News

ജീവിതത്തിലെ കുരിശുകളിൽ നിന്നും ഒളിച്ചോടുക സാധ്യമല്ല: രണ്ടു പേരെകൂടി വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തികൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 06-06-2016 - Monday

വത്തിക്കാന്‍: നമ്മുടെ ജീവിതത്തിലെ കുരിശുകളിൽ നിന്നും നമുക്ക് ഒളിച്ചോടാൻ സാധിക്കുകയില്ലന്നും, ജീവിതത്തിൽ സഹാനങ്ങളുണ്ടാകുമ്പോൾ പരിശുദ്ധ അമ്മ ചെയ്തതു പോലെ നാം ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ അവനോടു ചേർന്ന് നിൽക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് മാർപാപ്പ.

വാഴ്ത്തപ്പെട്ട രണ്ടു പേരെ കൂടി വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഞായറാഴ്ച നടത്തിയ ദിവ്യ ബലി മധ്യേയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. പോളണ്ടില്‍ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിന്‍സി, സ്വീഡനില്‍ നിന്നുള്ള കന്യാസ്ത്രീ മേരി എലിസബത്ത് ഹെസല്‍ബ്ലാഡ് എന്നിവരെയാണ് പിതാവ് വിശുദ്ധരായി പ്രഖ്യാപിച്ചത്. ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃക കാണിച്ച രണ്ടു വ്യക്തി ജീവിതങ്ങളാണു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. അരലക്ഷത്തോളം വരുന്ന വന്‍ ജനാവലിയുടെ മധ്യേയാണ് പുതിയ വിശുദ്ധരെ പാപ്പ പ്രഖ്യാപിച്ചത്.

1631-ല്‍ പോളണ്ടില്‍ ജനിച്ച സ്റ്റാനിസ്ലോസ് പാപ്ഷിന്‍സി, 'മരിയന്‍സ് ഓഫ് ഇമാക്യുലിന്‍' എന്ന വൈദികരുടെ കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനാണ്. പോളണ്ടിലെ ആദ്യത്തെ വൈദികരുടെ കോണ്‍ഗ്രിഗേഷന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1654-ല്‍ സ്‌പേയിന്‍ ആസ്ഥാനമായുള്ള പിയറിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ വൈദികനായി പഠനം ആരംഭിച്ച പാപ്ഷിന്‍സി 1661-ല്‍ വൈദികനായി സേവനം ആരംഭിച്ചു.

1870 ജൂണ്‍ നാലാം തീയതി സ്വീഡനില്‍ ജനിച്ച സിസ്റ്റര്‍ മേരി എലിസബത്ത് ഹെസല്‍ബ്ലാഡ്, ലുദറന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് വന്ന വ്യക്തിയാണ്. 'സെന്റ് ബ്രിഡ്‌ജെറ്റ്' കോണ്‍ഗ്രിഗേഷനെ പുനര്‍ജീവിപ്പിച്ചതും ഹെസല്‍ബ്ലാഡ് ആണ്. 1957 ഏപ്രില്‍ 24-നു അന്തരിച്ച മേരി എലിസബത്ത് ഹെസല്‍ബ്ലാഡിനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ ആണ് വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയത്.

സിറിയന്‍ ഓര്‍ത്തഡോക്‌സ്, ലൂദറന്‍, പെന്തകോസ്ത് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ക്രൈസ്ത വിശ്വാസികള്‍ സ്വീഡനില്‍ നിന്നും ഹെസന്‍ബ്ലാഡിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ, സെന്റ് ബ്രിഡ്‌ജെറ്റ് കോണ്‍ഗ്രിഗേഷനിലെ നിരവധി കന്യാസ്ത്രീകളും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ റോമില്‍ എത്തിയിരുന്നു.

സ്പെയിനിൽ നിന്നും എത്തിയ ബ്രിഡ്‌ജെറ്റ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മരിയ പിലാര്‍, വിശുദ്ധ ഹിസല്‍ബ്ലാഡിനെ കുറിച്ചു പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്."ദൈവത്തിനു വേണ്ടി ജീവിക്കുകയും സത്യത്തെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്ത ഉത്തമയായ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമയായിരുന്നു ഹെസന്‍ബ്ലാഡ്. ക്രിസ്തുവില്‍ എല്ലാ വിഭാഗക്കാരെയും ഒന്നിക്കുവാന്‍ ഹെസന്‍ബ്ലാഡിനു കഴിഞ്ഞു. കാതോലികവും, അപ്പോസ്‌തോലികവും ഏകവും വിശുദ്ധവുമായി സഭയെ ഒന്നിപ്പിക്കുവാന്‍ അവരുടെ പ്രാര്‍ത്ഥനയാല്‍ കഴിയുമെന്നും വിശ്വസിക്കാം".

ദിവ്യ ബലി മധ്യേയുള്ള തന്റെ വചന പ്രഘോഷണത്തില്‍ ക്രിസ്തു മരിച്ചവരെ ഉയര്‍പ്പിക്കുന്ന അത്ഭുതങ്ങള്‍ നടത്തിയതിനെ കുറിച്ചു പരിശുദ്ധ പിതാവ് വിശദമായി പറഞ്ഞു. നമ്മുടെ പ്രശ്‌നങ്ങള്‍ ക്രിസ്തു ഏറ്റെടുത്തുകഴിഞ്ഞുവെന്നും അവനിലുള്ള വിശ്വാസം മാത്രമാണ് നമുക്ക് ആവശ്യമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.

ഇരുരാജ്യങ്ങളില്‍ നിന്നും റോമിലേക്ക് വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവരോട് മാര്‍പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. പോളണ്ടില്‍ നിന്നും പ്രസിഡന്റ് ആഡ്രിസെജ് ഡ്രൂറായുടെ നേതൃത്വത്തിലാണ് ആളുകള്‍ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. കരുണയുടെ വര്‍ഷത്തില്‍ അടുത്തതായി നടക്കുന്ന വിശുദ്ധ പ്രഖ്യാപനം വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെതാണ്. സെപ്റ്റംബര്‍ നാലാം തീയതിയാണ് പാവങ്ങളുടെ അമ്മയെന്ന് ലോകം മുഴുവനും അറിയപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.


Related Articles »