News - 2025

ചൈന കരാർ പുനഃപരിശോധിക്കാൻ വത്തിക്കാനോട് ആവശ്യപ്പെടണം: ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ

പ്രവാചക ശബ്ദം 15-01-2021 - Friday

ബെയ്ജിംഗ്: ചൈന - വത്തിക്കാൻ കരാർ പുനഃപരിശോധിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെടണമെന്ന് ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ ആവശ്യപ്പെട്ടു. കോൺഗ്രഷണൽ എക്സിക്യൂട്ടീവ് കമ്മീഷൻ ഓൺ ചൈന വ്യാഴാഴ്ച പുറത്തുവിട്ട 2020-ലെ വാർഷിക റിപ്പോർട്ടിലാണ് വത്തിക്കാനുമായി ചേർന്ന് ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്ക് വേണ്ടി ബൈഡൻ സർക്കാർ പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ചൈനയുമായി ഉണ്ടാക്കിയ കരാർ പുറത്തുവിടാൻ വത്തിക്കാന് മേൽ സമ്മർദ്ധം ചെലുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്. 2018 സെപ്റ്റംബർ മാസമാണ് മെത്രാൻമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളെപ്പറ്റി വത്തിക്കാനും, കരാറിൽ ഒപ്പിട്ടത്.

കഴിഞ്ഞ ഒക്ടോബർ മാസത്തില്‍ കരാർ പുതുക്കിയിരിന്നു. കരാർ പുതുക്കുന്നതിന് തൊട്ടുമുമ്പ് ചൈനയിലെ സർക്കാരുമായി ബന്ധമുള്ള ഹാക്കർമാർ വത്തിക്കാൻ കംപ്യൂട്ടര്‍ ശൃംഖലയിൽ സൈബർ ആക്രമണം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. മെത്രാന്മാരുടെ നിയമത്തിൽ സർക്കാരിന് വലിയ സ്വാധീനം നൽകുന്ന കരാറാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം കരാറിന് ശേഷവും ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളിൽ കുറവൊന്നും വന്നിട്ടില്ല. 2019നേ അപേക്ഷിച്ച് 2020ൽ കൂടുതൽ മതപീഡനങ്ങൾ നടന്നുവെന്നും കോൺഗ്രഷണൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകത്ത് ക്രൈസ്തവ വിശ്വാസം ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.


Related Articles »