News - 2025

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൈയ്യടക്കിയ മദ്ധ്യസിറിയൻ പട്ടണത്തിൽ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ട 230 പേരിൽ അനവധി ക്രിസ്തുമത വിശ്വാസികളും

അഗസ്റ്റസ് സേവ്യർ 09-08-2015 - Sunday

ആഗസ്റ്റ് മാസം ആദ്യവാരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൈയ്യടക്കിയ മദ്ധ്യസിറിയൻ പട്ടണത്തിൽ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ട 230 പേരിൽ അനവധി ക്രിസ്തുമത വിശ്വാസികളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഭയപ്പെടുന്നു.

ജനനിബിഢമായ കൊറിയടെയ്ൻ എന്ന സിറിയൻ പട്ടണത്തിൽ അക്രമണമഴിച്ചുവിട്ട ഭീകരർ കൃത്യമായി ഏതു പ്രദേശത്തു നിന്നാണ് ജനങ്ങളെ തടവുകാരാക്കിയത് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് ആസ്ഥാനമായുള്ള സീറിയൻ മനുഷ്യാവകാശ നീരീക്ഷണ കേന്ദ്രവും സിറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകശ പ്രവർത്തക ബേബാർസ് അൽ-തലാവീയും അറിയിച്ചു. തടവുകാരാക്കപ്പെട്ടവരിൽ 60 പേർ ക്രിസ്ത്യാനികളാണെന്ന് അൽ തലാവി കരുതുന്നു.

വടക്കൻ സിറിയയിലെ അലേപ്പോ പ്രവിശ്യയിൽ നിന്നും ഭീകരരെ പേടിച്ച് കൊറിയടെയ്ൻ പട്ടണത്തിൽ അഭയം തേടിയെത്തിയ ക്രിസ്തുമത വിശ്വാസികളാണ് ഭീകരരുടെ ബന്ധനത്തിൽപ്പെട്ടത് എന്ന് കരുതുന്നു.

ഇപ്പോഴത്തെ ഭരണവ്യവസ്ഥയോട് സഹകരിക്കുന്നു എന്ന കുറ്റം ചുമത്തി ഇസ്ലാമിക് സ്റ്റേറ്റ് ദീകരർ തെയ്യാറാക്കിയ ലിസ്റ്റിൽ ഉള്ളവരാണ് തട്ടിക്കൊണ്ടു പോകപ്പെട്ടവർ എന്നു കരുതുന്നതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രത്തിലെ വ്യാഖ്യാതാവ് അഭിപ്രായപ്പെട്ടു. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്ന് കരുതേണ്ടതുണ്ട് എന്ന് Middle East Concern എന്ന ക്രൈസ്തവ അവകാശ സംഘടന പറഞ്ഞു.

അതേ സമയം കൊറയടെയ്ൻ പട്ടണത്തിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ ദീകരാക്രമണം നടന്ന ഘട്ടത്തിൽ തന്നെ ആറു മൈൽ അകലെ മാറി ഹവ്വാറിൻ എന്ന പട്ടണത്തിൽ സമാനമായ മറ്റൊരു ഭീകരാക്രമണമുണ്ടായതായി അസ്സീറിയൻ ഓർത്തോഡക്സ് ആർച്ചുബിഷപ്പിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ അസ്സിറിയൻ ഗ്രാമത്തിൽ നിന്നും രണ്ടായിരത്തോളം അസ്സീറിയൻ ക്രിസ്ത്യാനികൾ പാലായനം ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കൊറയടെയ്ൻ പട്ടണത്തിൽ നിന്നും 20 മൈലുകൾ മാത്രം അകലെയുള്ള സഡാഡ് എന്ന കൊച്ചു പട്ടണത്തിലെ ക്രിസ്ത്യൻ സമൂഹവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ഭയന്ന് ജീവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന വ്യാപകമായ ഈ ഭീകരക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരായ ഭീകരതയുടെ ഒരു പുനരാരംഭമാണെന്ന് Middle East Concern എന്ന ക്രിസ്ത്യൻ സംഘടന വിലയിരുത്തി

കഴിഞ്ഞ മെയ് മാസത്തിൽ മുഖംമൂടിധാരികൾ ജാക്വിസ് മൗറാട്‌ എന്ന സിറിയൻ പുരോഹിതനെ കൊറയടെയ്ൻ പട്ടണത്തിലെ ആശ്രമത്തിൽ നിന്നും തട്ടിക്കൊണ്ടു പോകുകയുണ്ടായി. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരേ പോലെ സഹായമേകിയിരുന്ന Fr. മൗറാട്, പാൽമീറയിൽ നിന്നുമുള്ള വലിയൊരു ജനപ്രവാഹത്തിന് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരരുടെ ബന്ധനത്തിൽ അകപ്പെട്ടത്. അദ്ദേഹം എവിടെയാണ് എന്നുള്ളത് ഇതേവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ജൂലായ് 26-ലെ പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് Fr. മൗറാടിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ കബ്ബൂർ നദീ പ്രദേശത്തുള്ള ഗ്രാമങ്ങളിൽ ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്തി 220 ക്രിസ്ത്യൻ സഹോദരരെ ബന്ധനസ്ഥരാക്കുകയുണ്ടായി. അതിൽ ഏതാനും പേർ മോചിപ്പിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗത്തിനും എന്തു സംഭവിച്ചു എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.