News - 2025

ദയാവധത്തിനു കൂട്ടുനില്‍ക്കുന്നത് ആത്മഹത്യക്കു സഹായം ചെയ്യുന്നതു പോലെ: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 11-06-2016 - Saturday

വത്തിക്കാന്‍: ദയാവധത്തിനു കൂട്ടുനില്‍ക്കുന്നത് ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതു പോലെയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ രോഗികളെ മരിക്കുവാന്‍ അനുവദിക്കുന്നവര്‍ ചെയ്തു നല്‍കുന്ന സഹായങ്ങളെ 'തെറ്റായ അനുകമ്പ' എന്ന വാക്കുകൊണ്ടാണു മാര്‍പാപ്പ വിശേഷിപ്പിച്ചത്. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ആളുകളാണ് ദയാവധത്തെ ന്യായികരിക്കുവാന്‍ വിവിദ വാദമുഖങ്ങള്‍ പലകോണുകളില്‍ നിന്നും ഉയര്‍ത്തുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു മീറ്റിംഗിലാണ് ദയാവധത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പാപ്പ രംഗത്ത് വന്നത്.

"ഒരു വ്യക്തി ഭൂമിയില്‍ നിന്നും മാറ്റപ്പെടുന്നത് അംഗീകരിക്കുവാൻ അനുകമ്പയുള്ളവര്‍ക്കു സാധിക്കുകയില്ല. ആളുകളെ കൊലപ്പെടുത്തുന്നതിനോട് അനുകമ്പയുള്ളവര്‍ യോജിക്കുകയുമില്ല". പാപ്പ പറഞ്ഞു. ആരോഗ്യത്തിനോ സൗന്ദര്യത്തിനോ കുറവു വരുമ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുന്നതു പോലെയോ ഒഴിവാക്കുന്നതു പോലെയോ മനുഷ്യ ജീവനെ കാണുന്നത് വലിച്ചെറിയല്‍ സംസ്‌കാരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും പാപ്പ പറഞ്ഞു

മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടറുമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യ ജീവനുകളെ പരിചരിക്കുന്നവര്‍ മാത്രമല്ലേന്നു പറഞ്ഞ മാര്‍പാപ്പ കരുണ്യപൂര്‍വ്വമുള്ള കരുതല്‍ ആണ് ഇത്തരം ജോലി മേഖലകളില്‍ നിന്നുള്ളവരില്‍ നിന്നും രോഗികള്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യകളും ശാസ്ത്ര നേട്ടങ്ങളും എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നില്ലെന്നും പാപ്പ പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഹൃദയത്തിലെ സ്‌നേഹം അവരുടെ കൈകളില്‍ കൂടി രോഗികളിലേക്ക് പകരുവാന്‍ സാധിക്കണമെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

രോഗികളോടു കാണിക്കുന്ന കരുതല്‍ വെറും സഹതാപമല്ലെന്ന തിരിച്ചറിവ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണമെന്നു ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. "സഹതാപമല്ല രോഗികള്‍ക്ക് ആവശ്യം. അവരുടെ അവസ്ഥയിലേക്ക് ഇറങ്ങി, അവരുടെ രോഗവും ബുദ്ധിമുട്ടും നമ്മുടേതാണെന്ന തരത്തില്‍ അതിനെ സ്വീകരിച്ച് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ രോഗത്തില്‍ ആയിരിക്കുന്നവരുടെ ശരിയായ അവസ്ഥ നമുക്ക് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു". പിതാവ് കൂട്ടിച്ചേര്‍ത്തു.

രോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തെ കുറിച്ച് പറഞ്ഞാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. "ക്രിസ്തു നല്ല ഇടയനാണ്. അവന്‍ മുറിവേറ്റ തന്റെ ആടുകളെ ശുശ്രൂഷിക്കുന്നു. അവയെ പരിചരിക്കുന്ന ക്രിസ്തു അവര്‍ക്ക് സൗഖ്യം വരുവോളം കരുതലോടെ അതിനെ ചേര്‍ത്തുപിടിക്കുന്നു. അവന്‍ നല്ല സമരിയാക്കാരനാണ്. മുറിവേറ്റു വഴിയില്‍ കിടക്കുന്നവനെ താങ്ങി എഴുന്നേല്‍പ്പിച്ച് ശുശ്രൂഷിക്കുന്ന ഇടത്തേക്ക് നയിക്കുകയും മുറിവേറ്റവന് എല്ലാം നല്‍കുകയും ചെയ്യുന്ന കര്‍ത്താവാണ്". പാപ്പ കൂട്ടിച്ചേര്‍ത്തു. രോഗികളെ ശുശ്രൂഷിക്കുന്നവരുടെ കരങ്ങളെ താന്‍ അനുഗ്രഹിക്കുന്നുവെന്നു പറഞ്ഞ പാപ്പ കാരുണ്യം അവരിലേക്ക് പകരുവാന്‍ ദൈവം ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിച്ചു.