News - 2024

പിശാചിന്‌ എങ്ങനെയാണ്‌ ശക്തി ലഭിക്കുന്നത്‌?

പ്രവാചക ശബ്ദം 28-11-2023 - Tuesday

പിശാച്‌ സര്‍വ്വശക്തനായ ദൈവത്തിന്റെ സൃഷ്ടിയായ ഒരു മാലാഖയായിരുന്നു എന്നാണ്‌ ക്രിസ്തീയ വിശ്വാസം. ലൂസിഫര്‍ എന്ന ഒരു മുഖ്യദൂതനായിരുന്നു സാത്താന്‍ എന്നാണ്‌ ക്രിസ്തീയപാരമ്പര്യം പറയുക. അതായത്‌ ഒരു മാലാഖയ്ക്കുള്ള എല്ലാ കഴിവും അവകാശവും അധികാരങ്ങളോടും കൂടിയാണ്‌ ദൈവം ലൂസിഫറിനെ സൃഷ്ടിച്ചത്‌. അതുകൊണ്ട്‌ തന്നെ പിശാചിന്റെ കഴിവുകള്‍ എവിടെ നിന്നുവന്നു എന്ന്‌ ചോദിച്ചാല്‍ അത്‌ ദൈവത്തില്‍ നിന്നാണ്‌. ദൈവം നല്‍കിയ കഴിവുകളെ തിന്മയ്ക്കായി ഉപയോഗിച്ചപ്പോഴാണ്‌ ലൂസിഫര്‍ എന്ന മാലാഖ പിശാചായി മാറിയത്‌. ഇവിടെ ദൈവം പിശാചിന്‌ ഈ കഴിവ്‌ എന്തിനു കൊടുത്തു എന്ന ചോദ്യം ചോദിക്കുമ്പോള്‍ നമ്മളിലേക്ക്‌ തന്നെ തിരിഞ്ഞുചിന്തിച്ചാല്‍ മതി. ദൈവം നമുക്ക്‌ ഒത്തിരി കഴിവുകള്‍ തന്നിട്ടുണ്ട്‌.

ഉദാഹരണമായി നല്ല ആരോഗ്യം തന്നു. ഈ ആരോഗ്യം കൊണ്ട് മറ്റുള്ളവരെയെല്ലാം ഉപദ്രവിക്കാനും മറ്റുള്ളവരെ അടിച്ചുവീഴ്ത്താനും ആണ്‌ ഞാന്‍ ഉപയോഗിക്കുന്നത്‌ എങ്കിലോ? ദൈവം എനിക്ക്‌ നല്ല ആരോഗ്യമുള്ള കൈ തന്നു. മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നതിനു പകരം അവരെ കത്തിയെടുത്ത്‌ കുത്തിക്കൊല്ലുകയാണെങ്കില്‍ ശക്തിതന്നവന്‍ അല്ലാ ഉത്തരവാദി. ശക്തിയെ ദുര്‍വിനിയോഗംചെയ്യുന്നവരാണ്‌ കുറ്റക്കാര്‍ എന്നു നമ്മള്‍ മനസിലാക്കണം.

ഇവിടെയും സംഭവിച്ചിരിക്കുന്നത്‌ ഈ അടിസ്ഥാനപരമായ വിഷയമാണ്‌. ശക്തിയെ ദുര്‍വിനിയോഗം ചെയ്യുന്ന ഒരു സാഹചര്യം ഇവിടെ സംജാതമാകുന്നുണ്ട്‌ എന്ന്‌ നാം മനസിലാക്കണം. സാത്താന്റെ ശക്തി ദൈവത്തില്‍ നിന്നാണ്‌ ആരംഭിച്ചതെങ്കിലും സാത്താന്‍ ദൈവികശക്തിയെ തിന്മയുടെ കാര്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തു. അപ്പോള്‍ ഈ ലോകത്ത്‌ തിന്മയുടെ ശക്തി രൂപം കൊണ്ടു.

കടപ്പാട്: ‍ വിശ്വാസവഴിയിലെ സംശയങ്ങള്‍


Related Articles »