News

ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഢനങ്ങളെ പറ്റി 'ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം' തയാറാക്കിയ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

സ്വന്തം ലേഖകന്‍ 13-06-2016 - Monday

റായ്പൂര്‍: ക്രൈസ്തവര്‍ക്കു നേരെ ഛത്തീസ്ഗഡില്‍ നടന്ന നിരവധി അക്രമങ്ങളുടെ സത്യസന്ധമായ വിവരങ്ങള്‍ പുറത്ത്. 'ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം' എന്ന പേരില്‍ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുവാന്‍ നിയമിച്ച സമിതിയുടെതാണ് കണ്ടെത്തലുകള്‍. ക്രൈസ്തവരായ ആളുകള്‍ക്ക് നേരെ നടന്ന നിരവധി ആക്രമണ സംഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. ജൂണ്‍ എട്ടാം തീയതി മുതല്‍ 11 വരെയാണ് സംഘം വിവിധ ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ച് ക്രൈസ്തവരും ആദിവാസികളുമായ ആളുകളില്‍ നിന്നും മറ്റു ഗ്രാമീണരില്‍ നിന്നും നേരിട്ട് തെളിവുകള്‍ സ്വീകരിച്ചത്. രണ്ടു സംഘമായി തിരിഞ്ഞ പീപ്പിള്‍സ് ഫോറം അംഗങ്ങള്‍, 1650-ല്‍ അധികം കിലോമീറ്ററുകള്‍ ഗ്രാമത്തിലൂടെ സഞ്ചരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പോലീസുകാരും പാരാമിലിറ്ററി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ചിലയിടങ്ങളില്‍ ക്രൈസ്തവരുള്‍പ്പെടുന്ന ഗ്രാമവാസികളെ ആക്രമിച്ചിരിക്കുന്നത്. ചില മേഖലകളില്‍ ഗ്രാമപ്രദേശത്തു തന്നെ താമസിക്കുന്ന തീവ്ര ഹൈന്ദവ വാദികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ബസ്താര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തില്‍ അഹിന്ദുക്കള്‍ക്കു ആരാധനാലയങ്ങള്‍ പണിയുവാന്‍ അവകാശമില്ലെന്ന നിയമം പല പഞ്ചായത്തുകളും കൂടി പാസാക്കിയതായി സംഘം കണ്ടെത്തി. ഇത്തരം നിയമങ്ങള്‍ പാസാക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു അവകാശമില്ലെന്ന് ഹൈക്കോടതി നിരവധി തവണ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്.

നേരത്തെ ബാഡിസ്ഗാവോണ്‍ എന്ന ഗ്രാമത്തില്‍ ആരാധനയ്ക്കായി കെട്ടിടം നിര്‍മ്മിക്കുവാന്‍ തുടങ്ങിയ പാസ്റ്ററെ അധികാരികള്‍ തടഞ്ഞിരിന്നു. ഇതേ ഗ്രാമത്തില്‍ തന്നെ ജീവിച്ചിരുന്ന ക്രൈസ്തവയായ വൃദ്ധമാതാവിന്റെയും അവരുടെ ഭര്‍ത്താവിന്റെയും മൃതശരീരങ്ങള്‍ ഗ്രാമത്തില്‍ സംസ്‌കരിക്കുവാന്‍ അനുവദിക്കില്ലെന്നു ബജ്‌റങ്കി ദള്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി. കുരിശു വയ്ക്കാതെയുള്ള ശവമഞ്ചത്തിലാണ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ മൃതശരീരങ്ങള്‍ എത്തിച്ചത്. ഇനിയും ക്രൈസ്തവര്‍ ഗ്രാമത്തില്‍ മരിച്ചാല്‍ അവരെ സംസ്‌കരിക്കുവാന്‍ അനുവദിക്കില്ലെന്നും ഹൈന്ദവ സംഘടനകളുടെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറത്തിന്റെ കണ്ടെത്തലുകളില്‍ പറയുന്നു.

ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച 25-ല്‍ അധികം വരുന്ന ഹൈന്ദവ തീവ്രവാദ സംഘടനയിലെ ആളുകള്‍ അംമ്പികാപൂര്‍ ജില്ലയിലെ ദേവാലയം തകര്‍ത്തിരിന്നു. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ചു. ഈ സംഭവം മറ്റു ക്രൈസ്തവരിലും ഭീതി ഉളവാക്കിയിട്ടുണ്ട്. പാസ്റ്ററേയും ഭാര്യയേയും മറ്റു മൂന്നു വിശ്വാസികളേയും മര്‍ദിച്ച് അവശരാക്കിയ സംഘം അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഇവരെ കെട്ടിവലിച്ചുകൊണ്ടു പോയി. നീതി നിര്‍വഹണം നടത്തേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നിരപരാധികളായ പാസ്റ്ററേയും സംഘത്തേയും മണിക്കൂറുകള്‍ തടഞ്ഞുവച്ചു. മറ്റുള്ളവരെ വിട്ടയച്ച പോലീസ് ഉദ്യോഗസ്ഥര്‍ പാസ്റ്ററെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

സിരിസ്ഗൂഡ എന്ന ഗ്രാമത്തില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്രൈസ്തവര്‍ക്ക് നല്‍കുവാന്‍ പാടില്ലെന്ന വിലക്ക് ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതേ തുടര്‍ന്ന് പാവപ്പെട്ട ക്രൈസ്തവരായ ഗ്രാമവാസികള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും മുടങ്ങിയ അവസ്ഥയിലാണ്. പലരും പട്ടിണി മൂലം ക്ഷീണം അനുഭവിക്കുന്നതായും പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ കണ്ടെത്തി. ഗ്രാമത്തില്‍ നിന്നും ആംബുലന്‍സില്‍ ക്രൈസ്തവരെ ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനും വിലക്കുള്ളതായും സംഘം പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹൈന്ദവരായാല്‍ എല്ലാവിധ സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകുമെന്നും ഹൈന്ദവ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഗ്രാമവാസികള്‍ തയ്യാറല്ല.

പോലീസ് ഉദ്യോഗസ്ഥരും സൈന്യവും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ്. മാവോയിസ്റ്റുകള്‍ ആണെന്ന വ്യാജ കുറ്റം ചുമത്തിയാണ് ഇവര്‍ ഗ്രാമീണരായ സ്ത്രീകളേയും പെണ്‍കുട്ടികളേയും മാനഭംഗപ്പെടുത്തുന്നത്. മധ്യപ്രദേശ്, ബംഗാള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാക്കളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് ക്രൈസ്തവര്‍ക്കു നേരെയും ഗ്രാമീണര്‍ക്കു നേരെയും നടക്കുന്ന ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്.


Related Articles »