News - 2025

ഇസ്ലാം മതവിശ്വാസികളെ രക്ഷയുടെ മാര്‍ഗത്തിലേക്കു നയിക്കേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വം: കര്‍ദ്ദിനാള്‍ കൂര്‍ട്.

സ്വന്തം ലേഖകന്‍ 24-05-2016 - Tuesday

ലണ്ടന്‍: ഇസ്ലാം മതവിശ്വാസികളെ ക്രിസ്തുവിനെ കുറിച്ച് പഠിപ്പിക്കേണ്ടതും ക്രിസ്തുമാര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടു വരേണ്ടതും ക്രൈസ്തവരുടെ പ്രധാന കര്‍ത്തവ്യമാണെന്നു കര്‍ദിനാള്‍ കൂര്‍ട് കൊച്. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൂള്‍ഡ് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന സഭാ ഐക്യപ്രസ്താനങ്ങളുടെ കോൺഫ്രൻസിലാണ് കര്‍ദിനാള്‍ തന്റെ പ്രതികരണം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സഹായികളില്‍ ഒരാളാണ് കര്‍ദിനാള്‍ കൂര്‍ട്. വത്തിക്കാന്റെ സഭൈക്യ പ്രസ്താനങ്ങളുടെ ചുമതല വഹിക്കുന്നതും കൂര്‍ട് തന്നെയാണ്.

"നമ്മുടെ പ്രധാന ദൗത്യമാണിത്. കാരണം ക്രിസ്തുവിനെ അറിയാതെ ഒരു സംഘം ആളുകള്‍ ഇവിടെ ജീവിക്കുന്നുവെന്നതു തന്നെ നമുക്ക് വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികളായവര്‍ക്കു ക്രിസ്തുവിനെ കുറിച്ചും രക്ഷയെ കുറിച്ചും അറിവില്ല. അതിനാല്‍ അവര്‍ പലരും തീവ്രവാദത്തിന്റെ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നു". കര്‍ദിനാള്‍ കൂര്‍ട് പറയുന്നു. ജൂതന്‍മാരെ ക്രൈസ്തവരാക്കുന്നതില്‍ നാം താല്‍പര്യമെടുക്കേണ്ടതില്ലെന്നും ജൂത മതത്തെ ക്രൈസ്തവ മതത്തിന്റെ അമ്മയായി കാണാനാകുമെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. ജൂതന്‍മാരുടെ വിശ്വാസങ്ങളും ക്രൈസ്തവരുടെ പഴയനിയമവും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഇല്ല.

"വിശ്വാസികളുടെ പിതാവായ അബ്രഹാമില്‍ നിന്നുമാണ് ക്രൈസ്തവ മതവും, ജൂതമതവും, ഇസ്ലാം മതവും ഉണ്ടായത്. എന്നാല്‍ ഇസ്ലാം മതത്തിലെ വിശ്വാസങ്ങള്‍ക്കു മറ്റു രണ്ടു മതത്തിന്റെ വിശ്വാസങ്ങളുമായി ചേര്‍ച്ചയില്ല. ഇതിനാല്‍ തന്നെ അവര്‍ തെറ്റായ രീതിയിലേക്കു കടന്നു പോകുന്നു. ജൂതന്‍മാര്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വരുന്നില്ല, കാരണം നമ്മുടെ വിശ്വാസങ്ങളുമായി വളരെ അധികം അടുപ്പം പുലര്‍ത്തുന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. മതഗ്രന്ഥങ്ങളില്‍ അടിസ്ഥാനപ്പെടുത്തി നാം പഠനം നടത്തിയാല്‍ ജൂതന്‍മാരുമായി നമുക്ക് ഐക്യപ്പെടുവാന്‍ കഴിയും. എന്നാല്‍ ഇസ്ലാമിലെ ആശയങ്ങള്‍ ക്രൈസ്തവ ആശയങ്ങളുമായി പൊരുത്തപെടുകയില്ല". കൂര്‍ട് വിശദീകരിച്ചു.

ലോകത്തിന്റെ പലഭാഗത്തു നിന്നും ഇസ്ലാം മതവിശ്വാസികളായ പലരും ക്രൈസ്തവ മതം സ്വീകരിക്കുന്നുണ്ട്. ബൈബിളിലെ വിശ്വാസ സത്യങ്ങളാണ് അവരെ ക്രൈസ്തവരായി തീരുവാന്‍ പ്രചോദിപ്പിക്കുന്നത്. എന്നാല്‍ രക്ഷയുടെ സുവിശേഷം അറിയാത്തതിനാല്‍ പലരും തെറ്റി നടക്കുകയാണ്. ഈ അവസ്ഥയ്ക്കു മാറ്റം വേണമെങ്കില്‍ ക്രൈസ്തവര്‍ തന്നെ രക്ഷയുടെ സുവിശേഷം ഇസ്ലാം മതവിശ്വാസികളേയും ഇതര മതസ്ഥരേയും അറിയിക്കുവാന്‍ മുന്‍കൈ എടുക്കണം.