News

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ മമത ബാനര്‍ജിയും

സ്വന്തം ലേഖകന്‍ 23-05-2016 - Monday

കൊല്‍ക്കത്ത: ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തിയ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ വത്തിക്കാനിലേക്കു പോകും. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 2016 സെപ്റ്റംബര്‍ നാലാം തീയതിയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് മദര്‍തെരേസ തുടങ്ങിയ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും അനേകരുടെ കണ്ണീരൊപ്പുന്നുണ്ട്.

സമാധാനത്തിന്റെയും ശാന്തിയുടെയും സേവനത്തിന്റെയും സന്ദേശം ജീവിത വ്രതമാക്കിയ മദര്‍ തെരേസ ഇന്ത്യയില്‍ ജനിച്ച വ്യക്തിയല്ല. അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് ആണ് ക്രിസ്തു സ്‌നേഹം ലോകത്തിനു പ്രവര്‍ത്തിയിലൂടെ കാണിച്ചു നല്‍കിയ മദര്‍തെരേസയായി മാറിയത്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ ഇന്ത്യക്കാരിയായി കാലം മദര്‍തെരേസയെ മാറ്റി. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കിയാണ് രാജ്യം പാവങ്ങളുടെ അമ്മയെ ആദരിച്ചത്.

എന്നാല്‍ അടുത്തിടെ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവന മദര്‍തെരേസയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ വലിയ മുറിവുകളാണ് വരുത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മദര്‍തെരേസയുടെ സേവനത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റുക എന്നതാണ് മദര്‍തെരേസ തന്റെ സേവനങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഏറെ വിവാദമായിരിന്നു. ജാതി-മത വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നു വന്നത്.

ബംഗാളിലെ ജനതയ്ക്കു വൈകാരികമായി ഏറെ അടുപ്പമുള്ള മദര്‍തെരേസയെ ഇത്തരത്തില്‍ അധിക്ഷേപിച്ചതിനെതിരെ മമത ബാനര്‍ജിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നിരുന്നു. ബംഗാളില്‍ ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടുകള്‍ പോലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടുവാന്‍ സാധിച്ചിരുന്നില്ല.

മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിലൂടെ ക്രൈസ്തവ സമൂഹത്തോടുള്ള തന്റെ പിന്തുണ കൂടിയാണ് മമത അറിയിക്കുന്നത്. വിശുദ്ധയായി മാറുന്ന മദര്‍തെരേസ സേവനം ചെയ്തിരുന്ന നഗരം ഇന്നു ഭരിക്കുന്നത് വിവാഹിതയാവാത്ത മമത ബാനര്‍ജിയാണെന്നതു കാലം കരുതിവെച്ച മറ്റൊരു കൗതുകം. ജീവിച്ച നാളുകളില്‍ തന്നെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഒരേ പോലെ സ്വീകാര്യയായ വ്യക്തിത്വമായി മദര്‍തെരേസ മാറിയിരുന്നു.