1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും ആ പെണ്‍കുട്ടി മനോഹരിയും, ആരെയും ആകര്‍ഷിക്കുന്ന നല്ല സ്വഭാവത്തിനുടമയുമായിരുന്നു.
രണ്ടാനമ്മയുടെ ക്രൂരമായ ശിക്ഷണങ്ങള്‍ക്കും അവള്‍ വിധേയയായിരുന്നു. ഇലകലും മരച്ചില്ലകളും നിറഞ്ഞ കോവണിയുടെ ചുവട്ടിലുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്. വേനല്‍കാലത്തും, മഞ്ഞുകാലത്തും അവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് ആടുകളെ മൈതാനത്ത് മേക്കുവാന്‍ കൊണ്ടുപോവുകയും വൈകുന്നേരം വരെ അവയെ നിരീക്ഷിച്ചുകൊണ്ട് അവിടെ കഴിയുകയും ചെയ്തു. അതിനിടക്കുള്ള സമയത്തില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു അവള്‍ക്ക്. അവളോട് പറഞ്ഞിട്ടുള്ള അളവിലുള്ള നൂല്‍ ഉണ്ടാക്കിയില്ലെങ്കില്‍ രണ്ടാനമ്മ കഠിനമായി ശിക്ഷിക്കുമായിരുന്നു.
എന്നാല്‍, മുതിര്‍ന്നവരേപോലെ ആ ഗ്രാമത്തിലെ കുട്ടികള്‍ നിരാലംബയായ ഈ പെണ്‍കുട്ടിയോട് ശത്രുത കാണിച്ചിരുന്നില്ല. ആടുകളെ മേക്കുന്നതിനിടക്ക് നന്മയെകുറിച്ചും, ദൈവസ്നേഹത്തെ കുറിച്ചും അവള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമായിരുന്നു. ഗ്രാമത്തിലെ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷമുള്ള വേദപാഠം മാത്രമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്ന ഏക വിദ്യാഭ്യാസം. അതിലാകട്ടെ വളരെ സന്തോഷപൂര്‍വ്വം അവള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വയലുകളില്‍ ആടുകളെ മേക്കുന്നതിനിടക്കും രാത്രിയില്‍ തൊഴുത്തില്‍ ചിലവഴിക്കുന്നതുമായ നീണ്ട ഏകാന്തതകള്‍ അവള്‍ ദൈവവുമായുള്ള സംവാദത്തില്‍ ചിലവഴിച്ചു. പക്ഷേ ഒരിക്കല്‍ പോലും അവള്‍ തന്റെ കഠിനമായ ജീവിതത്തെകുറിച്ച് പരാതിപ്പെട്ടിട്ടില്ല.
എല്ലാ പ്രഭാതങ്ങളിലും അവള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമായിരുന്നു. പരിശുദ്ധ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധയുടെ പതിവായിരുന്നു. ദേവാലയത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ അവള്‍ക്ക് ഒരു ചെറിയ അരുവി കടക്കേണ്ടതുണ്ടായിരുന്നു. താരതമ്യേന ചെറിയ അരുവിയാണെങ്കിലും കനത്ത മഴ പെയ്തുകഴിഞ്ഞാല്‍ അത് അതിശക്തവും ഭയാനകവുമായ ഒരു ജല പ്രവാഹമായി തീരുമായിരിന്നു. അത്തരം അവസരങ്ങളില്‍ വിശുദ്ധ വരുമ്പോള്‍ അരുവിയിലെ വെള്ളം രണ്ടായി വിഭജിച്ച് മാറുകയും, വിശുദ്ധ വരണ്ട ഭൂമിയിലൂടെ അരുവി മറികടക്കുന്നതും നിരവധി പ്രാവശ്യം ആ ഗ്രാമത്തിലുള്ളവര്‍ അത്ഭുതത്തോടു കൂടി നോക്കി കണ്ടിട്ടുണ്ട്. തന്റെ ആടുകളെ വിട്ട് ദേവാലയത്തില്‍ പോകേണ്ട അവസരങ്ങളില്‍ വിശുദ്ധ തന്റെ കയ്യിലുള്ള വടി തറയില്‍ കുത്തനെ കുത്തി നിര്‍ത്തിയിട്ടായിരുന്നു പോയികൊണ്ടിരുന്നത്. ആടുകളില്‍ ഒരെണ്ണം പോലും ആ വടിയുടെ സമീപത്ത് നിന്നും ദൂരേക്ക് പോകാറില്ലായിരുന്നു.
ഒരു ദിവസം ജെര്‍മൈന്‍ കസിന്‍ ആടുകളെ റോഡിലേക്കിറക്കി കൊണ്ടിരിക്കുന്ന അവസരത്തില്‍ അവളുടെ രണ്ടാനമ്മ വിശുദ്ധയുടെ സമീപത്ത് വന്ന് അവള്‍ അപ്പം മോഷ്ടിക്കുകയും, അത് അവളുടെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പറഞ്ഞ് ശകാരിച്ചു. വിശുദ്ധയാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കുപ്പായത്തിന്റെ മേലങ്കിയുടെ മടക്ക് നിവര്‍ത്തിയപ്പോള്‍ ആ പ്രദേശത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വളരെയേറെ സുഗന്ധം വമിക്കുന്ന പുഷ്പങ്ങളാണ് നിലത്ത് വീണത്. 1601-ല്‍ വിശുദ്ധക്ക് 21-വയസ്സ് പ്രായമുള്ളപ്പോളാണ് അവള്‍ മരണപ്പെടുന്നത്. ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധയുടെ മൃതശരീരം അടക്കം ചെയ്തു.
നാല്‍പ്പത്തി മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അവളുടെ കല്ലറക്ക് സമീപം അവളുടെ ബന്ധുവിന്റെ മൃതദേഹം മറവ് ചെയ്യുവാനായി കല്ലറയുടെ കല്ലുകള്‍ തുറന്നപ്പോള്‍ കുഴിമാന്തുന്നവര്‍ ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. അതി മനോഹരിയായ പെണ്‍കുട്ടിയുടെ മൃതദേഹം യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്, അവരിലൊരാളുടെ മണ്‍വെട്ടി കൊണ്ട് ആ മൃതദേഹത്തിന്റെ മൂക്കിന്റെ തുമ്പ് അല്‍പ്പം മുറിഞ്ഞിട്ടുണ്ടായിരുന്നു, ആ മുറിവില്‍ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു. ആ ഗ്രാമത്തിലെ പ്രായമായ ആളുകളില്‍ ചിലര്‍ ആ മൃതദേഹം ജെര്‍മൈന്‍ കസിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
ഒന്നിന് പിറകെ ഒന്നായി അവിടെ അത്ഭുതങ്ങള്‍ നടന്നു. പിബ്രാക്ക് എന്ന ആ കൊച്ചു ഗ്രാമത്തില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയില്‍ കഴിഞ്ഞിരുന്ന ആ പെണ്‍കുട്ടി 1867-ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പായാല്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പിബ്രാക്കിലെ ദേവാലയത്തിലേക്ക് വര്‍ഷംതോറും ആയിരകണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്.
ഇതര വിശുദ്ധര്‍
1. ഔവേണ്‍ആശ്രമത്തിലെ അബ്രാഹം
2. അഡിലെയിഡ്
3. കൊര്‍ഡോവയിലെ ഒരു വനിതയായ ബെനില്‍ ദിസ്
4. ബൊവെയിസു ബിഷപ്പായ കോണ്‍സ്റ്റന്‍റയിന്‍
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക