India - 2024
തീരദേശവാസികളെ അവഹേളിച്ച യാക്കോബായ മെത്രാനെതിരെ ആർച്ച് ബിഷപ്പ് സൂസപാക്യം
പ്രവാചക ശബ്ദം 15-12-2020 - Tuesday
തിരുവനന്തപുരം: കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പ്രസ്താവന. യാക്കോബായ സുറിയാനി സഭയിലെ ഡോ. ഏലിയാസ് മാർ അത്തനേഷ്യസ് നടത്തിയ വിവാദ പരാമർശ വാക്കുകൾക്ക് മറുപടിയുമായിട്ടാണ് ആർച്ച് ബിഷപ്പ് രംഗത്തു വന്നിരിക്കുന്നത്.
“അവിടെ പള്ളിയില്‍നിന്നുള്ള ആളുകളോ ഇടവകക്കാരോ അല്ല, കടലോരദേശത്തെ മുക്കുവന്മാരെ മാമ്മോദീസ മുക്കി നിര്‍ത്തിയിരിക്കുവാണ്. അവര്‍ക്കു കുരിശുവരയ്ക്കാന്‍ അറിയില്ല, അവര്‍ക്ക് പ്രതിവാക്ക് ചൊല്ലാനറിയില്ല" എന്ന യാക്കോബായ സുറിയാനി സഭയുടെ മെത്രാന്മാരില്‍ ഒരാളായ ഡോ. ഏലിയാസ് മാര്‍ അത്തനിസിയൂസ് തിരുമേനിയുടെ പ്രസ്താവന തീരദേശത്തു വസിക്കുന്ന ലക്ഷക്കണക്കിന് മുക്കുവന്മാരില്‍ ഒരാളായ താനും വേദനയോടെ ശ്രദ്ധിക്കുകയുണ്ടായി എന്ന വാക്കുകളോടെയാണ് ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പ്രസ്താവന ആരംഭിക്കുന്നത്.
ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള മത്സരത്തില്‍ മുക്കുവര്‍ക്കുള്ള പങ്ക് എന്താണെന്നും എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കുരിശുവരച്ചുകൊണ്ടാണോ കുരിശുവഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തില്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ഒരാത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. കുരിശുവരയ്ക്കാനറിയാമെന്ന് അഹങ്കരിച്ചുകൊണ്ട് സമൂഹമധ്യേ മത്സരിക്കുന്നതാണോ തീരദേശത്തിലെ മുക്കുവരെപ്പോലെ ഇപ്രകാരമുള്ള അവഹേളനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കുരിശുവഹിച്ചുകൊണ്ടാണോ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതെന്ന് കുരിശിന്റെ രഹസ്യമറിയാമെന്നഭിമാനിക്കുന്നവര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നാല്‍ കൊള്ളാമായിരുന്നു. 'അങ്ങയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു' എന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികളിൽ ഇക്കഴിഞ്ഞ ഞായറാഴ്ച യാക്കോബായ സഭ വിശ്വാസികൾ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതും അവിടെ ആൾക്കൂട്ടം കൂടിയതുമായി ബന്ധപ്പെട്ട യാക്കോബായ മെത്രാന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക