Meditation. - June 2024

സ്നേഹം പരിത്യജിക്കപ്പെടുന്ന ഒരു കാലഘട്ടമല്ലേ ഇത്?

സ്വന്തം ലേഖകന്‍ 03-06-2016 - Friday

"സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍" (1 കോറിന്തോസ് 14:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 3

സ്നേഹത്തെപ്പറ്റിയുള്ള വി. പൗലോസിന്റെ ഈ വാക്കുകള്‍ ധ്യാനിക്കുമ്പോള്‍ നാം തൊട്ടറിയുന്നത് നമ്മുടെ ജീവിതത്തേയും, മറ്റുള്ളവരുടെ ജീവിതത്തേയും പറ്റി തന്നെയാണ്. വ്യക്തിപരമോ, കുടുംബപരമോ ആയ പ്രശ്നങ്ങള്‍ മാത്രമല്ല, പരമ പ്രാധാന്യമേറിയ ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങള്‍ കൂടിയാണ് അപ്പോസ്തോലന്‍ എടുത്ത് പറയുന്നത്. സമൂഹത്തിനും മനുഷ്യരാശിക്കും ഭീഷണിയായ അപകടകരമായ സാഹചര്യം നിറഞ്ഞ ഒരു കാലത്തല്ലേ നാം ജീവിക്കുന്നത്? സ്നേഹത്തെപ്പറ്റിയുള്ള സുവിശേഷ സത്യം പഴഞ്ചനായി കരുതപ്പെടുന്ന ഒരു കാലമല്ലേ ഇത്?

ഈ ലോകത്തേയും ജീവിതത്തേയും ഒരു വിശ്വാസ പ്രമാണത്തിലൂടെ നോക്കിക്കാണുന്നതില്‍ നിന്നും സ്നേഹത്തെ പുറത്താക്കപ്പെട്ട ഒരു കാലമല്ലേ ഇത്? വിദ്യാഭ്യാസത്തില്‍ നിന്നും, സാമൂഹ്യ ആശയവിനിമയ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും, സംസ്ക്കാരത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും സ്നേഹത്തെ ഒഴിവാക്കിയിട്ടുള്ള ഒരു കാലമല്ലേ ഇത്?

ഇപ്രകാരമുള്ള വ്യവസ്ഥിതിയില്‍ ഭീകരപ്രവര്‍ത്തനങ്ങളും, ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ച സൈനിക പിരിമുറുക്കങ്ങളും, ഇപ്പോള്‍ തന്നെ വേണ്ടുവോളം ഒഴുക്കും ശക്തിയും പ്രാപിച്ചുകഴിഞ്ഞില്ലേ? ഓരോ മനുഷ്യനും മാനവ വംശം മുഴുവനും "സ്നേഹത്തിനും വെറുപ്പിനും" മദ്ധ്യത്തിലാണ് ജീവിക്കുന്നത്. സ്നേഹിക്കാന്‍ അറിയാത്തവന്റെ ഉള്ളില്‍, തിന്മ നിഷ് പ്രയാസം ഹൃദയത്തിലേക്ക് ഇഴഞ്ഞുകയറി, വിഷകനി പുറപ്പെടുവിക്കുമെന്ന്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »