News - 2025

വിവാഹമോചിതരും പുനർവിവാഹിതരുമായ കത്തോലിക്കർ സഭയുടെ ഭാഗം തന്നെയെന്ന് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 07-08-2015 - Friday

കത്തോലിക്കാ വിശ്വാസികളായ വിവാഹമോചിതർ നിയമപരമായീ പുനർവിവാഹിതരായതുകൊണ്ടു മാത്രം മതഭ്രഷ്ടരാകുന്നില്ലെന്നും അങ്ങനെയുള്ളവരെ സഭ ആ വിധത്തിൽ കരുതരുതെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക പദവി ഏറ്റെടുത്തതിനു ശേഷമുള്ള 100-മത്തെ പൊതു പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു- "പരാജയപ്പെട്ട ഒരു വിവാഹത്തിന്റെ വേദനയിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ, ഒരു പുതു ജീവിതം തുടങ്ങാനായി ഒരു പുതു ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് തണലേകാൻ തിരുസഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാം"

വിവാഹമെന്ന കൂദാശ അസാധുവാക്കപ്പെട്ടിട്ടില്ലെങ്കിൽ, പുനർവിവാഹം സഭാ നിയമത്തിന് വിരുദ്ധമാകുന്നു. അങ്ങനെ പുനർവിവാഹത്തിൽ ഏർപ്പെടുന്നവർക്ക് സഭാ നിയമം അനുശാസിക്കുന്നപ്രകാരം ദീവൃകാരുണ്യസ്വീകരണം നിഷിദ്ധമാണ്. പുനർ വിവാഹിതരായ ദമ്പതികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ തിരുസഭയുടെ കൂദാശകൾ അനുവദിച്ചു കൊടുക്കണമോ എന്നത് കഴിഞ്ഞ ഒക്ടോബറിൽ നടന്ന കുടുംബ സമ്പന്ധിയായ വിശേഷാൽ സിനഡിൽ ബിഷപ്പുമാർ ചർച്ച ചെയ്തതും ഈ വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനിഡീൽ ചർച്ച ചെയ്യാനിരിക്കുന്നതുമായ ഒരു പ്രധാന വിഷയമാണ്.

" വൃക്തികളുടെ സുരക്ഷയുംനന്മയുമാഗ്രഹിക്കുന്ന, പരിശുദ്ധാത്മാവീനാൽ സചേതനമായ ഒരു അമ്മയുടെ ഹൃദയമാണ് തിരുസഭയ്ക്ക് വേണ്ടത്. " പരിശുദ്ധ പിതാവ് പറഞ്ഞു.

മേൽപ്പറഞ്ഞ തരം അരക്ഷിത കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ ആത്മീയ ദാരിദ്യം തിരുസഭയുടെ പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന് പിതാവ് ഓർമ്മിപ്പിച്ചു.

"സഭ ഭ്രഷ്ട് കല്പിച്ചിരിക്കുന്നതു പോലെ അകറ്റി നിറുത്തിയിരിക്കുന്ന പുനർ വിവാഹിതരായ മാതാപിതാക്കൾ, സ്വന്തം മക്കളെ തിരുസഭയ്ക്ക് അടുത്ത വിധം വളർത്തണമെന്ന് എങ്ങനെ നമുക്ക് ആവശ്യപ്പെടാൻ കഴിയും?" അദ്ദേഹം ചോദിച്ചു.

പുനർവിവാഹിതരായ മാതാപിതാക്കളുടെ അത്മീയ കാര്യങ്ങളിൽ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി തിരുസഭ താൽപ്പര്യം എടുത്തു തുടങ്ങിയതായി പിതാവ് തൃപ്തിയോടെ അനുസ്മരിച്ചു.

Familiars Consortio എന്ന ഇടയലേഖനത്തിൽ സെന്റ് ജോൺ പോൾ രണ്ടാമൻ സന്ദർഭങ്ങൾ വേർതിരിച്ചറിഞ്ഞ് സത്യത്തിനൊപ്പം നിൽക്കാനുള്ള തിരുസഭയുടെ ഉത്തരവാദിത്വത്തെ പറ്റി പറയുമ്പോൾ ഉദ്ദാഹരികുന്നത് നോക്കുക., "വിവാഹമോചനത്തിൽ അതിന് കാരണക്കാരനായ വ്യക്തിയേയും അതിന്റെ വേദന അനുഭവിക്കേണ്ടി വരുന്ന വ്യക്തിയേയും വേർതിരിച്ചറിയേണ്ടത് ആവശ്യമാണ് "

ഇതേ പ്രശ്നത്തെ പറ്റി ചർച്ച ചെയ്യുമ്പോൾ, പ്രശ്നങ്ങൾ വേർതിരിച്ച് തിരുസഭയുടെ തത്ത്വങ്ങൾക്ക് അനുസ്രുതമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ബനഡിക്ട് പതിനാറാം മാർപ്പാപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇത്തരം പഠനങ്ങളും ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കവേ, പുനർവിവാഹിതരായ ദമ്പതികൾക്ക് തിരുസഭയുടെ ആത്മീയജീവിതത്തിൽ പങ്കെടുത്തുകൊണ്ട് മുന്നേറാനുള്ള അവസരം ഒരുക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഇടയ ധർമ്മമായി താൻ കരുതുന്നു എന്ന് പരിശുദ്ധപിതാവ് ഉദ്ഭോധിപ്പിച്ചു.

പ്രാർത്ഥന, സുവിശേഷ പാരായണം, വിശുദ്ധ കുർബാനയിൽ പങ്കെടുക്കൽ, തിരുസഭയ്ക്കടുത്ത വിധത്തിൽ കുട്ടികളെ വളർത്തൽ, കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കൽ, നീതിക്കും സമാധാനത്തിനുമായുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറണം, പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.

" സുവിശേഷത്തിൽ ആഹ്ലാദം " എന്ന തന്റെ ഇടയലേഖനത്തെ ഓർമിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു : "സഭ ദൈവത്തിന്റെ ആലയമാകുന്നു. അതിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു. സഭയുടെ ജീവിതത്തിൽ എല്ലാവർക്കും പങ്കെടുക്കേണ്ട അവസരം ഒരുക്കേണ്ടതുണ്ട്."