News - 2025

മദര്‍തെരേസയുടെ ലോകം കണ്ടിട്ടില്ലാത്ത എഴുത്തുകള്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകന്‍ 25-05-2016 - Wednesday

വത്തിക്കാന്‍: വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുവാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മദര്‍തെരേസയുടെ ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത എഴുത്തുകള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു. ആഗസ്റ്റ് 16-ാം തീയതി ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണു മദറിന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുക. കരുണയിലേക്കുള്ള ഒരു വിളി, സ്‌നേഹത്തിനായി ഒരു ഹൃദയം, സേവനത്തിനായി ഒരു കരം എന്നതാണു പ്രസിദ്ധീകരണ ദിനത്തിലെ പ്രധാന ചിന്തയും. മദര്‍തെരേസയുടെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന വാര്‍ത്ത ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണു പ്രശസ്ത വാര്‍ത്താ എജന്‍സിയായ അസോസിയേറ്റ് പ്രസിനെ അറിയിച്ചത്.

2016 സെപ്റ്റംബര്‍ നാലാം തീയതിയാണു വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മദറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച വൈദികനായ ബ്രിയാന്‍ കൊളൊഡിചൂക് ആണ് എഴുത്തുകള്‍ സമാഹരിച്ചതും പ്രസിദ്ധീകരണത്തിനായി ഒരുക്കുന്നതും. എഴുത്തുകള്‍ പ്രധാനമായും പരാമര്‍ശിക്കുന്നതു കരുണയേ കുറിച്ചും ദയയേ കുറിച്ചുമാണെന്നു വൈദികനായ ബ്രായാന്‍ പറയുന്നു. മദര്‍തെരേസ എഴുതിയ എഴുത്തുകളുടെ സമാഹാരമായ 'കം ബീ മൈ ലൈറ്റ്' എന്ന പുസ്തകവും എഴുതിയത് ഫാദര്‍ ബ്രിയാനാണ്. 2007-ല്‍ പുറത്തുവന്ന പുസ്തകത്തിനു വലിയ പ്രചാരണമാണു ലഭിച്ചത്.

പാവങ്ങളുടെ അമ്മ എന്ന നാമത്തില്‍ ലോകം മുഴുവന്‍ തന്റെ സേവനത്തിലൂടെ പ്രശസ്തയായ മദര്‍തെരേസ അല്‍ബേനിയായില്‍ ജനിച്ചു ഇന്ത്യക്കാരിയായി മാറിയ കന്യാസ്ത്രീയാണ്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി നോബല്‍ സമ്മാനം ലഭിക്കുന്ന വ്യക്തിയും മദര്‍തെരേസയാണ്. ഇന്ത്യന്‍ ഭരണകൂടം പരമ്മോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നല്‍കിയാണു മദറിനെ ആദരിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മമതാ ബാനര്‍ജി മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതു കാണുവാന്‍ വത്തിക്കാനില്‍ എത്തുമെന്നു ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു.