News
ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭയ്ക്കു വന്‍ വളര്‍ച്ച; സഭ ഉപേക്ഷിച്ചു പോകുന്നവര്‍ തീരെ കുറവെന്നും പഠനം
സ്വന്തം ലേഖകന്‍ 25-05-2016 - Wednesday
ലണ്ടന്‍: കത്തോലിക്ക സഭയ്ക്ക് ഇംഗ്ലണ്ടില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നു പഠന റിപ്പോര്‍ട്ട്. 3.8 മില്യണ്‍ കത്തോലിക്കര്‍ ഇംഗ്ലണ്ടില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. കത്തോലിക്ക സഭയിലേക്കു പിന്നീട് ചേര്‍ന്നവരുടെ എണ്ണം 6.2 മില്യണായി ഉയര്‍ന്നു. മേഖലയിലെ സഭയുടെ ശക്തമായ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. സഭയുടെ വിശ്വാസം ഉപേക്ഷിച്ചു പോകുന്നവര്‍ 7.7 ശതമാനമായി കുറയുകയും ചെയ്തിരിക്കുന്നതായും പഠനം തെളിയിക്കുന്നു. മറ്റു സഭകളെ അപേക്ഷിച്ചു കത്തോലിക്ക സഭയിലാണ് ഏറ്റവും കുറവ് ആളുകള്‍ വിശ്വാസം ഉപേക്ഷിച്ചു പോകുന്നത്.
കത്തോലിക്ക റിസര്‍ച്ച് ഫോറമായ ബനഡിക്ടറ്റ് പതിനാറമന്‍ സെന്ററാണു ശാസ്ത്രീയമായ രീതിയില്‍ വിഷയത്തില്‍ പഠനം നടത്തിയത്. സെന്റ് മേരിസ് സര്‍വകലാശാലയുടെ സഹായത്തോടെയാണു പഠനം സംഘടിപ്പിച്ചത്. സഭയുടെ വളര്‍ച്ചക്കു പ്രയോജനപ്പെടുന്ന രീതിയില്‍ പഠനങ്ങള്‍ നടത്തുന്ന സ്ഥാപനമാണിത്. ബ്രിട്ടീഷ് സോഷിയല്‍ ആറ്റിട്യൂഡ്‌സ് സര്‍വേയാണു പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത്. ഇതു പഠനത്തിന്റെ കൃത്യതയെ സൂചിപ്പിക്കുന്നു.
"മറ്റു പല സഭകളുടെയും ആളുകള്‍ വിശ്വാസം ഉപേക്ഷിച്ചു പോകുമ്പോള്‍ കത്തോലിക്ക സഭയ്ക്കു പിടിച്ചു നല്‍ക്കുവാന്‍ സാധിക്കുന്നുണ്ട്. വിശ്വാസികള്‍ സഭയില്‍ അടിയുറച്ചു നില്‍ക്കുന്നു. ഇതു സന്തോഷം നല്‍കുന്ന വസ്തുതയാണ്. ദൈവകൃപയാല്‍ നമുക്ക് ഇതിനു സാധിക്കുന്നു". ബനഡിക്ടറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഡോ. സ്റ്റീഫല്‍ ബുള്ളിവന്റ് പറയുന്നു. ആഫ്രിക്കന്‍, ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവും കത്തോലിക്ക സഭയുടെ വളര്‍ച്ചയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. കത്തോലിക്ക സഭയിലെ വിശ്വാസികളില്‍ 60 ശതമാനവും വനിതകളാണ്. വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാനെത്തുന്ന നാലു കത്തോലിക്കരില്‍ ഒരാള്‍ 65 വയസിനു മുകളിലുള്ള വനിതയാണെന്നും പഠനം പറയുന്നു.
1983-ല്‍ ജനസഖ്യയുടെ 44.5 ശതമാനം പേരും ആംഗ്ലീക്കന്‍ സഭയിലെ വിശ്വാസികളായിരുന്നു. എന്നാല്‍ വലിയ നഷ്ടമാണ് 2014-ല്‍ എത്തിനില്‍ക്കുമ്പോള്‍ ആ സഭയ്ക്ക് ഉണ്ടായിരിക്കുന്നത്. 19 ശതമാനമായി അവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. എന്നാല്‍ കത്തോലിക്ക സഭയിലെ അംഗങ്ങളുടെ എണ്ണം 30 വര്‍ഷങ്ങളായി കൂടി വരുന്നതായും കണക്കുകള്‍ പറയുന്നു. കണക്കുകളില്‍ നാം സന്തോഷിക്കുമ്പോഴും ഇംഗ്ലണ്ടിനു വേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്ന വസ്തുതയിലേക്കും ഇതു വിരല്‍ ചൂണ്ടുന്നു. കാരണം, മുഴുവന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകള്‍ ദൈവവിശ്വാസം ഇല്ലാത്തവരാണ്. 48.5 ശതമാനത്തിനും ഈശ്വര വിശ്വാസം ഇല്ല.
