News - 2024

തിരുകച്ചയുടെ തനിപകര്‍പ്പ് മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ടില്‍; പീഡാനുഭവത്തിന്റെ നേര്‍കാഴ്ച്ചകള്‍ കാണുവാനും അവസരം

സ്വന്തം ലേഖകന്‍ 03-06-2016 - Friday

ബെര്‍മിംഗ്ഹാം: ക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞ തിരുകച്ചയുടെ തനിപതിപ്പ് ജൂണ്‍ അഞ്ചാം തീയതി വരെ മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. ക്രിസ്തുവിന്റെ മുറിവേറ്റ മുഖം തിരുകച്ചയില്‍ ആഴമായി പതിഞ്ഞിട്ടുണ്ട്. ഓള്‍ഡ് ഓസ്‌കോട്ട് ഹില്ലിലെ മേരിവേയില്‍ ഇന്റര്‍നാഷണല്‍ കാത്തലിക് കോളജില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവ സമയത്ത് നടന്ന കാര്യങ്ങളുടെ ഒരു പുനരാവിഷ്‌കാരം തന്നെ നടത്തിയിട്ടുണ്ട്. നാലു സുവിശേഷങ്ങളിലും ക്രിസ്തുവിന്റെ ക്രൂശുമരണവും ഉയര്‍പ്പുമായി ബന്ധപ്പെട്ടു പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിനെ പടയാളികള്‍ അടിക്കുവാന്‍ ഉപയോഗിച്ച ചാട്ടയുടേയും, ക്രൂശില്‍ തറയ്ക്കുവാന്‍ ഉപയോഗിച്ച ആണിയുടേയും, അവന്റെ വയറില്‍ കുത്തിയ കുന്തത്തിന്റേയും ശരിയായ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പീഡാനുഭവത്തിന്റെ സ്ഥലങ്ങളും സംഭവങ്ങളും ഒരോന്നായി വിവരിക്കുന്ന പ്രദര്‍ശനത്തില്‍ ഏറ്റവും അവസാനമായി ക്രിസ്തുവിന്റെ ഉയര്‍പ്പിനെ ചിത്രീകരിച്ചിരിക്കുന്നു. കാഴ്ച്ചക്കാര്‍ക്കായി അവിടെ ഒരു ചോദ്യവും ഒരുക്കിയിട്ടുണ്ട്. "എങ്ങനെയാണു ക്രിസ്തുവിന്റെ മുഖം തിരുകച്ചയില്‍ വ്യക്തമായി പതിഞ്ഞത്?".

പ്രദര്‍ശനം കണ്ട് മടങ്ങുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ കുറിക്കുവാനായി ഒരു ബുക്കും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കര്‍ദിനാള്‍ നിക്കോള്‍സ് ബുക്കില്‍ എഴുതിയ വാചകങ്ങള്‍ ഇങ്ങനെയാണ്.' ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ആഴത്തില്‍ മനസിലാക്കുന്നതിനു ഞങ്ങളെ സഹായിക്കേണമേ ദൈവമേ'. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഇംഗ്ലണ്ടിലുള്ളവര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഉത്തമമായ സ്ഥലമാണ് മേരിവെയ്ല്‍ ഇന്‍സ്റ്റിട്യൂട്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ശനിയാഴ്ച ഉച്ചക്ക് 12.30 വരെയും ഇവിടെ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7.30നു വിശുദ്ധ കുര്‍ബാന ഇവിടെ അര്‍പ്പിക്കുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുകച്ചയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ കൂടി ഇവിടെ സൂചിപ്പിക്കട്ടെ. "സുവിശേഷത്തിന്റെ പ്രതിഫലനം ഉള്‍ക്കൊണ്ട ഒരു കണ്ണാടിയാണ് തിരുകച്ച". ഇറ്റലിയിലെ സെന്റ് ജോണ്‍ ദ ബാപ്പിസ്റ്റ് കത്തീഡ്രലില്‍ ആണ് തിരുകച്ച സൂക്ഷിച്ചു വരുന്നത്. ഇംഗ്ലണ്ടിലുള്ളവര്‍ക്ക് ഇതിന്റെ തനിപകര്‍പ്പ് കാണുവാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.