Seasonal Reflections - 2024

ജോസഫ് - രക്ഷകന്റെ രക്ഷകന്‍

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 20-02-2021 - Saturday

വിശുദ്ധ യൗസേപ്പിതാവിനെ രക്ഷകൻ്റെ രക്ഷകൻ എന്നു വിളിച്ചത് ഫ്രഞ്ചു വിപ്ലവത്തിലെ പീഡനങ്ങൾ അതിജീവിക്കുകയും പിന്നീട് സൊസേറ്റി ഓഫ് മേരി (Society of Mary) എന്ന സന്യാസ സഭയ്ക്കു രൂപം നൽകുകയും ചെയ്ത വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനെയ്ഡ് (William Joseph Chaminade) എന്ന കത്തോലിക്കാ വൈദീകനാണ്. ഫ്രഞ്ചുവിപ്ലവത്തിലെ തിന്മയുടെ സ്വാധീനങ്ങളെ ധൈര്യപൂർവ്വം പ്രതിരോധിക്കാൻ വില്യം ജോസഫച്ചനു കരുത്തായത് തിരു കുടുംബത്തിൻ്റെ സ്നേഹവും സംരക്ഷണവുമായിരുന്നു.

ജീവിതത്തിൻ്റെ സംരക്ഷണ ചുമതല യൗസേപ്പിനെ ഏല്പിക്കാൻ വല്യം ജോസഫച്ചൻ എല്ലാവരെയും ഉപദേശിച്ചിരുന്നു. അതിനു കാരണമായി അച്ചൻ പറഞ്ഞിരുന്നത് യൗസേപ്പിതാവ് "രക്ഷകൻ്റെ രക്ഷകൻ " ആയതിനാലാണ് എന്നായിരുന്നു . യൗസേപ്പിതാവിൻ്റെ വിശിഷ്ടമായ ഈ പദവിയെക്കുറിച്ച് അച്ചൻ തുടരുന്നത് ഇപ്രകാരമാണ്: "ക്രിസ്തുവിൻ്റെ ജീവിതം ആരു രക്ഷിച്ചു എന്ന് നമ്മൾ ചോദിച്ചാൽ, പൂർവ്വപിതാക്കന്മാരെ നിശബ്ദരാകു, പ്രവാചകന്മാരെ നിശബ്ദരാകു. അപ്പസ്തോലന്മാരെ, വേദ സാക്ഷികളെ, രക്ഷസാക്ഷികളെ, നിശബ്ദരാകു. വിശുദ്ധ യൗസേപ്പ് സംസാരിക്കട്ടെ അതവനു മാത്രം ലഭിച്ച ബഹുമതിയാണ് രക്ഷകൻ്റെ രക്ഷകൻ അവൻ മാത്രമാണ്. "

ഇതു വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതവുമാണ്. മത്തായിയുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു : "അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി; (മത്തായി 2 : 13 - 14). ഹേറോദേസിൻ്റെ ദുഷ്ട ഉദ്ദേശ്യങ്ങളിൽ നിന്നു ഉണ്ണീശോയെ രക്ഷിച്ച യൗസേപ്പ് രക്ഷകൻ്റെ രക്ഷകൻ എന്ന സ്ഥാനപ്പേരിനു അർഹനാണ്. ഈ സ്ഥാനപ്പേരുള്ള ഒരേ ഒരു വ്യക്തിയും യൗസേപ്പിതാവാണ്. യൗസേപ്പിതാവിൻ്റെ പിതൃത്വത്തിൻ്റെ മഹിമയാണ് ഈ പ്രയോഗം ഓർമ്മിപ്പിക്കുക.

രക്ഷകൻ്റെ രക്ഷകൻ നമ്മുടെ സഹായത്തിനുള്ളപ്പോൾ ഭയപ്പേടണ്ടതില്ല മുന്നോട്ടുള്ള പ്രയാണം തുടരുക.


Related Articles »