India - 2024

സിഎസ്‌ഐ മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍ വിരമിക്കുന്നു

പ്രവാചക ശബ്ദം 28-11-2020 - Saturday

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക പന്ത്രണ്ടാമത് അധ്യക്ഷനും മോഡറേറ്ററുമായ റവ. തോമസ് കെ. ഉമ്മന്‍ നാളെ വിരമിക്കും. 2011 മാര്‍ച്ച് അഞ്ചിനു മധ്യകേരള മഹായിടവക അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന ഇദ്ദേഹം വിരമിക്കല്‍ കാലാവധിയായ 67 വയസ് പൂര്‍ത്തിയാക്കിയാണ് തിരുവല്ല തലവടിയിലേക്ക് മടങ്ങുന്നത്. ന്യൂനപക്ഷ അവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, മദ്യവര്‍ജനം, ഹരിത ഇടവകകള്‍ എന്നിവയില്‍ റവ. തോമസ് കെ. ഉമ്മന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു.കേരള ക്രൈസ്തവ മദ്യവര്‍ജനസമിതി പ്രസിഡന്റായിരിക്കെ ഹൈക്കോടതി വിധി മറയാക്കി കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചു.

ഭരണഘടനയിലെ മതനിരപേക്ഷത എടുത്തുകളയാന്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയും ഉയര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. 2018ലെ പ്രളയകാലത്ത് സിഎംഎസ് കോളജും എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിത ബാധിതര്‍ക്കായി തുറന്നുകൊടുത്തു. ഇക്കൊല്ലം വിദ്യഭ്യാസ സ്ഥാപനങ്ങളും പാരിഷ് ഹാളുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്റര്‍ ക്വാറന്റൈന്‍ കേന്ദ്രമായി വിട്ടുകൊടുക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഭവനത്തിലേക്ക് അര്‍ധരാത്രിയില്‍ നടത്തിയ സമരവും വ്യത്യസ്തമായി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ബെഞ്ചമിന്‍ ബെയ്ലി ഹാളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മലങ്കര മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം അധ്യക്ഷത വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും.

ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, റവ. രൂബേന്‍ മാര്‍ക്ക്, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വു


Related Articles »