News

മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ഭാരതത്തെ പോലെ അല്‍ബേനിയായും സന്തോഷിക്കുന്നു

സ്വന്തം ലേഖകന്‍ 04-06-2016 - Saturday

ടിര്‍ണ: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം, ഭാരതത്തെ പോലെ തന്നെ സന്തോഷിക്കുന്ന രാജ്യമായി ആല്‍ബേനിയായേയും മാറ്റിയിരിക്കുന്നു. അല്‍ബേനിയായിലാണു മദര്‍തെരേസ ജനിച്ചത്. അല്‍ബേനിയ ലോകത്തിന്റെ മുമ്പില്‍ ഇനി അറിയപ്പെടുക തന്നെ മദര്‍തെരേസയുടെ ജന്മനാടായിട്ടായിരിക്കുമെന്നു ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. അല്‍ബേനിയായുടെ തലസ്ഥാനത്തിനു പുറത്തായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇതിനോടകം തന്നെ മദര്‍തെരേസയുടെ നാമത്തിലേക്ക് അവര്‍ മാറ്റിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയുടേയും രണ്ടാമത്തെ വലിയ പൊതുജനങ്ങള്‍ കൂടുന്ന മൈതാനത്തിന്റെയും പേര് മദര്‍തെരേസ എന്നാക്കി മാറ്റി. മദര്‍തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ദിനമായ 2003 ഒക്ടോബര്‍-19നു പൊതുഅവധിയും അല്‍ബേനിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അനീല കികായുടെ മദറിനെ കുറിച്ചുള്ള വാക്കുകള്‍ ഇങ്ങനെയാണ്. "മദര്‍ ലോകത്തിനു വേണ്ടി ഒത്തിരി നന്മകള്‍ ചെയ്തു. 1991-ല്‍ അവര്‍ ഇവിടെ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും ആശംസകള്‍ അറിയിക്കുവാന്‍ മദറിനെ പോയി കണ്ടിരുന്നു. അവിശ്വാസികളെന്നോ വിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മദര്‍തെരേസയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു". 'സ്‌കോപ്‌ജെ' എന്ന സ്ഥലത്ത് ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് മദര്‍തെരേസ ജനിച്ചത്. 1929-ല്‍ ഇന്ത്യയിലേക്ക് മദര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വന്നു. ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ച അതെ വര്‍ഷം ഇന്ത്യന്‍ പൗരത്വവും മദര്‍തെരേസയ്ക്കു ലഭിച്ചു. 1950-ല്‍ മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയ്ക്കു തുടക്കം കുറിച്ച മദര്‍ പതിനായിരങ്ങളുടെ കണ്ണിരൊപ്പി.

1979-ല്‍ സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സമാധാനത്തിനുള്ള നൊബല്‍ പുരസ്‌കാരം ലഭിക്കുന്ന വ്യക്തിയായി മദര്‍തെരേസ മാറി. 1997-ല്‍ മദര്‍ അന്തരിച്ചു. സാധാരണയായി ഒരു വ്യക്തി മരിച്ച് അഞ്ചു വര്‍ഷത്തിനു ശേഷമെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സഭയില്‍ തുടങ്ങാറുള്ളു. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ഈ ചട്ടം ബാധമാകില്ലെന്ന നടപടി സ്വീകരിച്ചു.

കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയ്ക്കു മുമ്പില്‍ വിശ്വാസികളായ നൂറുകണക്കിനു പേര്‍ ജീവന്‍ ബലി നല്‍കിയ രാജ്യമാണ് അല്‍ബേനിയ. മദര്‍തെരേസ കൂടി വിശുദ്ധയാകുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസികളില്‍ ഏല്‍പ്പിച്ച ആഴമായ മുറിവിന് ആശ്വാസമായി അത് മാറും. കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ രാജ്യമെന്ന നിലയില്‍ നിന്നും അനവധി വിശുദ്ധരെ സഭയ്ക്ക് നല്‍കിയ രാജ്യമെന്ന തലത്തിലേക്ക് അല്‍ബേനിയ മാറുമെന്നും സെമിനാരി വിദ്യാര്‍ദിയായ ഗാസ്പര്‍ കൊലാജ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

ബന്ധുക്കള്‍ അടുത്തകാലത്തുവരെ മദര്‍തെരേസ ജനിച്ച വീട്ടില്‍ തന്നെ താമസിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. അല്‍ബേനിയായിലെ മുസ്ലീം മതവിശ്വാസികള്‍ക്കിടയിലും മദര്‍തെരേസ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വമാണ്. മദറിന്റെ ജന്മദേശത്തേക്ക് ഇനി വിശ്വാസികളുടെ ഒഴുക്കുതന്നെ വിശുദ്ധ പ്രഖ്യാപനത്തിനു ശേഷം കാണുമെന്നും അല്‍ബേനിയക്കാര്‍ പറയുന്നു. വരുന്ന സെപ്റ്റംബര്‍ നാലാം തീയതിയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതെ ദിവസമാണ് മദര്‍തെരേസ നിത്യതയിലേക്ക് പ്രവേശിച്ചത്.