Editor's Pick

ലോകമെമ്പാടും മരിയ ഭക്തി വര്‍ദ്ധിക്കുന്നു; പ്രശസ്തമായ നാലു മരിയന്‍ ദേവാലയങ്ങളിലൂടെ ഒരു സഞ്ചാരം

സ്വന്തം ലേഖകന്‍ 26-05-2016 - Thursday

വത്തിക്കാന്‍: ലോകമെമ്പാടും മരിയ ഭക്തി നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുകയാണ്. ദൈവകുമാരനെ ഉദരത്തില്‍ വഹിച്ച കന്യകയുടെ പേരില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പ്രശസ്തമായ ആയിരക്കണക്കിനു ദേവാലയങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. പല സ്ഥലങ്ങളിലെ ദേവാലങ്ങളും മാതാവിന്റെ നേരിട്ടുള്ള പ്രത്യക്ഷതയുടെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ്. മറ്റു പലതും മാതാവിന്റെ മധ്യസ്ഥതയാല്‍ സംഭവിച്ച അത്ഭുതങ്ങളുടെ അടയാളം എന്നതിന്റെ നന്ദി സ്മാരകങ്ങളായി നിലനില്‍ക്കുന്നു. വൈദികനായ മാത്യൂ പിറ്റം ലോകത്തിലെ പ്രശസ്തമായ നാലു മാതാവിന്റെ ദേവാലയങ്ങളിലൂടെ താന്‍ കടന്നു പോയതിന്റെ വിവരം 'കാത്തലിക് ഹെറാള്‍ഡ്' എന്ന ഓണ്‍ ലൈന്‍ മാധ്യമത്തില്‍ വിവരിച്ചിട്ടുണ്ട്. ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു സംഗതിയും ഇതില്‍ ഉണ്ട്. പ്രശസ്തമായ നാലു മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളില്‍ ഒന്നാമതായി അദ്ദേഹം വിവരിക്കുന്നത് തമിഴ്‌നാട്ടിലെ വേളാങ്കണ്ണി പള്ളിയെ കുറിച്ചാണ്. ഓസ്‌ട്രേലിയായിലെ പെന്‍ട്രോസ് പാര്‍ക്ക്, സ്‌പെയിനിലെ വെലാന്‍സിയ, യുഎസിലെ വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങളാണു മറ്റുള്ളവ.

'ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ്' എന്ന നാമത്തിലാണു വേളാങ്കണ്ണി ബസലിക്ക പള്ളി ലോകമെമ്പാടും അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ ദേവാലയമാണിത്. പോര്‍ച്ചുഗീസുകാരാണ് ആദ്യം ഇവിടെ ദേവാലയം പണിതത്. തീരപ്രദേശത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ദേവാലയമാണിത്. കടലില്‍ നിന്നും നേരിടേണ്ടി വന്ന ആപത്തുകളില്‍ നിന്നും തങ്ങളെ രക്ഷിച്ചതിനുള്ള നന്ദിയുടെ സ്മാരകം എന്ന രീതിയിലാണ് ആദ്യം ഇവിടെ ദേവാലയം പണിയപ്പെട്ടത്. ഓലകളാല്‍ മേഞ്ഞ ഒരു ചെറു ദേവാലയമാണ് അന്ന് ഇവിടെ സ്ഥാപിതമായത്. ദൈവകുമാരനേയും വഹിച്ചു കൊണ്ട് മാതാവ് ഇവിടെ മൂന്നു തവണ പ്രത്യക്ഷത നല്‍കിയിട്ടുണ്ടെന്നാണു തലമുറകളായി പറഞ്ഞു വരുന്ന വിശ്വാസം. എന്നാല്‍, വത്തിക്കാനില്‍ നിന്നും മാതാവിന്റെ പ്രത്യക്ഷതയ്ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടില്ല. 1962-ല്‍ പോപ് ജോണ്‍ പതിമൂന്നാമന്‍ മൈനര്‍ ബസലിക്ക എന്ന പദവി ദേവാലയത്തിനു കല്‍പിച്ചു നല്‍കി.

പതിനാറാം നൂറ്റാണ്ടില്‍ ഒരു ഹിന്ദു പാല്‍ക്കാരന്‍ ബാലനു മുന്നിലാണു മാതാവ് ദൈവകുമാരനുമായി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രഭുവിന്റെ വീട്ടിലേക്കു പാലുമായി പോയ ബാലന്റെ മുന്നില്‍ തന്റെ കുഞ്ഞിനു നല്‍കുവാന്‍ കുറച്ചു പാല്‍ തരുമോ എന്ന് ചോദിച്ചു തേജസ്വിനിയായ ഒരു അമ്മ കുഞ്ഞുമായി എത്തി. പാലില്‍ കുറച്ച് അമ്മയ്ക്കു നല്‍കിയ ശേഷം ബാലന്‍ പ്രഭുവിന്റെ വീട്ടില്‍ എത്തി. താന്‍ വരാന്‍ വൈകിയതിന്റെയും പാല്‍ കുറയുവാന്‍ എന്താണു കാരണമെന്നും അവന്‍ പ്രഭുവിനോടു പറഞ്ഞു. പാത്രം പരിശോധിച്ച പ്രഭു കണ്ടത് നിറഞ്ഞ പാല്‍പാത്രമാണ്. ഇതേ തുടര്‍ന്നു പാല്‍ക്കാരന്‍ ബാലനുമൊത്തു കുഞ്ഞിനേയും അമ്മയേയും കണ്ട സ്ഥലത്തേക്ക് പ്രഭു ചെന്നു നോക്കി. ബാലന്‍ പാല്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കിയ സ്ഥലത്തെ കുളത്തിനു സമീപം മാതാവ് വീണ്ടും തന്നെ തേടി വന്ന പ്രഭുവിനും പാല്‍ക്കാരന്‍ ബാലനും പ്രത്യക്ഷത നല്‍കി. 'മാതാകുളം' എന്ന പേരില്‍ ഇന്നും ഇവിടെ ആ പഴയ കുളം സ്ഥിതി ചെയ്യുന്നു. ഇതിനു സമീപത്തായി ഒരു ചാപ്പല്‍ പണികഴിപ്പിച്ചു. രണ്ടു മില്യണില്‍ അധികം വിശ്വാസികളാണ് ഒരോ വര്‍ഷവും ഇവിടെ വരുന്നത്.

'ഔര്‍ ലേഡി ഓഫ് മേഴ്‌സി' എന്ന ഓസ്‌ട്രേലിയായിലെ മാതാവിന്റെ പള്ളിയാണു മറ്റൊരു പ്രശസ്ത ദേവാലയം. പെന്റോസ് പാര്‍ക്ക് എന്ന ഒറ്റപ്പെട്ട സ്ഥലത്താണു ദേവാലയം സ്ഥിതി ചെയ്യുന്നത്. 1382-ല്‍ തന്നെ ഇവിടെ മാതാവിന്റെ രൂപം പോളിന്‍ സഭാ വൈദികരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. 'ഔര്‍ ലേഡി ഓഫ് ജാസ്‌ന ഗോര' എന്ന മാതാവിന്റെ രൂപമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 'ബ്ലാക്ക് മഡോണ' എന്ന പേരിലും ഈ രൂപം പ്രശസ്തമാണ്. എല്ലാ മാസത്തിലെ 13-ാം തീയതിയും ഇവിടെ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കാറുണ്ട്. ഏകാന്തമായ ഈ പ്രദേശത്തെ ദേവാലയത്തില്‍ ഒരോ വര്‍ഷവും മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ എത്താറുണ്ട്.

സ്‌പെയിനിലെ വെലാന്‍സിയായില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് ഫോര്‍സേയ്ക്കണ്‍' ബസലിക്കയാണ് ഫാദര്‍ മാത്യൂ പിറ്റം മൂന്നാമതായി സന്ദര്‍ശനം നടത്തിയ പ്രശസ്ത ദേവാലയം. സ്‌പെയിനിനു പുറത്തേക്കു വലിയ രീതിയില്‍ അറിയപ്പെടാതെ കിടക്കുന്ന ഒരു ദേവാലയമാണിതെന്നും ഫാദര്‍ തന്റെ ലേഖനത്തില്‍ പറയുന്നു. ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ച മാതാവിന്റെ തിരുസ്വരൂപമാണ് ഇവിടെ വച്ചിരിക്കുന്നത്.രണ്ടു കുട്ടികള്‍ മാതാവിന്റെ രൂപത്തിനു താഴെയായി ഇരിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകണം. ഇരുവശങ്ങളിലേക്കും ചലിക്കുന്ന രീതിയില്‍ യന്ത്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോമന്‍ ക്ഷേത്രം മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു സമയം പോലും ദേവാലയത്തില്‍ ഇല്ലെന്നു ഫാദര്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ യൗസേപ്പിന്റെ തിരുനാളും മേയിലെ മാതാവിന്റെ തിരുനാളുമാണ് ഇവിടെ നടത്തപ്പെടുന്ന പ്രധാന ആഘോഷങ്ങള്‍.

അമേരിക്കയില്‍ മാതാവ് പ്രത്യക്ഷപ്പെട്ട ഏക സ്ഥലത്താണു വിസ്‌കോന്‍സിലെ 'ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ്' എന്ന ദേവാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബെല്‍ജിയത്തില്‍ നിന്നും 1855-ല്‍ കുടിയേറിയ എഡീലി ബ്രിസി എന്ന യുവതിക്കാണു മാതാവ് പ്രത്യക്ഷപ്പെട്ടത്. ഈ ദേവാലയമാണ് നാലാമതായി ഫാദര്‍ മാത്യൂ പിറ്റം സന്ദര്‍ശിച്ചത്. 1859-ലെ ഒക്ടോബര്‍ മാസം വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ദൂരെയുള്ള ദേവാലയത്തിലേക്കു നടന്നു പോകുകയായിരുന്നു എഡീലി ബ്രിസിക്ക് മാതാവ് രണ്ടു മരങ്ങളുടെ നടുവില്‍ പ്രത്യക്ഷപ്പെട്ടു. ദേവാലയത്തിലേക്കു പോകുമ്പോള്‍ അവര്‍ മരങ്ങളുടെ ഇടയില്‍ നിന്നിരുന്ന സ്ത്രീയോട് ഒന്നും സംസാരിച്ചില്ല. എന്നാല്‍, തിരികെ വരുമ്പോളും അവരെ നോക്കി അവിടെ തന്നെ നിന്നിരുന്ന സ്ത്രീയുടെ അടുത്തേക്കു കടന്നു ചെന്നു നിങ്ങള്‍ ആരാണെന്നു ബ്രിസി ചോദിച്ചു. 'സ്വര്‍ഗത്തിലെ രാജ്ഞിയാണ് ഞാനെന്നും പാപികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്റെ മുഖ്യ ജോലിയെന്നും' മാതാവ് ബ്രിസിയോടു പറഞ്ഞു. നീയും അങ്ങനെ തന്നെ ചെയ്യണമെന്നു മാതാവ് ബ്രിസിയോടു ആവശ്യപ്പെട്ടു.

പിന്നീട് ഇവിടെ ഒരു ചെറിയ ചാപ്പല്‍ പണികഴിപ്പിക്കപ്പെട്ടു. 1871-ല്‍ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വന്‍ അഗ്നിബാധയുണ്ടായി. രണ്ടായിരം പേര്‍ അന്നു തീയില്‍ വെന്തുമരിച്ചു. ചാപ്പലിനുള്ളില്‍ ഈ സമയം പ്രവേശിച്ച എഡീലി ബ്രിസി ശക്തിയായി പ്രാര്‍ത്ഥിച്ചു. എല്ലാവരും അവരോടു പുറത്തുവരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വിസമ്മതിച്ചു. ചാപ്പല്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മാത്രം തീപിടിച്ചില്ല. ചാപ്പലിന് തീപിടിത്തത്തില്‍ ഒരു കേടും സംഭവിച്ചില്ല. 1880-ല്‍ പഴയ ചാപ്പല്‍ നിന്നിരുന്ന അതെ സ്ഥലത്ത് ഇഷ്ടികയില്‍ തീര്‍ത്ത പുതിയ ദേവാലയം പണികഴിപ്പിച്ചു. ലക്ഷങ്ങളാണ് ഇന്ന് ഇവിടെയ്ക്കു പ്രാര്‍ത്ഥിക്കുവാന്‍ കടന്നു വരുന്നത്.


Related Articles »