News - 2025
വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണം: വത്തിക്കാന്‍ ആരാധന ക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ സാറ
സ്വന്തം ലേഖകന്‍ 27-05-2016 - Friday
ദിവ്യബലിയില്‍ വായനകള്‍ക്കും കാഴ്ചവെയ്പ്പ് ശുശ്രൂഷകള്‍ക്കും ശേഷം വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണമെന്ന് വത്തിക്കാന്റെ ആരാധനക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ റോബര്‍ട്ട് സാറ.
പുരാതന ക്രിസ്ത്യാനികള്‍ ആരാധനകളും പ്രാര്‍ത്ഥനകളും നടത്തിയിരിന്നത് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ കൊണ്ടായിരിന്നു. വൈദികരും ജനങ്ങളും ഇപ്രകാരം ഒരേ ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ ബലിയര്‍പ്പിക്കുമ്പോള്‍ വൈദികര്‍ ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയായിരിക്കും എന്നുള്ള വാദഗതിയെ എതിര്‍ത്തു കൊണ്ട് കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. "വൈദികരും ജനങ്ങളും ഒരേ ദിശയിലേക്ക് അതായത് കര്‍ത്താവ് വരുന്ന ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ കൊണ്ടാണ് ബലിയര്‍പ്പിക്കേണ്ടത്".
തന്റെ രണ്ടാം വരവിനെ കുറിച്ച് ക്രിസ്തു തന്നെ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്, "കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പായുന്ന മിന്നല്‍ പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം" (മത്തായി 24:27). അതിനാല്‍ കര്‍ത്താവിനെ കിഴക്ക് നിന്നും പ്രതീക്ഷിച്ചു കൊണ്ട് ആ ദിശയിലേക്ക് വൈദികരും ജനങ്ങളും തിരിയണം എന്ന്‍ കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു. വായനകള്‍ നടക്കുന്ന സമയങ്ങളില്‍ വൈദികനും ജനങ്ങളും മുഖാമുഖം നോക്കണം. ഇപ്രകാരം ജനത്തിന് നേരെ തിരിഞ്ഞു പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ട സന്ദര്‍ഭങ്ങളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മാസികയായ 'ഫാമിലി ക്രിസ്റ്റീനക്ക്' യ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം പറഞ്ഞത്.
കര്‍ദിനാള്‍ സാറയുടെ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. കാരണം സഭയില്‍ ഇപ്പോഴും ചില സ്ഥലങ്ങളില്‍ കാഴ്ചവെയ്പ്പിന് ശേഷം മദ്ബഹായിലേക്ക് തിരിഞ്ഞു നിന്ന്‍ കൊണ്ടാണ് വൈദികര്‍ ബലി അര്‍പ്പിക്കുന്നത്. ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലെ വ്യത്യാസം അനുസരിച്ച് ഇപ്രകാരം തിരിഞ്ഞു നിന്നാലും അത് കിഴക്കോട്ടു ആയിരിക്കണമെന്നില്ല.
കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) എഴുതിയ 'The Spirituality Of The Liturgy' എന്ന പുസ്തകത്തിലും ഇപ്രകാരം വൈദികരും ജനങ്ങളും കിഴക്കോട്ട് ഒരേ ദിശയില്‍ തിരിഞ്ഞു നിന്ന്‍ കൊണ്ട് ബലിയര്‍പ്പിക്കുന്നതിനെ കുറിച്ച് നിര്‍ദ്ദേശിച്ചിരിന്നു.
