും കുർബാനകൾ ലൈവായി എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ 12 വ്യക്തി സഭകളുടെ കുർബാനകളും സഭാ തലവന്മാരുടെ പ്രസംഗങ്ങളും ഈ വെബ്സൈറ്റിൽ ലൈവായി ലഭിക്കുന്നതാണ്.
കത്തോലിക്കാ സഭയുടെ സത്യ വിശ്വാസങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ചേര്‍ന്ന് ഒരുക്കിയ 'കാര്‍ളോ വോയ്സ്' എന്ന മാഗസിന്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ഫ്രാൻസിസ് പാപ്പ, സഭയിലെ പാത്രിയാര്‍ക്കീസുമാർ, നൂറിലധികം മെത്രാന്മാർ അടക്കം നിരവധി പ്രമുഖര്‍ ഇരുവരെയും അനുമോദിച്ചുകൊണ്ട് ഇ മെയില്‍ സന്ദേശങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അയച്ചിരിന്നു. തിരുസഭയിൽ ഒരുമയുടെ ഒരു പുതിയ കാലഘട്ടത്തിനാണ് വെബ്സെറ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും കാര്‍ളോ ബ്രദേഴ്സ് അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക