News

ഈ മാസം 'ഫാത്തിമയില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു' എന്ന്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം

സ്വന്തം ലേഖകന്‍ 24-05-2016 - Tuesday

2016 മെയ് നാലാം തിയതി ഫാത്തിമയില്‍ കണ്ടത് സൂര്യപ്രകാശത്തിന്റെ അത്ഭുതം മാത്രം. എന്നാല്‍ ഇതിനെ 'ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു' എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പോര്‍ച്ചുഗീസ് ദിനപത്രമായ 'Correio da manha' യാണ് ഈ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ 'Miracle Of Sun' എന്നാണ് പ്രസ്തുത ദിനപത്രം വിശേഷിപ്പിച്ചത്.

പോര്‍ച്ചുഗലിലെ Vila Nova De Ourem-ല്‍ മെയ് നാലാം തിയ്യതി രാവിലെ 8 മണിയോടെ സംഭവിച്ച ഈ അത്ഭുതം നൂറുകണക്കിനു വിശ്വാസികള്‍ ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഔറത്തു നിന്നും കാക്സറിയിലേക്ക് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണ മദ്ധ്യേ അസാധാരണമായ ഒരു പ്രകാശം സൂര്യനില്‍ നിന്നും അവിടേക്ക് പതിച്ചു. ഇത് അവിടെ കൂടിയിരിന്ന നൂറുകണക്കിനു വിശ്വാസികള്‍ ദര്‍ശിച്ചു. ഈ സംഭവത്തെയാണ് മാതാവിന്റെ പ്രത്യക്ഷപെടലായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനു മുന്‍പും ഇത് പോലുള്ള 'Miracle Of Sun' സംഭവിച്ചിട്ടുണ്ട്. 2011 മെയ് മാസത്തില്‍ നടന്ന സൂര്യപ്രകാശത്തിന്റെ അത്ഭൂതത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

(ഈ സംഭവത്തെക്കുറിച്ച് Correio da manha പുറത്തിറക്കിയ പോർച്ചുഗീസ് ഭാഷയിലുള്ള വീഡിയോ)

പോര്‍ച്ചുഗലിലെ 'Shrine Of Our Lady Of Fathima' അധികൃതര്‍ ഈ സംഭവത്തെ ക്കുറിച്ച് ഇപ്രകാരമാണ് പ്രതികരിച്ചത്, "ഈ മാസം നാലാം തിയ്യതി ഫാത്തിമയില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. ഇതേ ദിവസം അവിടെ കൂടിയിരിന്ന ചില വിശ്വാസികള്‍ സൂര്യനില്‍ നിന്നും ഒരു പ്രത്യേക പ്രകാശം അവിടെക്കു പതിക്കുന്നതായി കണ്ടു. എന്നാല്‍ ഇത് ദര്‍ശിക്കാത്ത വിശ്വാസികളും ആ കൂട്ടത്തില്‍ ഉണ്ടായിരിന്നു. ഈ സംഭവം നടന്ന സ്ഥലത്തെ ഇടവക വികാരിയോ രൂപതയോ ഇതേ കുറിച്ച് യാതൊരു വിധ പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ല".

1917-ല്‍ ഫാത്തിമയില്‍ മൂന്ന്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്കിയെന്നുള്ളത് മാറ്റമില്ലാത്ത സത്യമാണ്. അതിനെ കത്തോലിക്ക സഭ അംഗീകരിക്കുകയും നിരവധി മാര്‍പാപ്പമാര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങളാണ് ഇന്നും ഇവിടെ സംഭവിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഓരോ വര്‍ഷവും കടന്ന്‍ വരുന്നത്.

എന്നാല്‍ സൂര്യപ്രകാശത്തിന്റെ അത്ഭുതത്തെ മാതാവിന്റെ പ്രത്യക്ഷപ്പെടലായി ചിത്രീകരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ 1917-ല്‍ നടന്ന യഥാര്‍ത്ഥ പ്രത്യക്ഷപ്പെടലിനെ പോലും സംശയിപ്പിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചേക്കാം. അതിനാല്‍ ഇതുപോലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നതില്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.