News - 2025
കർദ്ദിനാൾ പദവിയിലേക്ക് 13 പേർ കൂടി: 9 പേര്‍ക്ക് കോണ്‍ക്ലേവില്‍ വോട്ടവകാശം
പ്രവാചക ശബ്ദം 25-10-2020 - Sunday
വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് പുതിയതായി 13 പേരെ കൂടി ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷമാണ് പാപ്പ കർദ്ദിനാളുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. നവംബർ 28നു നടക്കുന്ന കൺസിസ്റ്ററിയിൽ ഇവർ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, മെത്രാൻമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി മാർപാപ്പ അടുത്തിടെ തിരഞ്ഞെടുത്ത മാരിയോ ഗ്രച്ച്, കർദ്ദിനാൾ ആഞ്ചലോ ബെച്യു രാജിവെച്ച ഒഴിവിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് മര്‍സെലോ സെമെറാരോ തുടങ്ങിയവർ പട്ടികയിലുണ്ട്.
2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നയാളാണ് ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി. 2005 മുതൽ 2019ൽ വാഷിംഗ്ടൺ ആർച്ച് ബിഷപ്പായി നിയമനം ലഭിക്കുന്നതുവരെ അറ്റ്ലാൻറ്റ അതിരൂപതയിലാണ് ഗ്രിഗറി സേവനം ചെയ്തിരുന്നത്. കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ബിഷപ്പാണ് അദ്ദേഹം. തന്റെ ധ്യാന ഗുരുവായ ഫാ. റെനീറോ കന്താലമെസയ്ക്കും പാപ്പ കർദ്ദിനാൾ പദവി നൽകി. കർദ്ദിനാൾ തിരുസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുളളവർ ഇവരാണ്;
ചിലിയിലെ സാന്തിയാഗോ ആർച്ച് ബിഷപ്പ് സെലസ്റ്റിനോ ഏയോസ് ബ്രാകൊ, കിഗാളി ആർച്ച് ബിഷപ്പ് ആൻറ്റോയിൻ കബാണ്ട, ഫിലിപ്പീൻസിലെ കാപ്പിസ് ആർച്ച് ബിഷപ്പ് ജോസ് ഫുയർട്ടേ, ബ്രൂണയിൽ നിന്നും കൊർണേലിയൂസ് സിം, ഇറ്റലിയിൽ നിന്നും ആർച്ച് ബിഷപ്പ് അഗസ്റ്റോ പൗലോ ലോജുഡിസ്, ഫ്രാ മൗറോ ഗംബേറ്റി, മോൺസിഞ്ഞോർ എൻറികോ ഫെറോസി മെക്സിക്കോയിൽ നിന്നും എമിരിറ്റസ് ബിഷപ്പ് ഫിലിപ്പ് അരിസ്മെൻഡി എസ്കൂവൽ, ആർച്ച് ബിഷപ്പ് സിൽവാനോ മരിയ തോമാസി. കർദ്ദിനാൾ പദവി നൽകപ്പെടാൻ പോകുന്ന ഒന്‍പതു പേർ 80 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവർക്ക് മാത്രമാണ് അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളൂ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക