Seasonal Reflections - 2024
ജോസഫ്: ദൈവ ഭവനത്തിന്റെ കാര്യസ്ഥൻ
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 19-06-2021 - Saturday
സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനയിലെ ശ്ലീഹാക്കാലം നാലാം ശനിയാഴ്ച റംശാ പ്രാർത്ഥനയിലെ ഒനീസാദ് വാസലിക്കേയിൽ അഥവാ രാജഗീതത്തിൽ ശ്ലീഹന്മാരെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:
"സഭയെ നയിച്ചു വിവേകമെഴും
കാര്യസ്ഥർമാർ ശ്ലീഹന്മാർ
കർത്താവിൻ കൃപയവരേകി
സദയം സകല ജനങ്ങൾക്കും ".
ജോസഫ് വർഷത്തിലെ ഇന്നത്തെ ചിന്താവിഷയത്തിൽ സഭയെ നയിക്കുന്ന വിശ്വസ്തനായ കാര്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ കാണാനാണ് എനിക്കിഷ്ടം. ഉണ്ണീശോയെയും മറിയത്തെയും വിവേകത്തോടെ സംരക്ഷിക്കുകയും ദൈവപുത്രന്റെ മനുഷ്യവതാരത്തിൽ വിശ്വസ്തനായ കാര്യസ്ഥനാവുകയും ചെയ്ത യൗസേപ്പിതാവ് പുതിയ നിയമത്തിലെ ദൈവ ഭവനമായ തിരുസഭയുടെ ഏറ്റവും നല്ല കാര്യസ്ഥനായില്ലങ്കിലേ അതിശയമുള്ളു.
വിശുദ്ധ ഗ്രന്ഥ അടിസ്ഥാനത്തിൽ കാര്യസ്ഥന്‍ എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ദൈവത്തെ ഉടയവനായി കരുതുന്ന വ്യക്തിക്ക് ദൈവം കൊടുക്കുന്ന മേല്നോെട്ട പട്ടമാണ് കാര്യസ്ഥൻ പദവി. ഈ ഭൂമിയിലെ ദൈവപുത്രന്റെ ശുശ്രൂഷയുടെ പിൻതുടർച്ചക്കാരായ എല്ലാവരും അനുകരിക്കേണ്ട മാതൃകയും മദ്ധ്യസ്ഥനുമാണ് നസറത്തിലെ യൗസേപ്പിതാവ്.ആ വിശ്വസ്തനായ കാര്യസ്ഥനെ നമുക്കും പിൻതുടരാം.