News
അര്‍ജന്റീനയില്‍ വീട്ടമ്മയ്ക്കു മാതാവ് പ്രത്യക്ഷപ്പെട്ട സംഭവം: പ്രാദേശിക ബിഷപ്പ് അംഗീകാരം നല്‍കി
സ്വന്തം ലേഖകന്‍ 06-06-2016 - Monday
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ഒരു വീട്ടമ്മയ്ക്കു മാതാവ് പ്രത്യക്ഷപ്പെട്ട സംഭവം വിശ്വാസ്യ യോഗ്യമാണെന്നു പ്രാദേശിക ബിഷബിഷപ്പിന്റെ പ്രഖ്യാപനം. 'ഔര്‍ ലേഡി ഓഫ് റോസറി സെന്റ് നിക്കോളാസ്' എന്ന പേരിലാണ് മാതാവിന്റെ ഇവിടുത്തെ പ്രത്യക്ഷത അറിയപ്പെടുന്നത്. ഒരു വീട്ടമ്മയായ ഗ്ലാഡിസ് ക്യൂറോഗ ഡീ മോട്ടയ്ക്കാണ് 1990 വരെ പലവട്ടം മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്‍കിയത്. ഇവ വിശ്വാസ്യ യോഗ്യമാണെന്നാണ് ഇപ്പോള്‍ ബ്യൂണസ്‌ഐറിസിന്റെ ബിഷപ്പായിരിക്കുന്ന ഹെക്ടര്‍ കര്‍ഡേലി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1990 വരെയുള്ള സംഭവങ്ങള്‍ പഠിച്ച ശേഷമാണ് ബിഷപ്പ് പ്രത്യക്ഷതയ്ക്ക് അംഗീകാരം നല്‍കിയത്. വത്തിക്കാനില്‍ നിന്നും വേണം ഇതിനുള്ള അവസാന അംഗീകാരം ലഭിക്കുവാന്‍. മാതാവിന്റെ നാമത്തില്‍ ഈ പ്രദേശത്ത് പണി കഴിപ്പിച്ച ദേവാലയത്തിൽ വച്ചാണ് ബിഷപ്പ് മാതാവിന്റെ പ്രത്യക്ഷതയ്ക്ക് അംഗീകാരം നല്‍കുന്നതായ പ്രഖ്യാപനം നടത്തിയത്.
രണ്ടു കുട്ടികളുടെ അമ്മയായ, നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഗ്ലാഡീസിന് സഭയുടെ ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ അറിവ് തീരെ ഇല്ലാതിരുന്ന വ്യക്തിയായിരുന്നു. നിത്യവും പ്രാര്‍ത്ഥിക്കുന്ന ഗ്ലാഡിസിനു മുമ്പില്‍ ആദ്യമായി മാതാവിന്റെ പ്രത്യക്ഷതയുണ്ടാകുന്നത് 1983 സെപ്റ്റംബര്‍ 25-ാം തീയതിയാണ്. ഗ്ലാഡിസ് താമസിച്ചിരുന്ന വീട്ടിലും സമീപങ്ങളിലുള്ള വീട്ടിലും ജപമാലകള്‍ തിളങ്ങുന്നതായി ആദ്യം കണ്ടു. ഇതെ തുടര്‍ന്ന് കൂടുതൽ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയ ഗ്ലാഡിസിനു മുമ്പില്‍ നീലകുപ്പായവും കിരീടവും ധരിച്ച് കൈയില്‍ തന്റെ പുത്രനേയും വഹിച്ച് മാതാവ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരു മാസത്തിനു ശേഷം വീണ്ടും ഗ്ലാഡിസിനു പ്രത്യക്ഷയായ മാതാവ് ഒരു വെള്ള ജപമാല അവര്‍ക്ക് നല്‍കിയ ശേഷം ഇങ്ങനെ പറഞ്ഞു. "ഈ ജപമാല എന്റെ കൈയില്‍ നിന്നും സ്വീകരിക്കുക. ഇത് എന്നേക്കുമായി സൂക്ഷിച്ചുവയ്ക്കുക. നീ അനുസരണയുള്ളവളാണ്. അതിനാല്‍ എനിക്ക് വലിയ സന്തോഷവുമുണ്ട്. ദൈവം നിന്നോടു കൂടെയുണ്ട്".
മാര്‍പാപ്പ ആശീര്‍വദിച്ച തന്റെ രൂപം എവിടെയാണെന്നു തേടി കണ്ടെത്തുവാന്‍ പിന്നീട് മാതാവ് ഗ്ലാഡിസിനോട് ആവശ്യപ്പെട്ടു. 1983 നവംബര്‍ 27-നു തന്റെ രൂപതാ ദേവാലയത്തിന്റെ മണിഗോപുരത്തിന്റെ മുകളിലായി മാതാവിന്റെ രൂപം ഗ്ലാഡിസ് അന്വേഷിച്ചു കണ്ടെത്തി. തനിക്ക് പ്രത്യക്ഷപ്പെട്ട മാതാവിന്റെ അതെ രൂപത്തിലുള്ള ശില്‍പ്പം ലിയോ പതിമൂന്നാമന്‍ പാപ്പ അശീര്‍വദിച്ചതാണെന്നു പിന്നീട് രൂപതാ അധികാരികളിൽ നിന്നും ഗ്ലാഡീസ് മനസിലാക്കി. ഇവയില്‍ നിന്നും വിശ്വാസ്യ യോഗ്യമായ പ്രത്യക്ഷപെടല്‍ തന്നെയാണ് തനിക്ക് ഉണ്ടായതെന്നു ഗ്ലാഡിസിനു മനസിലായി. 68 തവണ ക്രിസ്തുവിന്റെ സന്ദര്‍ശനവും സന്ദേശവും ഗ്ലാഡീസിനു ലഭിച്ചിട്ടുണ്ട്.
തന്റെ സാക്ഷ്യത്തെ ആദ്യം സഭയിലെ ആരും തന്നെ അംഗീകരിച്ചിരുന്നില്ല. വിദ്യാഭ്യാസം കുറവായ ഒരു സ്ത്രീ വെറുതെ പറയുന്ന കാര്യങ്ങളായിട്ടാണ് ഗ്ലാഡിസിന്റെ വാക്കുകളെ എല്ലാവരും കണ്ടത്. എന്നാല്‍ ഒരു ബാലന്റെ തലയിലെ ട്യൂമര്‍ സുഖപ്പെടുന്നുവെന്ന സന്ദേശം ലഭിച്ച ഗ്ലാഡിസിന്റെ വാക്കുകള്‍ മെല്ലെ ആളുകള്‍ സ്വീകരിക്കുവാന്‍ തുടങ്ങി. 1800-ല്‍ അധികം സന്ദേശം ഗ്ലാഡിസിനു കന്യകമറിയാമില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അനുതാപം പ്രാപിക്കേണ്ടതിന്റെയും തെറ്റുകളില്‍ നിന്നും തിരിയേണ്ടതിന്റെയും പ്രാര്‍ത്ഥന ശക്തമാക്കേണ്ടതിന്റെയും തുടങ്ങി എല്ലാ സന്ദേശവും ദൈവവുമായി മനുഷ്യനെ അടുപ്പിക്കുന്നവയായിരുന്നു. മനുഷ്യ സമൂഹത്തിനു ഭാവിയില്‍ നേരിടേണ്ടി വരുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ചും ഗ്ലാഡിസിനു വെളിപ്പെടുത്തലുകള്‍ ലഭിച്ചു.
ഗ്ലാഡിസിനു ക്രിസ്തുവില്‍ നിന്നും ലഭിച്ച ഒരു വെളിപ്പെടുത്തല്‍ ഇത്തരത്തിലാണ്."പല ഹൃദയങ്ങളും പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനുമായുള്ള എന്റെ വിളി സ്വീകരിക്കുന്നില്ല. എന്റെ അമ്മയുടെ വാക്കുകള്‍ ഈ തലമുറ കേള്‍ക്കുന്നില്ല എങ്കില്‍ ഞാന്‍ അവരോട് മുഖം തിരിക്കും. മനുഷ്യരുടെ തിരിച്ചുവരവ് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. എന്റെ അമ്മ സ്വീകരിക്കപ്പെടണം. ക്രൈസ്തവര്‍ക്കു പുണ്യങ്ങള്‍ അവളിലൂടെയാണ് എത്തുന്നതെന്ന് അളുകള്‍ അറിയണം".
1983 മുതല്‍ 1990 വരെയുള്ള പ്രത്യക്ഷപ്പെടലുകളാണ് ഇപ്പോള്‍ പഠനവിധേയമാക്കിയ ശേഷം വിശ്വാസ്യ യോഗ്യമാണെന്നു പ്രഖ്യാപച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഗ്ലാഡിസിനു സന്ദേശം ലഭിച്ചു കൊണ്ടേ ഇരിക്കുന്നു. പഞ്ചക്ഷതങ്ങള്‍ തന്റെ കൈയിലും തോളിലും കാലുകളിലും ഗ്ലാഡിസിനു ലഭിച്ചിട്ടുമുണ്ട്. കന്യകമറിയാമിന്റെ പ്രത്യക്ഷതയെ കുറിച്ച് വിശദമായി പഠനം നടത്തുന്ന ഫാദര്‍ റീനി ലൗറന്റീനും, ഗവേഷകനായ മൈക്കിള്‍ ഒലേനിയും ഗ്ലാഡിസിന്റെ സംഭവം വിശദമായി പഠിച്ചവരാണ്. ഇത്തരത്തിലുള്ള തുടര്‍ച്ചയായ പ്രത്യക്ഷപ്പെടലുകള്‍ ആദ്യമായിട്ടാണെന്ന് ഇവര്‍ ഇരുവരും പറയുന്നു. സഭ ഇത്തരം പ്രത്യക്ഷപെടലുകളുടെ വെളിപ്പെടുത്തലുകള്‍ സാധാരണയായി പ്രത്യക്ഷത പൂര്‍ണ്ണമായും അവസാനിച്ചു കഴിഞ്ഞ ശേഷമോ, പ്രത്യക്ഷ ലഭിച്ച ആള്‍ മരിച്ചു പോയ ശേഷമോ ആണു നടത്താറ്. എന്നാല്‍ ഗ്ലാഡിസിന്റെ സംഭവം ഇതില്‍ നിന്നും വിഭിന്നമാണ്.
ഗ്ലാഡിസിനോട് മാതാവ് പള്ളി നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബിഷപ്പിന്റെ കല്‍പ്പന പ്രകാരം 1990-ല്‍ പള്ളി നിര്‍മ്മിച്ചിരുന്നു. മേയ്-22 നു ലക്ഷക്കണക്കിനു വിശ്വാസികളാണ് ഇവിടേയ്ക്ക് തിരുനാള്‍ ആഘോഷിക്കുവാന്‍ കടന്നു വരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പായിരുന്നപ്പോള്‍ ഗ്ലാഡിസിന്റെ രൂപതയുടെ ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ്.
