News

ജീവിതം ഹ്രസ്വമാണ്; അതിനാല്‍ ക്ഷമിക്കുകയും അനുരഞ്ജനപ്പെടുകയും ചെയ്യുക: വൈദികരോട് ഫ്രാന്‍സിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 03-06-2016 - Friday

വത്തിക്കാന്‍: ജീവിതം വളരെ ചെറുതാണെന്നും, ഇതിനാല്‍ തന്നെ സഹജീവികളോടു സര്‍വ്വവും ക്ഷമിക്കുകയും, അനുരഞ്ജനപ്പെടുകയും, കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുകയും വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. റോമില്‍ നടന്ന വൈദികരുടെ ധ്യാനത്തില്‍ ക്ലാസുകള്‍ നയിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. റോമിലെ നാലു ദേവാലയങ്ങളിലാണ് വൈദികരുടേയും, സെമിനാരി വിദ്യാര്‍ത്ഥികളുടെയും ധ്യാനം നടക്കുന്നത്. ഒരു മണിക്കൂര്‍ വീതം നീണ്ടുനിന്ന മൂന്നു ക്ലാസുകളാണ് വൈദികര്‍ക്കു വേണ്ടി മൂന്നു സ്ഥലങ്ങളിലായി പാപ്പ നടത്തിയത്. ഇന്റര്‍നെറ്റിലൂടെ വിവിധ രാജ്യങ്ങളില്‍ തല്‍സമയം വൈദികര്‍ പാപ്പയുടെ ധ്യാനത്തില്‍ പങ്കു ചേര്‍ന്നു.

സെന്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ ആണ് പാപ്പ ആദ്യം ധ്യാനം നയിച്ചത്. റോം രൂപതയിലെ മെത്രാന്‍മാരും വൈദികരും സെമിനാരി വിദ്യാര്‍ഥികളുമാണ് ഈ ധ്യാനത്തില്‍ പങ്കെടുത്തത്. കരുണയുടെ പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നും പാപ സ്വഭാവത്തെ നീക്കുമെന്നും തിന്മയുടെ ശക്തിയില്‍ നിന്നുള്ള മോചനനം നേടിത്തരുമെന്നും കരുണയുടെ വര്‍ഷത്തിലെ ധ്യാനത്തില്‍ ആമുഖമായി പാപ്പ പറഞ്ഞു."ദൈവത്തിന്റെ കരുണയും സ്‌നേഹവും അളവില്ലാത്തതാണ്. വൈദികരായ നിങ്ങള്‍ക്ക് ദൈവം നല്‍കുന്ന ഈ മരുന്ന് ആവശ്യമുള്ളവരെ അറിയാം. അവരിലേക്ക് വിലമതിക്കുവാന്‍ കഴിയാത്ത ഈ മരുന്ന് എത്തിക്കുന്നവരായി നിങ്ങള്‍ മാറണം. സ്‌നേഹം ആവശ്യപ്പെട്ടു കരുയുന്നവരുടെ ഉള്ളിലെ വികാരം നാം മനസിലാക്കണം". പാപ്പ പറഞ്ഞു.

വൈദികര്‍ തങ്ങളുടെ തന്നെ പാപം വെറുത്ത് ഉപേക്ഷിക്കണമെന്നു പറഞ്ഞ മാര്‍പാപ്പ അപ്പോള്‍ മാത്രമേ ധൂർത്ത പുത്രന്റെ വികാരത്തോടെ തങ്ങളുടെ അടുത്തു വരുന്ന പലരേയും ഹൃദയപൂര്‍വ്വം സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വിശദീകരിച്ചു."വിവിധങ്ങളായ പാപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും നാം നമ്മേ തന്നെ വെടിപ്പാക്കണം. ദൈവം നമ്മേ തന്റെ ജനത്തെ പരിപാലിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നുവെന്ന കാര്യം ഓര്‍ക്കണം". പാപ്പ പറഞ്ഞു.

വ്യക്തികളെ വെറും കേസുകളായി മാത്രം നാം പരിഗണിക്കരുതെന്നും പാപ്പ പറഞ്ഞു."ഞാനും പലപ്പോഴും വ്യക്തികളെ കേസുകളായി പരിഗണിച്ചിട്ടുണ്ട്. വൈദികര്‍ തങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന വ്യക്തികളാണെന്നു ജനങ്ങള്‍ ഇതു മൂലം കരുതും. ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ജീവിതം എന്തിനാണ് ഉപകരിക്കുക എന്നത് നാം ഓര്‍ക്കണം". പാപ്പ കൂട്ടിച്ചേര്‍ത്തു. ഉച്ചക്കു ശേഷം സെന്റ് മേരീസ് മേജര്‍ ദേവാലയത്തില്‍ എത്തിയ മാര്‍പാപ്പ മാതാവിന്റെ ചിത്രത്തിനു മുന്നില്‍ ചുവന്ന റോസാ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം പ്രാര്‍ത്ഥന നടത്തി.

ഇറ്റലിക്കു പുറത്തു നിന്നുള്ള വൈദികരായിരുന്നു ഉച്ചക്കു ശേഷമുള്ള ധ്യാനത്തില്‍ പങ്കെടുത്തത്. "മനുഷ്യ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ നമുക്ക് കഴിയുന്നത്, നാം ദൈവത്തിന്റെ ആര്‍ദ്രതയിലേക്കു നമ്മേ തന്നെ തിരിക്കുമ്പോളാണ്. ദൈവമാതാവ് ദൈവത്തെ തന്നിലേക്ക് സ്വഗതം ചെയ്താണു ദൈവകുമാരനെ സ്വീകരിച്ചത്. ഒരു ചടങ്ങിനു വേണ്ടി മാത്രമുള്ള സ്വീകരണമല്ല അത്". പാപ്പ ധ്യാനത്തില്‍ പറഞ്ഞു. വിശുദ്ധരായി മാറിയ പലരും തങ്ങളുടെ ജീവിതത്തില്‍ വലിയ പാപങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ ആര്‍ദ്ര കരുണ അവരെ കഴുകി വെടിപ്പാക്കിയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.