Seasonal Reflections - 2024
ജോസഫ് - വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 30-03-2021 - Tuesday
യൗസേപ്പിതാവിനു ജീവിതത്തിൽ ധാരാളം സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അവൻ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യുന്നില്ല. തൻ്റെ നിർഭാഗ്യങ്ങളെക്കുറിച്ച് അവൻ നിശബ്ദനായിരുന്നു, അവയെപ്പറ്റി ദൈവത്തോടു മാത്രമാണ് അവൻ്റെ സംസാരിച്ചിരുന്നത്. യൗസേപ്പിതാവിൻ്റെ ഹൃദയം കഷ്ടതകൾക്കിടയിലും ശാന്തമായിരുന്നു. ദൈവ തിരുമുമ്പിൽ പൂർണ്ണമായി സ്വയം വിധേയപ്പെട്ട ഒരു ആത്മാവിൻ്റെ നിറവാണ് അവൻ്റെ ജീവിതം നമ്മുടെ മുമ്പിൽ വരച്ചുകാട്ടുക. പ്രതികൂല സാഹചര്യങ്ങളിലും സമൃദ്ധിയിലും ദൈവത്തിൻ്റെ പരിപാലന അവൻ അനുഭവിച്ചറിഞ്ഞു. ക്ഷമയുടെ പരിചകൊണ്ട് പ്രലോഭനങ്ങളെ എതിർത്ത യൗസേപ്പിതാവ് നിരാശയുടെ നിഴൽ ഒരിക്കലും തൻ്റെ ഹൃദയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
യൗസേപ്പിതാവ് വ്യാകുലപ്പെടുന്നവരുടെ മദ്ധ്യസ്ഥനും അവർക്കു മാതൃകയുമാണ് കാരണം കഷ്ടപ്പാടുകളോടു അനുകമ്പയോടെ പ്രതികരിക്കാൻ അവനു കഴിയുന്നു. യൗസേപ്പിൻ്റെ ഹൃദയത്തിനു ദിവ്യരക്ഷകൻ്റെ ഹൃദയവുമായി വളരെയധികം സാമ്യവും ഐക്യവുമുണ്ട്. ധാരാളം സഹനങ്ങൾ ഏറ്റുവാങ്ങിയ യൗസേപ്പിതാവിനു സഹിക്കുന്ന മനുഷ്യരുടെ വികാരവിചാരങ്ങൾ വേഗം ഉൾകൊള്ളുവാനും സഹായത്തിനെത്തുവാനും വേഗം സാധിക്കും.
സഹനങ്ങളുടെ തീവ്രത ജീവിതത്തിൻ്റെ നിറം കെടുത്തുമ്പോൾ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കാൻ മറക്കരുത്, കാരണം വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരു പിതൃഹൃദയം പിതാവിവായ ദൈവം യൗസേപ്പിതാവിനു നൽകിയിരിക്കുന്നു.